ഇന്ത്യയില്‍ ഉടനടി ബുര്‍ഖ നിരോധിക്കണമെന്ന് മോദിയോട് ശിവസേന, ‘രാവണന്റെ നാട്ടില്‍ ബുര്‍ഖ നിരോധിക്കാമെങ്കില്‍ രാമന്റെ നാട്ടില്‍ പറ്റില്ലേ?’
google images

ഇന്ത്യയില്‍ ഉടനടി ബുര്‍ഖ നിരോധിക്കണമെന്ന് മോദിയോട് ശിവസേന, ‘രാവണന്റെ നാട്ടില്‍ ബുര്‍ഖ നിരോധിക്കാമെങ്കില്‍ രാമന്റെ നാട്ടില്‍ പറ്റില്ലേ?’

മുസ്ലിം വിരുദ്ധ മുഖപ്രസംഗവുമായി സാമ്‌ന

ഭീകരാക്രമണത്തിന് പിന്നാലെ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയും ഹിജാബും ഉള്‍പ്പെടെയുള്ള മുഖാവരണങ്ങള്‍ ശ്രീലങ്ക നിരോധിച്ചത് പോലെ ഇന്ത്യയിലും ബുര്‍ഖാ നിരോധനം നടപ്പാക്കണമെന്ന ആവശ്യവുമായി എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി ബുര്‍ഖ നിരോധനം അടിയന്തരമായി നടപ്പാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സേന ആവശ്യപ്പെട്ടു. ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ ബുധനാഴ്ചത്തെ എഡിറ്റോറിയലില്‍ ആണ് ബുര്‍ഖ നിരോധന ആവശ്യം.

രാവണന്റെ രാജ്യമായ ശ്രീലങ്കയ്ക്ക് ബുര്‍ഖ നിരോധിക്കാനാകുമെങ്കില്‍ രാമരാജ്യമായ ഇന്ത്യക്ക് എന്ത്് കൊണ്ട് ഇത് സാധിക്കില്ലെന്നാണ് സേനയുടെ ചോദ്യം. എന്‍ഡിഎയില്‍ തുടരവേ തന്നെ ഹിന്ദുത്വ നിലപാടുകളിലും മോദി വിമര്‍ശനത്തിലൂടെയും ബിജെപിയെ നിരന്തരം പ്രതിരോധത്തിലാക്കുന്ന സഖ്യകക്ഷിയുമാണ് ശിവസേന. നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലി അയോധ്യയില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ശിവസേന തീവ്രഹിന്ദുത്വ നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്.

ആളുകള്‍ മുഖാവരണവുമായി പൊതുസ്ഥലങ്ങളില്‍ വരുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. ബുര്‍ഖാ നിരോധനമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിശോധക സംഘത്തിനും ആളുകളെ തിരിച്ചറിയാനുള്ള എളുപ്പമാര്‍ഗ്ഗം. സര്‍ജ്ജിക്കല്‍ സ്‌ട്രെക്ക് എന്ന നിലയ്ക്ക് നിരോധനം വേണമെന്നാണ് സേനയുടെ ആവശ്യം. ഒറ്റരാത്രി കൊണ്ട് ബുര്‍ഖയും മുഖാവരണവും നിരോധിക്കാന്‍ പൊതുസ്ഥലങ്ങളില്‍ നിരോധിക്കാന്‍ ശ്രീലങ്കന്‍ പ്രസിഡന്റിന് കഴിഞ്ഞത് അദ്ദേഹത്തിന്റെ ധൈര്യം വ്യക്തമാക്കുന്നതാണെന്നും സാമ്‌ന മുഖപ്രസംഗം.

അടിമുടി മുസ്ലീം വിരുദ്ധത നിറഞ്ഞതുമാണ് സാമ്‌നയിലെ മുഖപ്രസംഗം. ഇസ്ലാം മതവിശ്വാസികളില്‍ പലര്‍ക്കും മതത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ എന്താണെന്ന് അറിയില്ല. ബുര്‍ഖ പോലുള്ള പരമ്പരാഗാത ആചാരങ്ങളിലും ബഹുഭാര്യാത്വത്തിലും ട്രിപ്പിള്‍ തലാഖിലുമൊക്കെ അവര്‍ കുടുങ്ങിയിരിക്കുകയാണ്. ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ ഇസ്ലാം അപകടത്തിലാണെന്ന തരത്തില്‍ അവര്‍ പ്രചരണം നടത്തുമെന്നും സാ്മന. ദേശീയതയെക്കാള്‍ മതത്തിന് പ്രാധാന്യം കല്‍പ്പിക്കുന്നവരാണ് മുസ്ലീങ്ങളെന്നും ശിവസേന.

സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നതും പുരുഷന്‍മാര്‍ താടി നീട്ടി വളര്‍ത്തുന്നതും തുര്‍ക്കി അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ മുമ്പ് നിരോധിച്ചിട്ടുണ്ടെന്നും സാമ്‌ന. എല്‍ടിടിഇ ഭീകരതയില്‍ നിന്ന് മോചിതമായ ശ്രീലങ്ക ഇന്ത്യയെ പോലെ ഇസ്ലാമിക ഭീകരതയുടെ പിടിയിലാണെന്നും മുഖപ്രസംഗം പറയുന്നുണ്ട്. തീവ്ര ഹിന്ദുത്വ സംഘടനയാ ഹിന്ദു സേന ബുര്‍ഖാ നിരോധനം ഇന്ത്യയില്‍ നടപ്പാക്കണമെന്ന ആവശ്യവുമായി ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. പൊതുസ്ഥലങ്ങള്‍ക്കൊപ്പം ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും നിരോധനം നടപ്പാക്കണമെന്നായിരുന്നു ഹിന്ദു സേനയുടെ ആവശ്യം.

ബുര്‍ഖ നിരോധിക്കണമെന്ന സ്വകാര്യ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ലങ്കയില്‍ നിരോധനം നടപ്പാക്കിയത്. എം പിയായ ആഷു മരസിംഗയാണ് പാര്‍ലമെന്റില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. മുസ്ലിം പണ്ഡിതന്‍മാരുടെ സംഘടനയായ ആള്‍ സിലോണ്‍ ജമാഅത്തുല്‍ ഉലമയും ബുര്‍ഖയും പര്‍ദ്ദയും ധരിക്കരുതെന്ന് സ്ത്രീകളോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 21ന് നടന്ന സ്ഫോടന പരമ്പരകളില്‍ 253 പേരാണ് കൊല്ലപ്പെട്ടത്.

സ്ഫോടന പരമ്പരകളും അറസ്റ്റും മുസ്ലീം വാസകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷങ്ങളും ശ്രീലങ്കയിലെ മുസ്ലിം വിഭാഗങ്ങളെ കടുത്ത അരക്ഷിതാവസ്ഥയിലാക്കിയിരിക്കുകയാണെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പകല്‍ സമയത്ത് പോലും ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ്. ഭയം കാരണം മുസ്ലിം സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നില്ലെന്നും കുട്ടികളെ കളിക്കാന്‍ പുറത്ത് വിടുന്നില്ലെന്നും ഇന്ത്യാ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാകുമോയെന്ന ഭീതിയിലാണ് ശ്രീലങ്കയിലെ മുസ്ലിങ്ങളെന്നും കുടുംബത്തോടെ പലായനം ചെയ്യുന്നതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും വീടുകളില്‍ വെച്ച് പ്രാര്‍ത്ഥന നടത്തിയാല്‍ മതിയെന്നും മുസ്ലിം സംഘടനകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിക്കുന്ന 140 പേരുണ്ടെന്നാണ് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞത്. ഇതില്‍ 70 പേരെ അറസ്റ്റു ചെയ്തു. അവശേ,ിക്കുന്നവരെ കൂടി പെട്ടെന്ന് അറസ്റ്റ് ചെയ്ത് ഭീകരവാദത്തിന് അറുതി വരുത്തുമെന്നും അദ്ദേഹം രാജ്യത്തിന് ഉറപ്പ് കൊടുത്തിരുന്നു.

ഉത്തര്‍പ്രദേശില്‍ ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ പരിശോധിക്കണമെന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ആവശ്യപ്പെട്ട് വലിയ വിവാദമായിരുന്നു. 2017ലെ തെരഞ്ഞെടുപ്പിലായിരുന്നു ഈ ആവശ്യം. ബിജെപി പരാജയഭീതിയിലാണ് ഈ ആവശ്യം ഉന്നയിച്ചതെന്നയാരുന്നു സാമനയിലൂടെ അന്ന് ശിവസേന നല്‍കിയ മറുപടി.

Related Stories

No stories found.
logo
The Cue
www.thecue.in