‘ക്യാപ്റ്റന്‍’ പിണറായിയും പ്രതിരോധത്തിലാകും,16 മന്ത്രിമണ്ഡലങ്ങളിലും തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ് 

‘ക്യാപ്റ്റന്‍’ പിണറായിയും പ്രതിരോധത്തിലാകും,16 മന്ത്രിമണ്ഡലങ്ങളിലും തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ് 

ദേശീയ തലത്തില്‍ നിലംപരിശായെങ്കിലും കേരളത്തില്‍ പ്രതീക്ഷയ്ക്കപ്പുറമുള്ള വിജയമാണ് കോണ്‍ഗ്രസിനുണ്ടായത്. 20 ല്‍ 19 സീറ്റും നേടിയായിരുന്നു യുഡിഎഫ് കുതിപ്പ്. എ എം ആരിഫിലൂടെ ആലപ്പുഴയിലെ അട്ടിമറി മാത്രമാണ് ഇടതുമുന്നണിയുടെ ആശ്വാസവിജയം. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പ്രചരണം നയിച്ച തെരഞ്ഞെടുപ്പിലാണ് സിപിഎമ്മിന് ഇത്രമേല്‍ കനത്ത തിരിച്ചടിയുണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പാണെങ്കിലും സംസ്ഥാനത്തെ ഇടതുസര്‍ക്കാരും വിലയിരുത്തപ്പെടുമെന്ന് സിപിഎം പിബി അംഗം എംഎ ബേബി വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ വിധിയെഴുത്തുമാണ് തെരഞ്ഞെടുപ്പ് ഫലം.

2009 ലെ യുഡിഎഫ് തരംഗത്തില്‍ ഇളകാതിരുന്ന ഉറച്ച കോട്ടകളായ കാസര്‍കോട്, ആലത്തൂര്‍, പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലടക്കം സിപിഎമ്മിന് അടിതെറ്റി. ഇവിടങ്ങളില്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചുകയറിയത്. 20 ല്‍ 16 മന്ത്രിമാരുടെ മണ്ഡലങ്ങളിലും യുഡിഎഫിനാണ് ലീഡ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടം, വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പ്രതിനിധീകരിക്കുന്ന മട്ടന്നൂര്‍, ഇ ചന്ദ്രശേഖരന്റെ കാഞ്ഞങ്ങാട്, പി തിലോത്തമന്റെ ചേര്‍ത്തല, എന്നിവിടങ്ങളിലൊഴികെ മറ്റെല്ലായിടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് ഭൂരിപക്ഷം. കണ്ണൂര്‍, ചിറ്റൂര്‍, കുന്ദംകുളം, കുണ്ടറ, എന്നീ മന്ത്രിമണ്ഡലങ്ങളില്‍ യുഡിഎഫ് ഭൂരിപക്ഷം ഇരുപതിനായിരത്തിന് മുകളിലാണ്.

2016 ല്‍ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയന്‍ ധര്‍മ്മടത്ത് വിജയിച്ചത്. എന്നാല്‍ കെ സുധാകരനെതിരെ പികെ ശ്രീമതിക്ക് ഇവിടെ 4099 വോട്ട് മാത്രമാണ് അധികം നേടാനായത്. 2016 ല്‍ തോമസ് ഐസക് 31,032 വോട്ടുകള്‍ക്കാണ് ആലപ്പുഴ പിടിച്ചത്. ഇവിടെ ഷാനിമോള്‍ ഉസ്മാന്‍ 69 വോട്ടിന് ലീഡ് ചെയ്തു. അമ്പലപ്പുഴയില്‍ ജി സുധാകരന്‍ 22621 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിയമസഭയിലെത്തിയത്. എന്നാല്‍ ഇവിടെ ഷാനിമോള്‍ 638 വോട്ടിന് മുന്നിലെത്തി. എകെ ബാലന്റെ മണ്ഡലായ തരൂരില്‍ 24,839 വോട്ടാണ് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ ഭൂരിപക്ഷം. 140 മണ്ഡലങ്ങളില്‍ 91 ഇടത്ത് വിജയവുമായാണ് ഇടതുമുന്നണി സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ 16 നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍ഡിഎഫിന് ഭൂരിപക്ഷമുള്ളത്. 123 ഇടങ്ങളില്‍ യുഡിഎഫ് ഒന്നാമതെത്തി. നേമം മണ്ഡലത്തില്‍ ബിജെപിയാണ് ഒന്നാമത്.

