ആ പണമുണ്ടെങ്കില്‍ കര്‍ഷക ആത്മഹത്യ തടയാം; ടീം ഇന്ത്യക്ക് 11 കോടി പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം

ആ പണമുണ്ടെങ്കില്‍ കര്‍ഷക ആത്മഹത്യ തടയാം; ടീം ഇന്ത്യക്ക് 11 കോടി പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം

ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന് പാരിതോഷികങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ബാര്‍ബഡോസില്‍ നിന്ന് തിരികെയെത്തിയ ടീമിന് മുംബൈ മറൈന്‍ഡ്രൈവില്‍ കൂറ്റന്‍ സ്വീകരണമായിരുന്നു ഒരുക്കിയത്. ബിസിസിഐ പ്രഖ്യാപിച്ച വന്‍തുക പാരിതോഷികം കൂടാതെ മഹാരാഷ്ട്ര സര്‍ക്കാരും ടീമിന് സമ്മാനം പ്രഖ്യാപിച്ചു. 11 കോടി രൂപ ടീമിന് നല്‍കുമെന്നായിരുന്നു മഹാരാഷ്ട്ര നിയമസഭയില്‍ വെച്ച് നല്‍കിയ സ്വീകരണത്തില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. പാരിതോഷികം പ്രഖ്യാപിക്കേണ്ട ആവശ്യം എന്തായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വിജയ് വഡേറ്റിവര്‍ ചോദിച്ചു.

ക്രിക്കറ്റ് ടീമിന് പാരിതോഷികമായി പ്രഖ്യപിച്ച തുകയുണ്ടെങ്കില്‍ അത് കര്‍ഷകര്‍ക്കോ സംസ്ഥാനത്തെ യുവാക്കള്‍ക്കോ നല്‍കാമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. കഴിഞ്ഞ നാലു മാസത്തിനിടെ 1068 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകര്‍ പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ്. എന്നിട്ടും ഇത്രയും ഭീമമായ തുക ക്രിക്കറ്റ് ടീമിന് നല്‍കുകയാണ് സര്‍ക്കാര്‍. അതിന്റെ ആവശ്യമെന്താണ്? ടീം ഇന്ത്യ അവര്‍ക്കുവേണ്ടിയല്ല, രാജ്യത്തിനു വേണ്ടിയാണ് കളിച്ചത്. അതുകൊണ്ടാണ് ടീമിനെ സ്വീകരിക്കാന്‍ ജനപ്രളയം തെരുവുകളിലുണ്ടായത്.

7.92 ലക്ഷം കോടി രൂപയ്ക്കു മേല്‍ കടത്തിലാണ് സംസ്ഥാനം നില്‍ക്കുന്നത്. എന്നിട്ടും കൂടുതല്‍ പണം ചെലവഴിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലായിരിക്കുകയാണ്. യുവാക്കള്‍ ലഹരിമരുന്നിന്റെ ഭീഷണിയിലാണെന്നും വഡേറ്റിവാര്‍ കൂട്ടിച്ചേര്‍ത്തു. 125 കോടി രൂപയാണ് ലോകകപ്പ് നേടിയ ടീമിന് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു കൂടാതെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ സമ്മാനം.

Related Stories

No stories found.
logo
The Cue
www.thecue.in