പ്രസംഗ ഭാഗങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കിയത് ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധം; പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

പ്രസംഗ ഭാഗങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കിയത് ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധം; പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി
Published on

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്ത സ്പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. പ്രസംഗത്തിന്റെ ഭാഗങ്ങള്‍ തെരഞ്ഞെടുത്ത് നീക്കം ചെയ്തത് ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവ ചട്ടം 380ന്റെ പരിധിയില്‍ വരുന്നതല്ലെന്നും സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പ്രസംഗത്തില്‍ താന്‍ പറഞ്ഞതെല്ലാം വസ്തുതകളാണ്. അതുകൊണ്ട് ഒഴിവാക്കിയ ഭാഗങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാണ് കത്തിലെ ആവശ്യം. സ്പീക്കറുടെ നടപടി തന്നെ ഞെട്ടിച്ചുവെന്നും രാഹുല്‍ പറഞ്ഞു.

ജൂലൈ രണ്ടിന് സഭയില്‍ നടന്ന ചര്‍ച്ചയുടെ ഭാഗങ്ങള്‍ കത്തിനൊപ്പം രാഹുല്‍ സമര്‍പ്പിച്ചു. യാഥാര്‍ത്ഥ്യം എന്താണെന്ന് സഭയില്‍ അവതരിപ്പിക്കുകയായിരുന്നു തന്റെ ലക്ഷ്യം. ജനങ്ങളുടെ അഭിപ്രായങ്ങളുടെ പ്രതിനിധിയായി സഭയില്‍ എത്തിയിരിക്കുന്ന ഓരോ അംഗത്തിനും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 105(1) അനുസരിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. സഭയില്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുകയെന്നത് ഓരോ അംഗത്തിന്റെയും അവകാശമാണ്. അതേ അവകാശമാണ് സഭയില്‍ താന്‍ പ്രകടിപ്പിച്ചത്. അവ രേഖകളില്‍ നിന്ന് നീക്കം ചെയ്യുകയെന്നത് പാര്‍ലമെന്ററി ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്.

അനുരാഗ് ഠാക്കൂര്‍ നടത്തിയ പ്രസംഗത്തിലേക്കും രാഹുല്‍ സ്പീക്കറുടെ ശ്രദ്ധ ക്ഷണിച്ചു. ആ പ്രസംഗത്തില്‍ മുഴുവന്‍ ആരോപണങ്ങളായിരുന്നു. അതിശയമെന്ന് പറയട്ടെ, ആ പ്രസംഗത്തിലെ ഒരേയൊരു വാക്ക് മാത്രമാണ് രേഖകളില്‍ നിന്ന് നീക്കിയത്. ഇങ്ങനെ സെലക്ടീവായി അഭിപ്രായങ്ങളെ രേഖയില്‍ നിന്ന് നീക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in