ഹിന്ദുക്കള്‍ക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിക്കാന്‍ ഗൂഢാലോചനയെന്ന് മോദി; രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ പ്രതികരണം

ഹിന്ദുക്കള്‍ക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിക്കാന്‍ ഗൂഢാലോചനയെന്ന് മോദി; രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ പ്രതികരണം
Published on

പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച ലോക്‌സഭയില്‍ നടത്തി പ്രസംഗത്തിലെ പരാമര്‍ശങ്ങളില്‍ പ്രത്യാരോപണവും പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ രണ്ടു മണിക്കൂറിലേറെ നീണ്ട പ്രസംഗമാണ് മോദി നടത്തിയത്. രാഹുല്‍ ഗാന്ധി ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ഉയര്‍ത്തിയ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്ന വാദമാണ് മോദി ഉയര്‍ത്തിയത്. ഹിന്ദുക്കള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മോദി പറഞ്ഞു.

ഹിന്ദുക്കളെയും ഹിന്ദു സംസ്‌കാരത്തെയും തരംതാഴ്ത്തുന്നതിനും കളിയാക്കുന്നതിനുമാണ് അവരുടെ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത്. അത് അവര്‍ക്കൊരു ഫാഷനാണ്. അവരുടെ കൂട്ടാളികള്‍ ഹിന്ദുമതത്തെ മലേറിയയോട് ഉപമിക്കുന്നു. അതിന് അവര്‍ കയ്യടിക്കുന്നു. രാജ്യം ഇതൊരിക്കലും മറക്കില്ലെന്ന് മോദി പറഞ്ഞു. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പേരെടുത്തു പറയാതെ മോദി പരിഹസിക്കുകയും ചെയ്തു. രാഹുലിനെ ബാലക്ബുദ്ധിയെന്നാണ് മോദി പരിഹസിച്ചത്. സഖ്യകക്ഷികളുടെ വോട്ട് തിന്ന് ജീവിക്കുന്ന പരാദമെന്ന് കോണ്‍ഗ്രസിനെയും മോദി പരിഹസിച്ചു.

പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം നുണകള്‍ പറഞ്ഞുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. തനിക്ക് ചിലരുടെ വേദന മനസിലാകുന്നുണ്ട്. നുണകള്‍ പ്രചരിപ്പിച്ചതിനു ശേഷവും അവര്‍ പരാജയത്തിന്റെ രുചിയറിഞ്ഞു. മൂന്നാം തവണയും ഇന്ത്യയിലെ ജനങ്ങള്‍ തങ്ങള്‍ക്ക് അവസരം നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ പത്തു വര്‍ഷത്തെ ട്രാക്ക് റെക്കോര്‍ഡ് അവര്‍ കണ്ടു. 25 കോടിയോളം പേര്‍ ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുവന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും മോദി അവകാശപ്പെട്ടു. മോദിയുടെ പ്രസംഗത്തിലുടനീളം മണിപ്പൂര്‍ വിഷയം ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. മണിപ്പൂരില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നായിരുന്ന ആവശ്യം.

Related Stories

No stories found.
logo
The Cue
www.thecue.in