ഒറ്റ രാത്രിയില്‍ 56 ടണ്‍ ഭാരമുള്ള പാലം കാണാതായി, കള്ളന്‍മാര്‍ 23 മീറ്റര്‍ മുറിച്ചെടുത്തു മുങ്ങിയോ എന്നറിയാതെ അന്തംവിട്ട് റഷ്യ

ഒറ്റ രാത്രിയില്‍ 56 ടണ്‍ ഭാരമുള്ള പാലം കാണാതായി, കള്ളന്‍മാര്‍ 23 മീറ്റര്‍ മുറിച്ചെടുത്തു മുങ്ങിയോ എന്നറിയാതെ അന്തംവിട്ട് റഷ്യ

റഷ്യയില്‍ 56 ടണ്‍ ഭാരമുള്ള റെയില്‍വേ പാലം ഒറ്റ രാത്രി കൊണ്ട് കാണാതായി. ഉമ്പാ പാലത്തിന് മുകളിലുള്ള 23 മീറ്റര്‍ നീളമുള്ള പാലം തകര്‍ന്നു വീണതിന്റെ ലക്ഷണമില്ല. പാലത്തിന്റെ അവശിഷ്ടങ്ങള്‍ മഷിയിട്ടു നോക്കിയിട്ടും കണ്ടെത്താനുമായിട്ടില്ല. ഇതോടെ റഷ്യയിലെ കുപ്രസിദ്ധരായ ഉരുക്കുമോഷ്ടാക്കള്‍ പാലം മുറിച്ചെടുത്ത് മുങ്ങിയതാണെന്ന സംശയം ബലപ്പെടുകയാണ്.

ഒറ്റ രാത്രി കൊണ്ട് പാലം കാണാതായതിന്റെ അമ്പരപ്പിലാണ് റഷ്യയിലെ ഉള്‍നാടന്‍ പ്രദേശമായ മുര്‍മാന്‍സ്‌കിലെ ഗ്രാമവാസികള്‍. സോഷ്യല്‍ മീഡിയയിലാകെ മുറിച്ചു മാറ്റിയ തരത്തിലുള്ള പാലത്തിന്റെ ചിത്രം പ്രചരിക്കുകയാണ്. സംഭവം ചര്‍ച്ചയായതോടെ അന്വേഷണം പ്രഖ്യാപിച്ചു സര്‍ക്കാര്‍.

മേയ് 16 മുതലാണ് റഷ്യയിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ ചിത്രങ്ങളും വീഡിയോയും പ്രചരിച്ച് തുടങ്ങിയത്. സ്വാഭാവികമായ പ്രകൃതിയുടെ പ്രതിഭാസങ്ങളൊന്നുമല്ല പാലം കാണാതായതിന് പിന്നിലെന്ന് സോഷ്യല്‍ മീഡിയ ഉറപ്പിച്ച് പറയുന്നു. ഉരുക്കു മോഷ്ടാക്കള്‍ പാലം മുറിച്ച് നദിയിലൂടെ കൊമ്ടുപോയതാകാമെന്നാണ് ഭൂരിഭാഗം പേരും സംശയിക്കുന്നത്.

പ്രാഥമിക കണക്കെടുപ്പില്‍ 6,00000 റൂബിള്‍സിന്റെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്, ഏകദേശം 64 ലക്ഷത്തിലധികം രൂപയുടെ നഷ്ടം. ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു കുറച്ചുനാളുകളായി ഈ റെയില്‍വേ പാളങ്ങള്‍.

റഷ്യയിലെ പ്രാദേശിക പത്രങ്ങള്‍ പറയുന്നത് ഇത്തരത്തില്‍ ഉരുക്ക് മോഷണം പോകുന്ന ആദ്യത്തെ സംഭവമല്ല ഇതെന്നാണ്. 2008ല്‍ 200 ടണ്‍ ഭാരമുള്ള ഉരുക്ക് പാലം മോഷ്ടിച്ച കള്ളന്‍മാരെ റഷ്യന്‍ പൊലീസ് പിടിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in