പ്രധാനമന്ത്രിയുടെ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാ വിരുദ്ധം; നടപടി വേണമെന്ന് സ്പീക്കര്‍ക്ക് കത്ത് നല്‍കി കോണ്‍ഗ്രസ്

Narendra Modi
Narendra Modi
Published on

പ്രധാനമന്ത്രി ചൊവ്വാഴ്ച ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ പരാമര്‍ശങ്ങളെന്ന് കോണ്‍ഗ്രസ്. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കി. ചട്ടം 115(1) അനുസരിച്ച് നടപടിയെടുക്കണമെന്നാണ് ആവശ്യം. ബിജെപി എംപി അനുരാഗ് ഠാക്കൂറിനെതിരെയും സമാനമായ നടപടി വേണമെന്നും കത്തില്‍ ആവശ്യമുണ്ട്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രസംഗിക്കുന്നതിനിടെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ മോദി നടത്തിയ ചില പരാമര്‍ശങ്ങളാണ് മാണിക്കം ടാഗോര്‍ എടുത്തു കാട്ടുന്നത്.

സ്ത്രീകള്‍ക്ക് എല്ലാ മാസവും 8500 രൂപ നല്‍കുമെന്ന് കോണ്‍ഗ്രസ് തെറ്റായ വാഗ്ദാനം നല്‍കിയതായി മോദി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് വിജയിക്കുകയും സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്തിരുന്നെങ്കില്‍ നടപ്പാക്കാമെന്ന് നല്‍കിയ വാഗ്ദാനമായിരുന്നു ഇതെന്ന് മാണിക്കം ടാഗോര്‍ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തില്‍ ഇടിവുണ്ടായെന്ന മോദിയുടെ പരാമര്‍ശം വസ്തുതാ വിരുദ്ധമാണ്. ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക, തെലങ്കാന തുടങ്ങിയ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച സംസ്ഥാനങ്ങളില്‍ വോട്ടുവിഹിതം വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച 16 സംസ്ഥാനങ്ങളില്‍ വോട്ടുവിഹിതം കുറഞ്ഞുവെന്നായിരുന്നു പ്രസംഗത്തില്‍ മോദി പറഞ്ഞത്.

കോണ്‍ഗ്രസ് ഭരണകാലത്ത് സൈനികര്‍ക്ക് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ നല്‍കിയിരുന്നില്ലെന്ന പ്രസ്താവന കളവാണ്. ജാക്കറ്റുകള്‍ക്ക് ക്ഷാമമുണ്ടായിരുന്നെങ്കിലും ജാക്കറ്റുകള്‍ ഇല്ലാതിരുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് ഭരണകാലത്ത് സൈന്യത്തിന് ആയുധങ്ങളും യുദ്ധവിമാനങ്ങളും നല്‍കിയിരുന്നില്ലെന്ന വാദത്തെയും മാണിക്കം ടാഗോര്‍ പ്രതിരോധിച്ചു. ജാഗ്വാര്‍, മിഗ് 29, സുഖോയ് 30, മിറാഷ് 2000 വിമാനങ്ങള്‍ നമുക്കുണ്ടായിരുന്നു. ആണവബോംബുകളും അഗ്നി, പൃഥ്വി, ആകാശ്, നാഗ്, ത്രിശൂല്‍, ബ്രഹ്‌മോസ് എന്നീ മിസൈലുകളും ഉണ്ടായിരുന്നുവെന്നും ടാഗോര്‍ പറഞ്ഞു. പ്രധാനമന്ത്രി അവധിയൊന്നും എടുത്തിട്ടില്ലെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞതിനെയും മാണിക്കം ടാഗോര്‍ ഖണ്ഡിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in