150 കോടിയുടെ മരംമുറി തട്ടിപ്പ് പുറത്തെത്തിച്ചയാള്‍, ഒറ്റക്കൊല്ലം കൊണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി, ആരാണ് ഇസുധാന്‍ ഗധ്വി?

ഇസുധാന്‍ ഗധ്വി
ഇസുധാന്‍ ഗധ്വി Isudan Gadhvi

പഞ്ചാബ് മോഡലില്‍ അണികളുടെ ഹിതമറിഞ്ഞ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന ശൈലിയാണ് അരവിന്ദ് കേജ്രിവാള്‍ ഗുജറാത്തിലും നടപ്പിലാക്കിയത്. അണികളില്‍ 73 ശതമാനവും പങ്കുവച്ച പേര് ഇസുധാന്‍ ഗധ്വിയുടേതായിരുന്നു. ഒരു വര്‍ഷം മുമ്പ് മാത്രം എ.എ.പിയില്‍ ചേര്‍ന്ന ഇസുധാന്‍ ഗധ്വി എന്ന മുന്‍ മാധ്യമപ്രവര്‍ത്തകന്‍ എങ്ങനെയാണ് ഗുജറാത്തിലെ ആപ്പിന്റെ മുഴുവന്‍ പ്രതീക്ഷയായി മാറുന്നത്? നരേന്ദ്രമോദിക്കും ഗുജറാത്ത് ബിജെപിക്കും മുന്നില്‍ ആപ്പിന് വേണ്ടി ചെക്ക് പറയാന്‍ കേജ്രിവാള്‍ ഉയര്‍ത്തിക്കാട്ടുന്ന ഇസുധാന്‍ ഗധ്വി ആരാണ്?

Isudan Gadhvi
Isudan Gadhvi

150 കോടിയുടെ മരംമുറി തട്ടിപ്പ് പുറംലോകത്തെത്തിച്ച മാധ്യമപ്രവര്‍ത്തകന്‍

1982 ജനുവരി പത്തിന് ഗുജറാത്തിലെ ദ്വാരക ജില്ലയിലെ പിപാലിയ ഗ്രാമത്തില്‍ ഖരേജ്ഭായ് എന്ന കര്‍ഷകന്റെ മകനായാണ് ഇസുധാന്‍ ഗധ്വി ജനിക്കുന്നത്. 2005ല്‍ ഗുജറാത്ത് വിദ്യാപീഠില്‍ നിന്ന് മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 'ഇടി.വി ഗുജറാത്തി' എന്ന പ്രാദേശിക ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച ഗധ്വി അക്കലയളവില്‍ പുറത്ത് കൊണ്ടുവന്ന 150 കോടിയുടെ മരംമുറി തട്ടിപ്പ് ഗുജറാത്തിലാകമാനം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇസുധാന്‍ ഗധ്വി എന്ന പേര് സാധാരണക്കാരില്‍ പോലും സുപരിചിതമാക്കാന്‍ ആ സംഭവത്തിന് സാധിച്ചു. 2015ല്‍ വി.ടി.വി ചാനലിലേക്ക് മാറിയ ഗധ്വി അക്കാലയളവില്‍ അവതരിപ്പിച്ച 'മഹാമന്ദന്‍' എന്ന പ്രതിദിന ചര്‍ച്ചാ പരാപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചര്‍ച്ചയിലൂടെ കര്‍ഷകരുടെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും മറ്റ് അടിസ്ഥാന വിഷയങ്ങളും മുഖ്യധാരയിലെത്തിക്കാന്‍ സാധിച്ചത് സാധാരണക്കാര്‍ക്കിടയിലും ജനപ്രീതി ഉയരാന്‍ കാരണമായി.

