കടലാക്രമണമേഖലയിലുള്ള മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കും; പദ്ധതിയിലുള്ളത് പതിനെട്ടായിരത്തിലധികം പേര്‍

കടലാക്രമണമേഖലയിലുള്ള മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കും; പദ്ധതിയിലുള്ളത് പതിനെട്ടായിരത്തിലധികം പേര്‍

കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശത്തെ 18,865 മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഒരുലക്ഷത്തോളം പേരെ സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിക്കും. ഒമ്പത് ജില്ലകളിലാണ് പദ്ധതി. ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ പദ്ധതിരേഖ സര്‍ക്കാറിന് സമര്‍പ്പിച്ചു. ഇത് മന്ത്രിസഭാ യോഗം അംഗീകരിക്കണം.

ഭൂമി വാങ്ങി വീട് നിര്‍മ്മിക്കുന്നതിനായി ഓരോ കുടുംബത്തിനും പത്ത് ലക്ഷം രൂപ വീതം അനുവദിക്കും.8502 കുടുംബങ്ങളാണ് മാറി താമസിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചിട്ടുള്ളത്. 2021 കോടി രൂപയാണ് പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമുള്ളത്. റീബില്‍ഡ് കേരള പദ്ധതിയില്‍ നിന്നും 1398 കോടി രൂപ അനുവദിക്കും. 623 കോടി ബജറ്റില്‍ വകയിരുത്തും.

മൂന്ന് വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നത്. 8487 കുടുംബങ്ങളെ ആദ്യഘട്ടത്തില്‍ പുനരധിവസിപ്പിക്കും. വീട് നിര്‍മ്മാണം പലഘട്ടങ്ങളിലായി മുടങ്ങിയ 1788 കുടുംബങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തും. ഫ്‌ളാറ്റ് സമുച്ചയങ്ങളിലേക്ക് മാറാന്‍ താല്‍പര്യമുള്ളവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 78.20 കോടി രൂപ ചിലവിട്ട് 92 ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് നിര്‍മ്മിക്കുന്നത്. ഫിഷറീസ്, റവന്യൂവകുപ്പ് മന്ത്രിമാര്‍ ഉള്‍പ്പെട്ട ഉന്നതതല സമിതിക്കാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. കുടുംബങ്ങളെ മാറ്റിയതിന് ശേഷം തീരസംരക്ഷണത്തിനായി പദ്ധതി നടപ്പാക്കും.

Related Stories

No stories found.
logo
The Cue
www.thecue.in