സിപിഎം വാദം മുഖവിലയ്‌ക്കെടുക്കാതെ വോട്ടര്‍മാര്‍

ബിജെപിയെ നേരിടാന്‍ ഏറ്റവും കരുത്തുള്ള പാര്‍ട്ടിയെന്ന സിപിഎം വാദം വോട്ടര്‍മാര്‍ മുഖവിലയ്‌ക്കെടുത്തില്ല. ലോക്‌സഭയുടെ സെമി ഫൈനലായി വിലയിരുത്തപ്പെട്ട 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഝത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസാണ് ബിജെപിയെ ദേശീയ തലത്തില്‍ നേരിടാന്‍ യുക്തമായ പാര്‍ട്ടിയെന്ന തോന്നല്‍ വിശേഷിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിലുണ്ടായി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ ഉണ്ടായേക്കുമെന്ന് ചിന്ത രൂപപ്പെട്ടു. ഇത്തരത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഇത്തവണ യുഡിഎഫിന് അനുകൂലമായി. 2016 ല്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം എല്‍ഡിഎഫിനെയാണ് തുണച്ചത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കപ്പെട്ടിരുന്നു.

ജനവിധിയില്‍ നിഴലിച്ച് പിണറായി സര്‍ക്കാരിനോടുള്ള വിയോജിപ്പ്

വിവിധ വിഷയങ്ങളില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ച നയനിലപാടുകളോടുള്ള ജനങ്ങളുടെ വിയോജിപ്പ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നുവേണം കരുതാന്‍. നിലപാടില്‍ ചാഞ്ചല്യമില്ലാതെ ശബരിമലയിലെ യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായി ഇടപെട്ടു. നവോത്ഥാന സന്ദേശം പടര്‍ത്താന്‍ വനിതാ മതിലുള്‍പ്പെടെ പുരോഗമന നടപടികള്‍ സ്വീകരിച്ചു. നാല് വോട്ടിന് വേണ്ടി നിലപാടില്‍ നിന്ന് പിന്നോക്കം പോകാനില്ലെന്ന ഉറച്ച നിലപാടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റേത്. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിനെ പിന്‍തുണച്ച വിഭാഗങ്ങളുടെ വോട്ട് സമാഹരിക്കുന്നതില്‍ മുന്നണി പരാജയമായി. സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രചണ്ഡ പ്രചാരണത്തില്‍ വലിയ വിഭാഗം ഹിന്ദു വോട്ടര്‍മാര്‍ സ്വാധീനിക്കപ്പെട്ടു. ഇത്തരത്തില്‍ ജനവിധിയില്‍ വിശ്വാസികളുടെ നിലപാട് നിഴലിച്ചു. ശബരിമലയ്ക്ക് സമാനമായി ന്യൂനപക്ഷ ആരാധനാലയങ്ങളിലും സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന കോണ്‍ഗ്രസിന്റെ പ്രചരണം അവര്‍ക്കനുകൂല വോട്ടായി.

നിര്‍ണ്ണായക ഘടമായി പ്രളയം

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ്, പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന തരത്തില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്തുവന്നത്. ഡാം മാനേജ്‌മെന്റില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. മുന്നറിയിപ്പില്ലാതെയാണ് ഡാമുകള്‍ തുറന്നതെന്ന വിവരങ്ങള്‍ പുറത്തുവന്നു. ഇത് പ്രളയബാധിത മേഖലകളില്‍ കടുത്ത ജനരോഷത്തിനിടയാക്കി. ഒപ്പം പ്രളയപുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതും സര്‍ക്കാരിന് തിരിച്ചടിയായി. പ്രഖ്യാപിക്കപ്പെട്ട നിലയില്‍ പുനരധിവാസവും വീടുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കാനാകാതിരുന്നത് സര്‍ക്കാരിന് തിരിച്ചടിയായി. മധ്യകേരളത്തിലെ കുത്തക മേഖലകളില്‍ പോലും സിപിഎമ്മിന് അടിതെറ്റാന്‍ പ്രളയം നിര്‍ണ്ണായക ഘടകമായി. വയനാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി, ജില്ലകളില്‍ പ്രളയം കനത്ത നാശം വിതച്ചിരുന്നു. ഇവിടങ്ങളില്‍ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നേരിട്ടു.

കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്ത്

പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് കാസര്‍കോട്ട് ശരത്‌ലാല്‍, കൃപേഷ് എന്നീ യൂത്ത് കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെട്ടത്. സിപിഎം പ്രാദേശിക നേതൃത്വമാണ് കൊലപാതകത്തിന് പിന്നിലെന്ന് വെളിപ്പെട്ടു. കണ്ണൂരില്‍ ശുഹൈബ് എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലും സിപിഐഎം ആണ് പ്രതിസ്ഥാനത്ത് വന്നത്. രണ്ട് കൊലപാതക കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട പി ജയരാജനെ സിപിഎം വടകരയില്‍ സ്ഥാനാര്‍ത്ഥിയായതും യുഡിഎഫ് പ്രചരണ ഘട്ടത്തില്‍ കാര്യമായി ഉപയോഗിച്ചു. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ശരത് ലാലിന്റെയും കൃപേഷിന്റെയും ചിത്രങ്ങളുപയോഗിച്ചാണ് യുഡിഎഫ് പ്രചരണം നടത്തിയത്. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ സിപിഎമ്മിന് പ്രഹരമേല്‍ക്കാന്‍ ഇത് നിര്‍ണ്ണായക കാരണമായി.

പിണറായി ഭരണവും വിലയിരുത്തപ്പെട്ടു

മൂന്ന് വര്‍ഷം പിന്നിട്ട സര്‍ക്കാരിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നത് മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിന്റെ വീഴ്ചകള്‍ക്കാണ്. സംസ്ഥാനത്ത് ഇക്കാലയളവില്‍ 22 രാഷ്ട്രീയ കൊലപാതകങ്ങളാണുണ്ടായത്. വരാപ്പുഴയിലെ ശ്രീജിത്തിന്റേതടക്കം കസ്റ്റഡി മരണങ്ങള്‍ പൊലീസിന്റെ ഗുരുതര വീഴ്ചയായി. വിവിധ ആരോപണങ്ങളെ തുടര്‍ന്ന് ഇ പി ജയരാജന്‍, എകെ ശശീന്ദ്രന്‍, തോമസ് ചാണ്ടി എന്നീ മന്ത്രിമാര്‍ക്ക് രാജിവെയ്‌ക്കേണ്ടിവന്നു. ഇടവേളയ്ക്ക് ശേഷം ക്ലീന്‍ചിറ്റ് നല്‍കി ഇപിയെയും എകെ ശശീന്ദ്രനെയും തിരിച്ചെടുത്തതും വിവാദമായിരുന്നു. അഴിമതിക്കെതിരെ കര്‍ശന നിലപാടെടുത്ത ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിനെ ബലിയാടാക്കിയതും സര്‍ക്കാരിന്റെ വീഴ്ചയായി വിലയിരുത്തപ്പെട്ടു. യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെസിബിസിയടക്കം പ്രതിഷേധമുയര്‍ത്തി. ബ്രൂവെറി അനുവദിച്ചതില്‍ അഴിമതിയാരോപണമുയര്‍ന്നു. ഇതോടെ സര്‍ക്കാരിന് കരാര്‍ റദ്ദാക്കേണ്ടി വന്നു. ഓഖി ഫണ്ട് വഴിമാറ്റിച്ചെലഴിച്ചെന്ന ആരോപണങ്ങള്‍ തീരദേശ മേഖലകളില്‍ കടുത്ത എതിര്‍പ്പിന് വഴിയൊരുക്കി. ഓഖി ഫണ്ടുപയോഗിച്ച് പിണറായി വിജയന്‍ ഹെലികോപ്റ്റര്‍ യാത്ര നടത്തിയെന്ന ആരോപണം സര്‍ക്കാരിന് തീരാക്കളങ്കമായി. ഇത്തരം ഘടകങ്ങളും ഇടതുമുന്നണിക്ക് തിരിച്ചടിയായി.

ശൈലി മാറ്റാതെ പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ കടുംപിടുത്ത നിലപാടുകളും സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയിരുന്നു. കടക്ക് പുറത്തെന്നടക്കമുള്ള പ്രയോഗങ്ങളിലൂടെ പലകുറി മാധ്യമങ്ങളെ പിണറായി കടന്നാക്രമിച്ചിരുന്നു. പരനാറി എന്നതുള്‍പ്പെടെയുള്ള പ്രയോഗങ്ങള്‍ തെറ്റായെന്ന് തോന്നിയിട്ടില്ലെന്ന നിലപാടുകളും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പിണറായി വിജയന്‌ ഏകാധിപത്യ പ്രവണതയാണെന്ന ആക്ഷേപം സിപിഐ അടക്കം മുന്നണിക്കകത്തുതന്നെ വിമര്‍ശനമുയര്‍ത്തി. എന്തായാലും,സമീപകാല ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധമുള്ള തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സിപിഎം ശൈലീമാറ്റത്തിന് തയ്യാറാകുമോയെന്നാണ് ഇനിയറിയേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in