നടനും എംപിയും തമ്മില്‍ വ്യത്യാസമുണ്ട്; പക്ഷേ, ഉദ്ഘാടനത്തിന് പണം വാങ്ങുമെന്ന് പറയാന്‍ സുരേഷ്‌ഗോപിക്ക് അവകാശമുണ്ടോ?

നടനും എംപിയും തമ്മില്‍ വ്യത്യാസമുണ്ട്; പക്ഷേ, ഉദ്ഘാടനത്തിന് പണം വാങ്ങുമെന്ന് പറയാന്‍ സുരേഷ്‌ഗോപിക്ക് അവകാശമുണ്ടോ?
Published on

തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ വെച്ച് ബിജെപി ഗുരുവായൂര്‍ മണ്ഡം കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സുരേഷ് ഗോപി നടത്തിയ ഒരു പരാമര്‍ശം വിവാദമായി മാറിയിരിക്കുകയാണ്. എംപിയായ തന്നെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് വിചാരിക്കുകയേ വേണ്ട, അവിടെ സിനിമാ നടനായേ വരൂ. അതിന് യോഗ്യമായ ശമ്പളം എന്റെ സഹപ്രവര്‍ത്തകര്‍ വാങ്ങുന്ന തരത്തില്‍ വാങ്ങിയേ താന്‍ പോകൂ. അതില്‍ നിന്ന് നയാ പൈസ താന്‍ എടുക്കില്ല, അത് തന്റെ ട്രസ്റ്റിലേക്ക് പോകും എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി ഉദ്ഘാടനങ്ങള്‍ക്ക് പണം വാങ്ങുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത് അതോടെ വിവാദമായി മാറി. താന്‍ വാങ്ങുന്ന പണം ജനങ്ങള്‍ക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങള്‍ക്കായി വന്നിരിക്കുമെന്നൊക്കെ തൃശൂര്‍ എംപി പറഞ്ഞു നോക്കിയെങ്കിലും പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ എയറില്‍ നില്‍ക്കുകയാണ്. വാണിജ്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് പോകുമ്പോള്‍ പണം വാങ്ങുമെന്നാണ് പറഞ്ഞതെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേഷ് ഗോപി വിശദീകരിക്കുകയും ചെയ്തു.

കേന്ദ്രമന്ത്രി കൂടിയായ എംപിയ്ക്ക് ഇത്തരത്തില്‍ ഉദഘാടനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പണം വാങ്ങാന്‍ കഴിയുമോ എന്ന ചോദ്യം സുരേഷ് ഗോപിയുടെ പ്രസംഗത്തിന് പിന്നാലെ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. ഭരണഘടനാ പദവിയിലുള്ള ഒരാള്‍ ഇങ്ങനെ പണം വാങ്ങുന്നതില്‍ നിയമപരമായ തടസങ്ങളുണ്ടാവില്ലേ എന്ന സംശയവും ഉയര്‍ന്നു. ഒരു സെലിബ്രിറ്റിയെന്ന നിലയില്‍ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹത്തിന് പണം വാങ്ങാം. പക്ഷേ, അതൊരു നൈതിക വിഷയമാണെന്നാണ് നിയമവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സര്‍ക്കാര്‍ പരിപാടികളുടെ ഉദ്ഘാടനം ചെയ്യുന്നതിന് പണം വാങ്ങുമെന്ന് അദ്ദേഹം പറയാത്ത സ്ഥിതിക്ക് ഇക്കാര്യത്തില്‍ ഒരു വിശദീകരണം നല്‍കിയാല്‍ മതിയാകും.

സുരേഷ് ഗോപി നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിരിക്കുന്നതുപോലെ വാണിജ്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പണം വാങ്ങുന്നതില്‍ നിയമ പ്രശ്‌നങ്ങളില്ല. എന്നാല്‍ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പണം വാങ്ങാന്‍ കഴിയില്ല. താന്‍ ഇനിയും സിനിമ ചെയ്യുമെന്നും അതില്‍ നിന്നുള്ള വരുമാനത്തിന്റെ അഞ്ച് മുതല്‍ എട്ടു ശതമാനം വരെ ജനങ്ങള്‍ക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് വരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഇത്തരം പരിപാടികളില്‍ പണം വാങ്ങണോയെന്ന് സുരേഷ് ഗോപിയാണ് തീരുമാനിക്കേണ്ടതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

എന്നാല്‍ നടന്‍ എന്ന നിലയില്‍ സുരേഷ് ഗോപി പണം വാങ്ങുന്നതില്‍ തെറ്റില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെടുന്നത്. മുകേഷും ഗണേഷ് കുമാറും പരിപാടിയില്‍ പങ്കെടുക്കുന്നതിന് പണം വാങ്ങാറില്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in