ലാലുവോ അഖിലേഷോ; ശ്രേയാംസ്‌കുമാറും സംഘവും എവിടേക്ക്?

ലാലുവോ അഖിലേഷോ; ശ്രേയാംസ്‌കുമാറും സംഘവും എവിടേക്ക്?

ലോക് താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി.) കേരള ഘടകം ഏതു രാഷ്ട്രീയപാര്‍ട്ടിയില്‍ ലയിക്കണമെന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍. ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള എല്‍.ജെ.ഡി. ദേശീയഘടകം ലാലു പ്രസാദ് യാദവിനൊപ്പം പോയി. ആ ലയനത്തെ കേരളാഘടകം അംഗീകരിച്ചിട്ടില്ല. ആര്‍.ജെ.ഡിക്കൊപ്പം ചേരുന്നതില്‍ കേരളത്തിലെ നേതാക്കളില്‍ പലര്‍ക്കും വിയോജിപ്പുണ്ട്. സമാജ് വാദി പാര്‍ട്ടിയില്‍ ലയിക്കുന്ന കാര്യവും സംസ്ഥാനനേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. എല്‍.ജെ.ഡിയായിത്തന്നെ മുന്നോട്ട് പോകാമെന്ന നിര്‍ദ്ദേശവും പാര്‍ട്ടിയിലെ ഒരുവിഭാഗം മുന്നോട്ടു വെക്കുന്നു. ദേശീയസാഹചര്യങ്ങള്‍ വിലയിരുത്തിയതിനു ശേഷം സോഷ്യലിസ്റ്റ് ആശയം പിന്തുടരുന്നവരുടെ ഐക്യമുണ്ടാകുമ്പോള്‍ അതിന്റെ ഭാഗമാകാമെന്നാണ് ഇവര്‍ പറയുന്നത്. ലയനത്തെ അംഗീകരിക്കാത്ത ഘടകങ്ങളും നേതാക്കളും ഈ മാസം 24-ന് യോഗം ചേര്‍ന്ന് ഭാവി തീരുമാനിക്കും. ഡല്‍ഹിയിലാണ് യോഗം. സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാറിന്റെ കാലാവധി കഴിഞ്ഞ് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് പാര്‍ട്ടിക്കു നല്‍കാതെ സി.പി.ഐക്ക് കൊടുത്തതും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതും അധികാരരാഷ്ട്രീയത്തില്‍ എല്‍.ജെ.ഡിക്ക് ഏറ്റ തിരിച്ചടികളായിരുന്നു. ഇതിനിടെയാണ് ദേശീയനേതൃത്വം ആര്‍.ജെ.ഡിയില്‍ ലയിച്ചതിലൂടെ സൃഷ്ടിക്കപ്പെട്ട അസ്തിത്വ പ്രതിസന്ധിയും.

ലയനം ചര്‍ച്ച ചെയ്യാതെ ശരത് യാദവ്

സോഷലിസ്റ്റ് പാര്‍ട്ടികളുടെ ലയനം എന്ന ആശയത്തോട് അനുകൂല നിലപാടാണെങ്കിലും പാര്‍ട്ടിയുടെ ഭരണഘടനയനുസരിച്ചല്ല ദേശീയ നേതൃത്വം ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളില്‍ ലയിച്ചിരിക്കുന്നതെന്ന് വര്‍ഗ്ഗീസ് ജോര്‍ജ് ദ ക്യൂവിനോട് പ്രതികരിച്ചു. ലയനത്തിനു മുമ്പ് സംസ്ഥാന ഘടകങ്ങളോട് ആലോചിക്കുകയോ വിവരം അറിയിക്കുകയോ ചെയ്തില്ല. മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുന്നതിന് മുമ്പ് നാഷണല്‍ കമ്മിറ്റി വിളിച്ച് ചേര്‍ത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കണം. സംസ്ഥാന ഘടകങ്ങള്‍ അത് അംഗീകരിച്ചാല്‍ മാത്രമേ ലയനവുമായി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളു. ഈ കാര്യം നടന്നിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തി മാത്രമേ കേരളാ ഘടകത്തിന് ലയനകാര്യത്തില്‍ തീരുമാനം എടുക്കാനാകുകയുള്ളു. ചര്‍ച്ച നടത്താതെ എടുത്ത തീരുമാനം അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും വര്‍ഗ്ഗീസ് ജോര്‍ജ് വ്യക്തമാക്കി.

