മോദിയുടെ നോട്ട് നിരോധനം ഇല്ലാതാക്കിയത് 50 ലക്ഷം പേരുടെ തൊഴില്‍ 
ചിത്രത്തിന് കടപ്പാട് the wire 

മോദിയുടെ നോട്ട് നിരോധനം ഇല്ലാതാക്കിയത് 50 ലക്ഷം പേരുടെ തൊഴില്‍ 

ഇന്ത്യയില്‍ നിന്ന് കള്ളംപ്പണം തുടച്ചുനീക്കാനായി കൊണ്ടുവന്ന നോട്ട് നിരോധനം രാജ്യത്ത് തൊഴില്‍ നഷ്ടങ്ങള്‍ക്ക് ആക്കംകൂട്ടിയെന്ന് റിപ്പോര്‍ട്ട്. അസീം പ്രേംജി സര്‍വ്വകലാശാല പുറത്തിറക്കിയ സര്‍വ്വേയിലാണ് 2016ല്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം രണ്ടു വര്‍ഷം കൊണ്ട് ഏകദേശം അമ്പത് ലക്ഷംപേരുടെ തൊഴില്‍ നഷ്ടമാക്കിയതെന്ന് വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ ഉന്നതവിദ്യാഭ്യാസമുള്ളവരിലെ തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചു. തൊഴില്‍ ലഭ്യതയില്ലാതെ വലഞ്ഞവരില്‍ സ്ത്രീകളുടെ സാന്നിധ്യം വളരെയേറെയാണെന്നും സ്റ്റേറ്റ് ഓഫ് വര്‍ക്കിങ് ഇന്ത്യ 2019 എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

2011 മുതല്‍ക്കാണ് രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നത്. നോട്ട് നിരോധനം കൂടി വന്നതോടെ അവസ്ഥ കഠിനമാകുകയായിരുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ദി ഇന്ത്യന്‍ ഇക്കോണമിയുടെ( CMIE-CPDX ) പഠനത്തില്‍ നിന്നുകൂടി വിവര ശേഖരണം നടത്തിയാണ് അസീം പ്രേംജി സര്‍വ്വകാലാശാല റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 45 വര്‍ഷത്തിനിടയില്‍ തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന ശതമാനം രേഖപ്പെടുത്തിയ കാലയളവ് 2017-18 ആണെന്നാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. 20 നും 24നും ഇടയിലുള്ള വിദ്യാസമ്പന്നരായ യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ ഉയര്‍ന്ന നിരക്കിലാണ്. നഗരങ്ങളില്‍ 60 ശതമാനത്തോളം പേരാണ് തൊഴിലില്ലായ്മയോ തൊഴില്‍ അസ്ഥിരതയോ നേരിടുന്നത്. വിദ്യാസമ്പന്നരില്‍ നിന്നും അധികം വ്യത്യസ്തരല്ല വിദ്യാഭ്യാസം കുറഞ്ഞവരുടെയും അവസ്ഥ. 2016 മുതല്‍ അസംഘടിത തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരും കടുത്ത തൊഴില്‍ അസ്ഥിരതയാണ് നേരിടുന്നത്. സ്ത്രീകള്‍ രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നുവെന്നും ഇവരുടെ തൊഴില്‍ പങ്കാളിത്തം കുറയുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

2017-18 വര്‍ഷങ്ങളില്‍രാജ്യത്തെ 1,60,000 കുടുംബങ്ങളെയും 5,22,000 വ്യക്തികളെയും ഉള്‍പ്പെടുത്തി സര്‍വ്വേ നടത്തിയാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ദി ഇന്ത്യന്‍ ഇക്കോണമി നോട്ട് നിരോധനത്തിന്റെ അനന്തരഫരം ജനങ്ങളുടെ തൊഴിലിനെ എങ്ങനെ ബാധിച്ചുവെന്ന് കണ്ടെത്തിയത്. 2015ല്‍ അഞ്ച് ശതമാനം ആയിരുന്ന തൊഴിലില്ലായ്മ നിരക്ക് 2018ഓടെ ആറ് ശതമാനം ആയി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ തൊഴിലില്ലായ്മ നിരക്ക് അതിന്റെ പാരമ്യത്തില്‍ എത്തുകയായിരുന്നു.

500,1000 രൂപയുടെ നോട്ടുകളുടെ ഉപയോഗവും അച്ചടിയും നിര്‍ത്തലാക്കിക്കൊണ്ട് 2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നത്. കള്ളപ്പണം കണ്ടെത്തുന്നതിനുള്ള ഏറ്റവും പ്രായോഗിക മാര്‍ഗമെന്ന നിലയിലാണ് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതെങ്കിലും അത് എത്രമാത്രം വിജയകരമായി എന്നു വ്യക്തമായി പറയാന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. നോട്ട് നിരോധനം രാജ്യത്തെ സാധാരണക്കാരായ മനുഷ്യര്‍ക്കാണ് അങ്ങേയറ്റം ബുദ്ധിമുട്ടുണ്ടാക്കിയത്. തൊഴിലില്ലായ്മയാണ് അതിന്റെ ബാക്കി പത്രം എന്ന എതിര്‍ വാദങ്ങളെ അടിവരയിടുകയാണ് ഈ സര്‍വ്വേയും. ഈ ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ ചോദ്യവും നോട്ട് നിരോധനവും അതിന്റെ ഫലങ്ങളും തന്നെയാണ്

scroll.in പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ നിന്നാണ് ഉള്ളടക്കം

Related Stories

No stories found.
logo
The Cue
www.thecue.in