സി.എസ് സുജാതയെ സി.പി.എം രാജ്യസഭയിലേക്ക് അയക്കുമോ?

സി.എസ് സുജാതയെ സി.പി.എം രാജ്യസഭയിലേക്ക് അയക്കുമോ?

സി.പി.എം രാജ്യസഭയിലേക്ക് ആരെ പരിഗണിക്കുമെന്ന ചര്‍ച്ചകള്‍ സജീവമായി. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.എസ് സുജാതയെ സി.പി.എം സ്ഥാനാര്‍ത്ഥിയാക്കുമോയെന്നാണ് ചോദ്യം. നിലവില്‍ സി.പി.എമ്മിന് കേരളത്തില്‍ നിന്നും രാജ്യസഭയില്‍ വനിതകളില്ല. ബി.ജെ.പി സര്‍ക്കാരിനെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് പറയാന്‍ ആളുകള്‍ വേണമെന്നതും സി.എസ് സുജാതയുടെ പേര് ചര്‍ച്ചയിലേക്ക് ഉയരുന്നതിന് കാരണമാകുന്നു.

രാജ്യസഭയിലേക്ക് മുതിര്‍ന്ന നേതാക്കളെ പരിഗണിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്. എളമരം കരീം ആണ് ഇപ്പോളുള്ളതില്‍ മുതിര്‍ന്ന അംഗം. സീതാറാം യെച്ചുരി ഉള്‍പ്പെടെയുള്ളവര്‍ സഭയിലുണ്ടായിരുന്നപ്പോള്‍ ലഭിച്ച പരിഗണന പാര്‍ലമെന്റില്‍ നിന്നും ലഭിക്കുന്നില്ലെന്ന പരാതി സി.പി.എമ്മിലുണ്ട്. ദേശീയതലത്തില്‍ സ്വീകാര്യത ലഭിക്കുന്ന നേതാവിനെ രാജ്യസഭയിലേക്ക് എത്തിക്കണമെന്നാണ് വാദം. തോമസ് ഐസക്ക്, എം.എ ബേബി, എ.വിജയരാഘവന്‍ എന്നിവരുടെ പേരുകള്‍ പരിഗണിച്ചേക്കും.

സംസ്ഥാന സമ്മേളനം സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് അവസാനിച്ചതെന്നതും സി.എസ് സുജാതെ പരിഗണിക്കണമെന്ന് പറയുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ടി.എന്‍ സീമയെ മാത്രമാണ് സി.പി.എം കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് അയച്ചിട്ടുള്ളത്. സി.എസ് സുജാത 2004ല്‍ മാവേലിക്കര മണ്ഡലത്തില്‍ നിന്നും രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്തി ലോക്‌സഭലെത്തി. 2011ല്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.സി വിഷ്ണുനാഥിനോട് പരാജയപ്പെട്ടു.

ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, എളമരം കരീം, ജോസ് കെ മാണി, ബിനോയ് വിശ്വം,കെ.സോമപ്രസാദ്, എം.വി ശ്രേയംസ് കുമാര്‍ എന്നിവരാണ് നിലവില്‍ രാജ്യസഭയിലെ രാജ്യസഭാംഗങ്ങള്‍. ശ്രേയാംസ് കുമാറിന്റെയും കെ.സോമപ്രസാദിന്റെയും കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. എ.കെ ആന്റണിയും അബ്ദുള്‍ വഹാബുമാണ് യു.ഡി.എഫില്‍ നിന്നുള്ളവര്‍.

Related Stories

No stories found.
logo
The Cue
www.thecue.in