നിതീഷ് പണിതുടങ്ങി; ബിഹാറിന് പ്രത്യേക പദവി വേണമെന്ന് ആവശ്യം, കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ബിജെപി എങ്ങനെ പ്രതികരിക്കും

നിതീഷ് പണിതുടങ്ങി; ബിഹാറിന് പ്രത്യേക പദവി വേണമെന്ന് ആവശ്യം, കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ബിജെപി എങ്ങനെ പ്രതികരിക്കും

സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയെ അകമഴിഞ്ഞ് സഹായിച്ച ജനതാദള്‍ യുണൈറ്റഡ് നേതാവ് ബിജെപിക്കു മേല്‍ സമ്മര്‍ദ്ദം ആരംഭിക്കുന്നു. ബിഹാറിന് പ്രത്യേക പദവി നല്‍കണമെന്ന പ്രമേയം പാസാക്കിയാണ് ജെഡിയുവിന്റെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം പിരിഞ്ഞത്. സാമ്പത്തികവും വികസനപരവുമായ പിന്നാക്കാവസ്ഥ നിലനില്‍ക്കുന്ന സംസ്ഥാനത്തിന് പ്രത്യേക പദവി വേണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. നിതീഷ് കുമാര്‍ തന്നെയാണ് സംസ്ഥാനത്തിന് പ്രത്യേക പദവി വേണമെന്ന പ്രമേയം അവതരിപ്പിച്ചത്.

ബിഹാറിന്റെ സംവരണ ക്വാട്ട 65 ശതമാനമാക്കി അടുത്തിടെ ഉയര്‍ത്തിയിരുന്നു. ഇത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രമേയത്തില്‍ പറയുന്നുണ്ട്. ഇതിനെ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ പെടുത്തണമെന്നാണ് ആവശ്യം. അപ്രകാരം നിയമ നടപടികളില്‍ നിന്ന് സംരക്ഷണം നേടാനും തടസമില്ലാതെ നടപ്പാക്കാനും കഴിയുമെന്നതാണ് ന്യായീകരണം. നീറ്റ് പരീക്ഷയിലുണ്ടായ ക്രമക്കേടുകളില്‍ അന്വേഷണം നടത്തണമെന്നും ഇത്തരം പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്തേണ്ടതുണ്ടെന്നും നിതീഷ് പറഞ്ഞു. എന്‍ഡിഎയുടെ പ്രധാന ഘടകകക്ഷിയെന്ന നിലയിലാണ് നിതീഷ് പ്രത്യേക പദവിയെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

മറ്റൊരു പ്രധാന ഘടകകക്ഷിയായ തെലുഗുദേശം പാര്‍ട്ടിക്കും സമാനമായ ആവശ്യമുണ്ട്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി വേണമെന്ന ആവശ്യം അവരും ഉന്നയിക്കാനിടയുണ്ടെന്നാണ് സൂചന. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ബിജെപി വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി വേണ്ടെന്ന നിലപാടാണ് ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കിക്കൊണ്ട് രണ്ടാം മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സ്വന്തമായി ഭൂരിപക്ഷമില്ലാതെ ജെഡിയുവിന്റെയും ടിഡിപിയുടെയും ബലത്തില്‍ ഭരണം നടത്തുന്ന ബിജെപിക്ക് ഇത് അംഗീകരിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നാണ് കരുതുന്നത്.

logo
The Cue
www.thecue.in