ഇത്രയേറെ സ്വീകാര്യതയുള്ള മാധ്യമപ്രവര്‍ത്തകന്‍ എന്തിന് ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങി എന്ന ചോദ്യത്തിന് ഗധ്വിയുടെ മറുപടി ഇങ്ങനെ 'രാഷ്ടീയക്കാരനാകാന്‍ ഞാന്‍ ആഗ്രഹിച്ചതല്ല, നിര്‍ബന്ധിതനായതാണ്. എനിക്ക് സുരക്ഷിതമായ ഒരു ജോലിയുണ്ടായിരുന്നു. ഞാനതില്‍ സന്തുഷ്ടനുമായിരുന്നു. ഞാനത് ഉപേക്ഷിച്ചത് ഗുജറാത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ്.'

ആ അമ്മയുടെ കരച്ചില്‍ അസ്വസ്ഥനാക്കി

കഴിഞ്ഞ വര്‍ഷമാണ് ഗധ്വി തന്റെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചത്. കൊവിഡ് താണ്ഡവമാടിയ സമയത്ത് നേരില്‍ കണ്ട ദാരുണ ദൃശ്യങ്ങളാണ് തന്നെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിതെന്ന് ഗധ്വി പറയുന്നു. 'ആശുപത്രികളെല്ലാം നിറഞ്ഞ് കവിഞ്ഞിരുന്ന ആ ദിവസം ഒരു ആശുപത്രിക്ക് മുന്നില്‍ ഞാനൊരു അമ്മയെ കണ്ടു. മടിയില്‍ ഇരുപത് വയസ്സുള്ള തന്റെ മകനെ കിടത്തി അവര്‍ കരയുകയായിരുന്നു. നമ്മുടെ ആരോഗ്യ മേഖല എത്ര പരിതാപകരമാണെന്ന് ഞാന്‍ മനസ്സിലാക്കി. ഈ വ്യവസ്ഥിതി മാറ്റാന്‍ ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയിലുള്ള പരിമിതി എന്നെ അസ്വസ്ഥനാക്കി. അങ്ങനെ ഞാനെന്റെ ജോലി ഉപേക്ഷിച്ചു'

2021 ജൂണ്‍ 14 നാണ് ഗധ്വി അരവിന്ദ് കേജ്രിവാളിന്റെ ക്ഷണപ്രകാരം എ.എ.പിയില്‍ ചേരുന്നത്. തുടര്‍ന്ന് ഗുജറാത്തിലുടനീളം സഞ്ചരിച്ചു. നിരവധി യോഗങ്ങളില്‍ പങ്കെടുത്തു. കഴിഞ്ഞ മാസം 'ബസ്, ഹവേ പരിവര്‍ത്തന്‍ ജോയിയേ' (മതി, ഇനി നമുക്ക് മാറ്റം ആവശ്യമാണ്) എന്ന പേരില്‍ ഒരു യാത്രയും സംഘടിപ്പിച്ചിരുന്നു.

ഗ്രാമപ്രദേശങ്ങളില്‍ ഗധ്വിക്കുള്ള സ്വീകാര്യത എ.എ.പിക്ക് ഗുണകരമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്ന ആംആദ്മി ഒരു നഗരകേന്ദ്രീകൃത രാഷ്ട്രീയ പാര്‍ട്ടിയാണെന്ന ബി.ജെ.പി വിമര്‍ശനത്തെയാണ് ഗധ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ കേജ്രിവാള്‍ അപ്രസക്തമാക്കിയത്. എന്നിരുന്നാലും ഗുജറാത്തില്‍ സ്വാധീനമുള്ള പട്ടീദാര്‍ സമുദായത്തിന്റെ പ്രതിനിധിയല്ല ഗധ്വി എന്നത് ഇപ്പോള്‍ തന്നെ എ.എപിക്കും പ്രചരണ കാമ്പയിനുമെതിരായ പ്രതിപക്ഷത്തിന്റെ ആയുധമായിട്ടുണ്ട്. പട്ടീദാര്‍ സമുദായക്കാരനായ ആപ് ഗുജറാത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയയെ തഴഞ്ഞ് ഗധ്വിയെ കൊണ്ടുവന്നതില്‍ ഇറ്റാലിയയുടെ അനുയായികള്‍ അസംതൃപതരാണ്.

