മോദി ധ്യാനത്തിലിരുന്ന ഗുഹയ്ക്ക് വാടക 990 രൂപ, വാടക കുറച്ചത് ടൂറിസ്റ്റുകളില്ലാത്തതിനാല്‍
ഉത്തരഘണ്ഡിലെ കേദാര്‍നാഥിനടുത്തുള്ള രുദ്ര ഗുഹയില്‍ ധ്യാനത്തിന് പോകാന്‍ 990 രൂപ മുടക്കിയാല്‍ മതി. ആധുനിക സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഗുഹ നിര്‍മ്മിച്ചത്. കേദാര്‍നാഥിന് ഒരു കിലോ മീറ്റര്‍ അകലെ ധ്യാനത്തിനായി ഗുഹ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ഗോര്‍വാള്‍ മണ്ഡല്‍ വികാസ് നിഗം അധികൃതര്‍ വ്യക്തമാക്കുന്നു. തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് വാടക കുറച്ചത്. ഒരു ദിവസത്തേക്ക 3000 രൂപയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ടൂറിസ്റ്റുകളില്‍ നിന്നും തണുത്ത പ്രതികരണമാണ് ലഭിച്ചത്. ഇതിനെത്തുടര്‍ന്നാണ് വാടക കുറച്ചതെന്ന് ജനറല്‍ മാനേജര്‍ ബി എല്‍ റാന പറഞ്ഞു. കുറഞ്ഞത് മൂന്ന് ദിവസത്തേക്കായിരുന്നു ബുക്കിംഗ് നിശ്ചയിച്ചിരുന്നത്. അത് ഈ വര്‍ഷം മുതല്‍ ഒരു ദിവസമാക്കി ചുരുക്കി.
കുടിവെള്ളം, വൈദ്യുതി, ശുചിമുറി എന്നീ സൗകര്യങ്ങള്‍ രുദ്ര ഗുഹയില്‍ ഒരുക്കിയിട്ടുണ്ട്. കല്ല് കൊണ്ട് നിര്‍മ്മിച്ച ഗുഹയില്‍ മരം കൊണ്ടുള്ള ചെറിയ ജാലകമുണ്ട്. പ്രാതല്‍, ഉച്ചഭക്ഷണം, അത്തായം എന്നിവയ്ക്ക് പുറമേ രണ്ട് നേരം ചായയും കിട്ടും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബെല്ല് ഗുഹയ്ക്കകത്ത് ഘടിപ്പിച്ചിട്ടുണ്ട്. ധ്യാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് വിജനമായ പ്രദേശത്ത് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് ഫോണ്‍ ചെയ്യാനുള്ള സൗകര്യവും ഗുഹയ്ക്കകത്തുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥ് സന്ദര്‍ശനത്തിനിടെ ധ്യാനിക്കാനെത്തിയതോടെയാണ് രുദ്ര ഗുഹയെക്കുറിച്ചുള്ള ചര്‍ച്ച സജീവമായത്. സമുദ്രനിരപ്പില്‍ നിന്നും 12200 അടി ഉയരത്തിലാണ് രുദ്ര ഗുഹ സ്ഥിതി ചെയ്യുന്നത്. ദുര്‍ഘടമായ പാതയിലൂടെ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാണ് നരേന്ദ്രമോദി ഗുഹയിലെത്തിയത്. പഹാഡി ഗോത്രക്കാരുടെ പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയ മോദി ഗുഹയില്‍ പതിനെട്ട് മണിക്കൂര്‍ ധ്യാനിച്ചെന്നാണ് അവകാശപ്പെടുന്നത്. ധ്യാനത്തിനായി മെത്തയും തലയണയും ഒരുക്കിയിരുന്നു. കനത്ത സുരക്ഷയിലായിരുന്നു മോദിയുടെ ഏകാന്തധ്യാനം. ഗുഹയ്ക്ക് അഞ്ച് മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുണ്ട്. ധ്യാനിക്കുന്ന ഫോട്ടോകള്‍ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞു. ഏകാന്ത ധ്യാനം നടത്തുന്നിടത്ത് ക്യാമറ എന്തിനാണെന്നാണ് സൈബര്‍ ലോകം ചോദിക്കുന്നത്.
ക്യാമറ ഓണാക്കിയുള്ള ധ്യാനമെന്ന് മോദി വിമര്‍ശകനായ നടന്‍ പ്രകാശ് രാജ് കളിയാക്കി. റോള്‍ ക്യാമറ, ആക്ഷന്‍, ധ്യാനം വിത്ത് ക്യാമറ ഓണ്‍ എന്നായിരുന്നു പ്രകാശ് രാജിന്റെ പോസ്റ്റ്. ധ്യാനിക്കുമ്പോള്‍ കണ്ണട ധരിച്ചതും മെത്തയും തലയണയും ഉപയോഗിച്ചതും ചുവരില്‍ വസ്ത്രം തൂക്കുന്നതിനുള്ള ഹാങ്ങറുള്ളതും പ്രദക്ഷിണം ചെയ്യാനായി ചുവപ്പു പരവതാനി വിരിച്ചതും ട്രോളുകള്‍ക്ക് കാരണമായി.