ഗ്രൂപ്പ് തിരികെ പിടിക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൈകോര്‍ക്കും; സംഘടനാ തെരഞ്ഞെടുപ്പ് പോര്‍ക്കളമാകും

ഗ്രൂപ്പ് തിരികെ പിടിക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൈകോര്‍ക്കും; സംഘടനാ തെരഞ്ഞെടുപ്പ് പോര്‍ക്കളമാകും

പുനഃസംഘടനയുമായി മുന്നോട്ട് പോകുന്ന കെ.പി.സി.സി നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തിയത് ഗ്രൂപ്പുകള്‍ അപ്രസക്തമാകുമെന്ന ആശങ്കയില്‍. സംഘടനാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ പുനഃസംഘടനയുടെ ആവശ്യമില്ലെന്ന നിലപാട് സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള ഹൈക്കമാന്‍ഡ് നേതൃത്വത്തെ ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പ് അറിയിച്ച സാഹചര്യത്തില്‍ ഹൈക്കാന്‍ഡ് എന്ത് നിലപാട് എടുക്കുമെന്നതാണ് നിര്‍ണ്ണായകം. ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെ പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ പ്രതീക്ഷ. സംഘടനാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ എന്തിനാണ് പുനഃസംഘടന എന്ന ചോദ്യമാണ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉന്നയിക്കുന്നത്.

കൈകോര്‍ത്ത് എ, ഐ ഗ്രൂപ്പുകള്‍

പുനഃസംഘടന നടന്നാല്‍ നേരത്തെ ഉണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെടുമെന്ന ആശങ്ക എ,ഐ ഗ്രൂപ്പുകള്‍ക്കുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ക്ക് താല്‍പര്യമുള്ളവരായിരിക്കും തെരഞ്ഞെടുക്കപ്പെടുക. ഡി.സി.സി അധ്യക്ഷന്‍മാരെയും ജനറല്‍ സെക്രട്ടറിമാരെയും തെരഞ്ഞെടുത്തപ്പോള്‍ പരിഗണന ലഭിച്ചില്ലെന്ന പരാതി ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഉണ്ട്. ജനറല്‍ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതില്‍ രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവര്‍ പൂര്‍ണമായും തഴയപ്പെട്ടിരുന്നു.

സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രൂപ്പുകള്‍ സജീവമാക്കാന്‍ നേതാക്കള്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. ഗ്രൂപ്പുകള്‍ക്ക് അപ്പുറത്തേക്ക് സംസ്ഥാനത്ത് കോണ്‍ഗ്രസ് രാഷ്ട്രീയം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഗ്രൂപ്പ് രാഷ്ട്രീയം കുറച്ച് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ രാഹുല്‍ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ഈ മാറ്റങ്ങള്‍ നടക്കുന്നതെന്നാണ് നേതൃത്വം പറയുന്നത്. എന്നാല്‍ രാഹുല്‍ഗാന്ധിയെ മുന്നില്‍വച്ച് കെ.സി വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുകയെന്ന ലക്ഷ്യത്തോടെ നീക്കം നടത്തുകയാണെന്ന ആശങ്ക ഗ്രൂപ്പ് നേതാക്കള്‍ക്കും ഉണ്ട്. എ, ഐ ഗ്രൂപ്പുകളില്‍ സജീവമായിരുന്ന പ്രധാന നേതാക്കള്‍ ഔദ്യോഗിക ഗ്രൂപ്പിലേക്ക് മാറിയതും നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.

സംഘടനാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം നില്‍ക്കാനാണ് രമേശ് ചെന്നിത്തലയുടെ നീക്കം.രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഉണ്ടായിരുന്നവരെല്ലാം ഔദ്യോഗിക ഗ്രൂപ്പിന്റെ ഭാഗമായി കഴിഞ്ഞു. ഒ വി.എസ് ശിവകുമാര്‍ കെ.സുധാകരനൊപ്പം ചേര്‍ന്നു. എ.പി അനില്‍കുമാര്‍ കെ.സി വേണുഗോപാലിനൊപ്പമാണ് ഇപ്പോള്‍. കെ.സി വേണുഗോപാലിന് വേണ്ടി സംസ്ഥാനത്തെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എ.പി അനില്‍കുമാറാണ്.

ഒന്നിച്ച് നിന്നാല്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ഈ നേതാക്കളുടെ പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയും പുതിയ നേതൃത്വത്തിന്റെ വരവും കാരണം എ ഗ്രൂപ്പും സജീവമായിരുന്നില്ല. നേതാക്കള്‍ തമ്മിലുള്ള പോരും ശക്തമാണ്. ഇത് തുടരാനാവില്ലെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടിയുള്ളത്. സംഘടന തെരഞ്ഞെടുപ്പിലൂടെ ഗ്രൂപ്പുകളെ സജീവമാക്കാമെന്നും ഇവര്‍ കണക്കു കൂട്ടുന്നു. നിലവിലുള്ള നേതൃത്വത്തിനെതിരെയുള്ള പരാതികളും ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചക്കിടെ അറിയിച്ചിട്ടുണ്ട്. ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നാണ് പ്രധാന പരാതി.

പുനഃസംഘടന വേണമെന്ന ആവശ്യം നേരത്തെയെല്ലാം ഉയര്‍ന്നപ്പോള്‍ അതിനെതിരെ നിലപാടെടുത്ത നേതാക്കളാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. സ്ഥാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെയ്ക്കുകയുമായിരുന്നു. ഇതില്‍ മാറ്റം വേണമെന്നും സംഘടനാ തെരഞ്ഞെടുപ്പിലൂടെ കെ.പി.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്നുള്ള നിലപാടായിരുന്നു നേരത്തെയും കെ.സുധാകരന്റേത്. അണികള്‍ തെരഞ്ഞെടുക്കുന്ന നേതാക്കളായിരിക്കണം നയിക്കേണ്ടതെന്ന കെ.സുധാകരന്റെ പഴയ നയത്തിലേക്ക് ഗ്രൂപ്പ് നേതാക്കളും ഇപ്പോള്‍ എത്തുകയാണെന്ന് മറുവിഭാഗവും ചൂണ്ടിക്കാണിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in