ഇസുധാന്‍ ഗധ്വി കേജ്രിവാളിനൊപ്പം
ഇസുധാന്‍ ഗധ്വി കേജ്രിവാളിനൊപ്പം

ഗധ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെ ആപ് സംസ്ഥാന ഘടകത്തില്‍ ചെറിയ തോതില്‍ പൊട്ടിത്തെറിയുമുണ്ടായിട്ടുണ്ട്. സൗരാഷ്ട്രയില്‍ പ്രാദേശീക സ്വാധീനമുള്ള ദേശീയ ജോയിന്റ് സെക്രട്ടറി ഇന്ദ്രനീല്‍ രാജ്യഗുരു രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് ആപ്പിലെത്തിയ നേതാവാണ് ഇന്ദ്രനീല്‍. ''ആപ്പ് ഗുജറാത്തികളെ കബളിപ്പിക്കുകയാണ്. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യുമെന്ന അവരുടെ അവകാശവാദം കേട്ടാണ് ഞാന്‍ ആംആദ്മിയായത്. എന്നാല്‍ അവരിപ്പോള്‍ കോണ്‍ഗ്രസ്സിനെ മാത്രമാണ് ലക്ഷ്യമിടുന്നത്.' രാജി പ്രഖ്യാപനത്തിന് ശേഷം ഇന്ദ്രനീലിന്റെ പ്രതികരണം ഇതായിരുന്നു. പാര്‍ട്ടിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുമായിരുന്നു ഇന്ദ്രനീല്‍. 2017ല്‍ സ്വത്ത് വിവരം വെളിപ്പെടുത്തിയപ്പോള്‍ ഇന്ദ്രനീലിന് 140 കോടിയുടെ ആസ്തിയുണ്ടായിരുന്നു.

തുടക്കം മുതല്‍ സമഗ്രതലത്തിലുള്ള കാമ്പയിന്‍ സംഘടിപ്പിച്ച് ത്രികോണ മത്സരത്തിന്റെ അന്തരീക്ഷം ആദ്യമായി ഗുജറാത്തില്‍ സൃഷ്ടിക്കാനാണ് എ.എ.പി ശ്രമിച്ചത്. ശക്തമായ മത്സരമെന്ന പ്രതീതി സൃഷ്ടിക്കാനായെങ്കിലും സംസ്ഥാനത്ത് അട്ടിമറിക്ക് സാദ്ധ്യതയില്ലെന്നാണ് വിവിധ സര്‍വ്വേകള്‍ ഒരേ സ്വരത്തില്‍ പറയുന്നത്. പഞ്ചാബില്‍ അധികാരം പിടിച്ചത് പോലെ എളുപ്പമല്ല ഗുജറാത്തിലെന്ന് മുന്‍ എ.എ.പി നേതാവും മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനുമായ അഷുതോഷ് എന്‍.ഡി.ടി.വി ലേഖനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ''പഞ്ചാബും ഡല്‍ഹിയും പോലെയല്ല, ഗുജറാത്ത് വലിയ സംസഥാനമാണ്. എ.എ.പിയെ പോലെ ഗുജറാത്ത് രാഷ്ട്രീയത്തിലേക്ക് പുതുതായി പ്രവേശിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അതിന്റെ മുക്കിലും മൂലയിലും എത്തിപ്പെടുക പ്രയാസമാണ്. മാത്രമല്ല പഞ്ചാബിലെ ഭഗവന്ത് മന്നിനെ പോലെ വലിയ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ പ്രാപ്തിയുള്ള ജനകീയ മുഖം ആപ്പിന് ഗുജറാത്തില്‍ ഇല്ല. കേജ്രിവാളിന്റെ പ്രഭാവത്തെ മാത്രം ആശ്രയിച്ച് തിരഞ്ഞെടുപ്പിനെ സമീപിക്കുന്ന എ,എ.പിക്ക് സംസ്ഥാനത്ത് കാര്യമായ സംഘടനാ സംവിധാനമില്ല എന്നതും വസ്തുതയാണ്.

ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്. ആകെയുള്ള 182 സീറ്റില്‍ ആദ്യഘട്ടത്തില്‍ 89 സീറ്റിലേക്കും രണ്ടാം ഘട്ടത്തില്‍ 93 സീറ്റിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in