ചെങ്കോല്‍ മാറ്റണമെന്ന് പ്രതിപക്ഷം, രാഷ്ട്രപതിയെ ആനയിക്കാന്‍ ചെങ്കോലെടുത്ത് സര്‍ക്കാര്‍; ലോക്‌സഭയില്‍ വീണ്ടും 'ചെങ്കോല്‍ പേ ചര്‍ച്ച'

ചെങ്കോല്‍ മാറ്റണമെന്ന് പ്രതിപക്ഷം, രാഷ്ട്രപതിയെ ആനയിക്കാന്‍ ചെങ്കോലെടുത്ത് സര്‍ക്കാര്‍; ലോക്‌സഭയില്‍ വീണ്ടും 'ചെങ്കോല്‍ പേ ചര്‍ച്ച'
Published on

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്ഥാപിച്ച ചെങ്കോല്‍ വീണ്ടും ചര്‍ച്ചയാകുന്നു. സഭയെ അഭിസംബോധന ചെയ്യാനെത്തിയ രാഷ്ട്രപതിക്കു മുന്നില്‍ ചെങ്കോലുമായി ഉദ്യോഗസ്ഥന്‍ നടന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പുതിയ മന്ദിരത്തില്‍ ആദ്യമായി ലോക്‌സഭ ചേര്‍ന്നപ്പോഴും സ്പീക്കറുടെ മാര്‍ഷല്‍ ചെങ്കോല്‍ എഴുന്നെള്ളിച്ചുകൊണ്ട് മുന്നില്‍ നടന്നിരുന്നു. ഇങ്ങനെ പുതിയൊരു ആചാരത്തിന് തുടക്കമിടുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിലും രാഷ്ട്രപതി എത്തിയത് ചെങ്കോലിനു പിന്നാലെയായതോടെ വീണ്ടും ചര്‍ച്ചകളില്‍ എത്തിയിരിക്കുകയാണ് ഈ അധികാര ചിഹ്നം. പ്രതിപക്ഷ എംപിമാര്‍ ചെങ്കോലിനെതിരെ വീണ്ടും ശബ്ദമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ്.

സമാജ്‌വാദി പാര്‍ട്ടി എംപിയായ ആര്‍.കെ.ചൗധരിയാണ് ചെങ്കോല്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. രാജഭരണ ചിഹ്നമായ ചെങ്കോലിന് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും ചെങ്കോലിന് പകരം ഭരണഘടന സ്ഥാപിക്കണമെന്നും ചൗധരി ആവശ്യപ്പെട്ടു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ഇക്കാര്യം ആവശ്യപ്പെടുന്ന കത്തും അദ്ദേഹം നല്‍കി. ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയതോടെ രാജ്യത്ത് ജനാധിപത്യ ഭരണക്രമം നിലവില്‍ വന്നു. അതിന്റെ അടയാളം ഭരണഘടനയാണ്. കഴിഞ്ഞ ബിജെപി സര്‍ക്കാരാണ് സ്പീക്കറുടെ ചെയറിന് സമീപം ചെങ്കോല്‍ സ്ഥാപിച്ചത്. രാജാധികാരം എന്നാണ് ചെങ്കോല്‍ എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം. രാജാക്കന്‍മാരുടെയും രാജഭരണത്തിന്റെയും കാലത്തിനു ശേഷമാണ് നമ്മള്‍ സ്വതന്ത്രരായത്. വോട്ടവകാശമുള്ള പൗരന്‍മാരാണ് ഇപ്പോള്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. രാജാവിന്റെ വടിയാണോ അതോ ഭരണഘടനയാണോ രാജ്യത്തിന്റെ ഭരണക്രമം മുന്നോട്ടു കൊണ്ടുപോകേണ്ടത്, ചൗധരി ചോദിച്ചു.

37 സീറ്റുകളുമായി പാര്‍ലമെന്റില്‍ അംഗബലം കൊണ്ട് മൂന്നാമത്തെ കക്ഷിയാണ് സമാജ് വാദി പാര്‍ട്ടി. ചൗധരിയുടെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും പ്രതികരിച്ചു. ചെങ്കോല്‍ സ്ഥാപിച്ചപ്പോള്‍ അതിനെ വണങ്ങിയ മോദി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ വണങ്ങാന്‍ മറന്നുപോയി. ചിലപ്പോള്‍ അതായിരിക്കും ചൗധരി ചൂണ്ടിക്കാണിച്ചതെന്ന് അഖിലേഷ് പറഞ്ഞു. രാജഭരണ കാലത്തിന്റെ ചിഹ്നമാണ് ചെങ്കോല്‍ എന്ന് തങ്ങള്‍ നേരത്ത പറഞ്ഞിട്ടുണ്ടെന്ന് കോണ്‍ഗ്രസ് എംപി ബി മാണിക്കവും പ്രതികരിച്ചു. ജനാധിപത്യത്തെയും ഭരണഘടനയെയുമാണ് നാം ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് ചൗധരിയെ പിന്തുണച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ആര്‍ജെഡി എംപിയും ലല്ലുപ്രസാദ് യാദവിന്റെ മകളുമായ മിസാ ഭാരതിയും ചെങ്കോലിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. ചെങ്കോല്‍ മാറ്റണമെന്ന ആവശ്യം ആരുന്നയിച്ചാലും താന്‍ അതിനെ പിന്തുണയ്ക്കുമെന്ന് അവര്‍ വ്യക്തമാക്കി.

അതേസമയം സമാജ് വാദി പാര്‍ട്ടിക്ക് ഭാരതീയ സംസ്‌കാരത്തോട് യാതൊരു ബഹുമാനവുമില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. ചെങ്കോലിനെക്കുറിച്ച് അവരുടെ നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപലപനീയവും അജ്ഞത നിറഞ്ഞതുമാണ്. ഇന്ത്യാ സഖ്യത്തിന് തമിഴ് സംസ്‌കാരത്തോടുള്ള വെറുപ്പാണ് ഇതില്‍ കാണാനാകുന്നതെന്നും ആദിത്യനാഥ് എക്‌സില്‍ കുറിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in