അയോധ്യയിലെപ്പോലെ ഗുജറാത്തിലും മോദിയെയും ബിജെപിയെയും തോല്‍പിക്കും; രാഹുല്‍ ഗാന്ധി തുടരുന്നു

അയോധ്യയിലെപ്പോലെ ഗുജറാത്തിലും മോദിയെയും ബിജെപിയെയും തോല്‍പിക്കും; രാഹുല്‍ ഗാന്ധി തുടരുന്നു
Published on

ലോക്‌സഭയില്‍ ബിജെപിയുടെ സമനില തെറ്റിച്ച പ്രകടനത്തിനു പിന്നാലെ ഗുജറാത്തിലും കടന്നാക്രമണം നടത്തി രാഹുല്‍ ഗാന്ധി. അയോധ്യയിലെപ്പോലെ മോദിയെയും ബിജെപിയെയും ഗുജറാത്തില്‍ പരാജയപ്പെടുത്തുമെന്ന് രാഹുല്‍ പറഞ്ഞു. അഹമ്മദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാഹുലിന്റെ വാക്കുകള്‍. അയോധ്യയില്‍ വിമാനത്താവളം നിര്‍മിച്ചപ്പോള്‍ പ്രദേശവാസികളായ കര്‍ഷകര്‍ക്ക് സ്വന്തം ഭൂമി നഷ്ടമായി. പ്രാണപ്രതിഷ്ഠ നടത്തിയപ്പോള്‍ അയോധ്യയിലുള്ളവരെ ആരെയും ക്ഷണിച്ചിരുന്നില്ലെന്നും അതില്‍ അവര്‍ക്ക് രോഷമുണ്ടായിരുന്നെന്നും രാഹുല്‍ പറഞ്ഞു. രാമക്ഷേത്രമ നിര്‍മിക്കുന്നതിനായുള്ള പ്രസ്ഥാനം അഡ്വാനി അയോധ്യയില്‍ നിന്നാണ് ആരംഭിച്ചത്. അതിന്റെ കേന്ദ്രവും അയോധ്യയായിരുന്നു. അതിനെയാണ് ഇന്ത്യാ സഖ്യം തകര്‍ത്തതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയോധ്യയില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യരുതെന്ന് നിരീക്ഷകര്‍ അദ്ദേഹത്തെ ഉപദേശിച്ചു. അയോധ്യയില്‍ മത്സരിച്ചാല്‍ പരാജയപ്പെടുമെന്നും അതോടെ രാഷ്ട്രീയഭാവി തന്നെ ഇല്ലാതാകുമെന്നുമായിരുന്നു ഉപദേശമെന്നും രാഹുല്‍ പറഞ്ഞു. അയോധ്യയുള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ബിജെപി പരാജയപ്പെടാനുണ്ടായ കാരണങ്ങളും രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചു. രാമക്ഷേത്രം നിര്‍മിക്കുന്നതിനായി അയോധ്യയില്‍ കുറേയേറെ ഭൂമി ഏറ്റെടുക്കേണ്ടി വന്നു. ഏറ്റെടുത്ത ഭൂമിയുടെ ഉടമസ്ഥര്‍ക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ ഇതേവരെ നഷ്ടപരിഹാരം കൊടുത്തിട്ടില്ല. രണ്ടാമതായി, കര്‍ഷകരുടെ ഭൂമിയിലാണ് അയോധ്യ വിമാനത്താവളം പണിതുയര്‍ത്തിയത്. അവര്‍ക്കും നഷ്ടപരിഹാരം കൊടുത്തു തീര്‍ത്തിട്ടില്ല. മൂന്നാമതായി പ്രാണപ്രതിഷ്ഠയ്ക്ക് അയോധ്യയില്‍ നിന്ന് ഒരാളെപ്പോലും പങ്കെടുപ്പിച്ചില്ല. അദാനിയും അംബാനിയും ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ എത്തിയിരുന്നു. എന്നാല്‍ പാവപ്പെട്ടവരെയൊന്നും ചടങ്ങില്‍ കാണാനില്ലായിരുന്നു.

ഇതെല്ലാം അയോധ്യയിലെ ജനങ്ങളെ രോഷാകുലരാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പരാജയപ്പെടാന്‍ കാരണവും ഇതൊക്കെത്തന്നെയാണ്. ഗുജറാത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയും പാര്‍ട്ടി പ്രവര്‍ത്തരെ മര്‍ദ്ദിക്കുകയും ചെയ്തു. 'അവര്‍ നമ്മുടെ ഓഫീസ് ആക്രമിച്ച് തകര്‍ത്തതു പോലെ അവരുടെ സര്‍ക്കാരിനെയും നമ്മള്‍ തകര്‍ക്കും', രാഹുല്‍ പ്രവര്‍ത്തകരോട് പറഞ്ഞു. 2017ല്‍ ശരിയായ വിധത്തിലല്ല കോണ്‍ഗ്രസ് ബിജെപിയോട് മത്സരിച്ചത്. ഇനി മൂന്നു വര്‍ഷം മുന്നിലുണ്ട്. ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ 30 വര്‍ഷത്തിനു ശേഷം ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചു വരാനാകുമെന്നും രാഹുല്‍ പ്രവര്‍ത്തകരോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in