സ്‌കൂളില്‍ അതിക്രമിച്ച് കടന്നു, ഇന്ത്യക്കാരനായ റോയിട്ടേഴ്‌സ് ഫോട്ടോ ജേണലിസ്റ്റ് ശ്രീലങ്കയില്‍ റിമാന്‍ഡില്‍

സ്‌കൂളില്‍ അതിക്രമിച്ച് കടന്നു, ഇന്ത്യക്കാരനായ റോയിട്ടേഴ്‌സ് ഫോട്ടോ ജേണലിസ്റ്റ് ശ്രീലങ്കയില്‍ റിമാന്‍ഡില്‍

ശ്രീലങ്കന്‍ സ്‌ഫോടനം കവര്‍ ചെയ്യാനെത്തി വാര്‍ത്തയ്ക്കായി സ്‌കൂളിലേക്ക് അനുവാദമില്ലാതെ കടന്നുചെന്നതിന് ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റിനെ ശ്രീലങ്കന്‍ പൊലീസ് ഇരുമ്പഴിക്കുള്ളിലാക്കി. റോയിട്ടേഴ്സ് വാര്‍ത്ത ഏജന്‍സിയുടെ ഇന്ത്യയിലെ ഫോട്ടോഗ്രാഫര്‍ സിദ്ധിക്കി അഹമ്മദ് ഡാനിഷ് ആണ് നെഗോമ്പൊയില്‍ അറസ്റ്റിലായത്.

ഈസ്റ്ററിന് ശ്രീലങ്കയില്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടിയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി സ്‌കൂളിനകത്ത് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സിദ്ധിക്കി അഹമ്മദ് ഡാനിഷ് അറസ്റ്റ് ചെയ്യപ്പെട്ടത്. സ്‌കൂളിലേക്ക് കടന്നപ്പോള്‍ത്തന്നെ അവിടെയുണ്ടായിരുന്ന കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനെ വിവരമറിയിച്ചു, തുടര്‍ന്നാണ് അറസ്‌റ്റെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌കൂളിലേക്ക് അതിക്രമിച്ചു കടുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞതായും ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയന്ത്രിത മേഖലയിലേക്ക് അതിക്രമിച്ചു കടന്നുവെന്ന കുറ്റമാണ് സിദ്ധിക്കി അഹമ്മദ് ഡാനിഷിനുമേല്‍ ചുമത്തിയിരിക്കുന്നത്. നെഗോമ്പേ മജിസ്‌ട്രേറ്റ് കോടതി അഹമ്മദിനെ മെയ് 15 വരെ റിമാന്‍ഡ് ചെയ്തു.

ഈസ്റ്റര്‍ ഞായറാഴ്ച ഉണ്ടായ ചാവേര്‍ സ്‌ഫോടനങ്ങളെ തുടര്‍ന്ന് ശ്രീലങ്കയിലെ സംഭവവികാസങ്ങളുടെ ഫോട്ടോകള്‍ എടുക്കാനായിട്ടാണ് സിദ്ധിക്കി അഹമ്മദ് ഡാനിഷ് ശ്രീലങ്കയിലെത്തിയത് . ചാവേറാക്രമണങ്ങളെ തുടര്‍ന്ന് ശ്രീലങ്ക കനത്ത സുരക്ഷയിലായിരിക്കെയാണ് മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ്.

2018 ല്‍ റോഹിങ്ക്യകള്‍ നേരിടുന്ന അക്രമങ്ങളെപ്പറ്റി സിദ്ധിക്കി അഹമ്മദ് ഡാനിഷ് ഉള്‍പ്പെട്ട സംഘം നിര്‍മ്മിച്ച സീരീസ് പുലിറ്റ്‌സര്‍ പ്രൈസ് നേടിയിരുന്നു.

ഏപ്രില്‍ 21 ന് ശ്രീലങ്കയില്‍ പലയിടത്തായി നടന്ന ചാവേറാക്രമണങ്ങളില്‍ അഞ്ഞൂറോളം പേരാണ് കൊല്ലപ്പെട്ടത്. അക്രമണങ്ങളുടെ ഉത്തരവാദിത്ത്വം ഐഎസ് ഏറ്റെടുത്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in