ആര്‍.ജെ.ഡിയില്‍ ചേരാത്ത ദേശീയ ഭാരവാഹികളും സംസ്ഥാന ഘടകങ്ങളുടെ പ്രസിഡന്റുമാരും കൂടിയാലോചിച്ച് ഭാവികാര്യങ്ങള്‍ തീരുമാനിക്കും. ആര്‍.ജെ.ഡിക്കൊപ്പമാണെങ്കിലും യാന്ത്രികമായ ലയനമല്ല. കേരളത്തിലെ ശക്തിക്ക് അനുസരിച്ച് നേഗോഷ്യേറ്റ് ചെയ്ത് ആര്‍.ജെ.ഡിയില്‍ ചേരുക. സമാജ് വാദി പാര്‍ട്ടിയും നിരന്തരം ബന്ധപ്പെടുന്നുണ്ട്. നിയമാനുസൃതമായും സംഘടനാപരമായി ആലോചിച്ചും ആര്‍.ജെ.ഡി അല്ലെങ്കില്‍ സമാജ് വാദി പാര്‍ട്ടിയെന്ന തീരുമാനം എടുക്കും.
വര്‍ഗ്ഗീസ് ജോര്‍ജ്

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ സമാജ് വാദി പാര്‍ട്ടിയുടെ പ്രകടനമാണ് ആ പാര്‍ട്ടിയുമായി ലയിക്കുന്നതില്‍ സംസ്ഥാന ഘടകത്തിലെ ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നത്. എല്‍.ഡി.എഫുമായി ചര്‍ച്ച ചെയ്ത ശേഷമേ ഏത് പാര്‍ട്ടിയില്‍ ലയിക്കണമെന്ന് എല്‍.ജെ.ഡി തീരുമാനിക്കുകയുള്ളു.

കേരളത്തില്‍ ഒരു എം.എല്‍.എയുണ്ടെങ്കിലും അയോഗ്യത വരില്ലെന്നാണ് എല്‍.ജെ.ഡി നേതൃത്വം പറയുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം ദേശീയ നേതൃത്വം മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ചാല്‍ അതിനോട് യോജിപ്പില്ലാത്ത എം.എല്‍.എമാര്‍ക്ക് മാറി നില്‍ക്കാന്‍ പറ്റും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്വതന്ത്രരുള്‍പ്പെടെ 130 അംഗങ്ങളുണ്ട്.

<div class="paragraphs"><p>എം.പി വിരേന്ദ്രകുമാര്‍</p></div>

എം.പി വിരേന്ദ്രകുമാര്‍

ദേശീയരാഷ്ട്രീയത്തിലെ കലങ്ങി മറിയലുകള്‍ സംസ്ഥാനത്തെ സോഷ്യലിസ്റ്റ് ചേരിയിലും എല്ലാ കാലത്തും പ്രതിഫലിച്ചിട്ടുണ്ട്. ജനതാദള്‍ എസിലായിരുന്നപ്പോള്‍ ദേശീയ പ്രസിഡന്റായിരുന്ന എച്ച്.ഡി. ദേവഗൗഡയുമായി അഭിപ്രായ വ്യത്യാസമുണ്ടായി. കര്‍ണാടകയില്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതില്‍ പ്രതിഷേധിച്ച് എം.പി വിരേന്ദ്രകുമാര്‍ പാര്‍ട്ടിയില്‍ നിന്നു പുറത്ത് വന്നു. സുരേന്ദ്രമോഹന്‍ പ്രസിഡന്റായി പ്രത്യേക വിഭാഗമായി നിന്നു. 2014ല്‍ വീരേന്ദ്രകുമാറും പാര്‍ട്ടിയും നിതീഷ്‌കുമാറിനൊപ്പം ചേര്‍ന്നു. 2017ല്‍ ജെ.ഡി.യുവും നിതീഷും ബി.ജെ.പിക്കൊപ്പം പോയപ്പോള്‍ വീരേന്ദ്രകുമാര്‍ ബന്ധം ഉപേക്ഷിച്ചു. രാജ്യസഭാംഗത്വവും രാജിവെച്ചു. പിന്നാലെ ശരദ് യാദവുമായി ചേര്‍ന്ന് എല്‍.ജെ.ഡിയുണ്ടാക്കി.

പുറത്താക്കിയും പുറത്തേക്കിറങ്ങിയും ശോഷിച്ച പാര്‍ട്ടി

സി.പി.എം നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്നായിരുന്നു ജനതാദള്‍ എസില്‍ പിളര്‍പ്പുണ്ടായത്. 2009ല്‍ എം.പി വീരേന്ദ്രകുമാറിന് കോഴിക്കോട് ലോക്സഭാ സീറ്റ് നല്‍കിയില്ല. ഇത് ഇരുപാര്‍ട്ടികള്‍ക്കും ഇടയിലെ ഭിന്നത പരസ്യമായി. മുന്നണി വിടുന്ന ചര്‍ച്ചകള്‍ സജീവമായി. സി.കെ നാണു ഉള്‍പ്പെടെ പാര്‍ട്ടിയിലെ ഒരുവിഭാഗം ഇടതു മുന്നണി വിടുന്നതില്‍ വിയോജിച്ചു. വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ നിന്നു മാത്യു.ടി. തോമസ് പുറത്ത് വന്നു. ജനതാദളിലെ ഒരുവിഭാഗം മുന്നണി വിട്ടു. എം.എല്‍.എമാരായിരുന്ന എം.വി ശ്രേയാംസ്‌കുമാറും കെ.പി മോഹനനും എം.കെ പ്രേംനാഥും പാര്‍ട്ടിയില്‍ നിന്നു പുറത്ത് പോയെങ്കിലും മാത്യു.ടി.തോമസും ജോസ് തെറ്റയിലും ജനതാദള്‍ എസില്‍ തന്നെ നിന്നു. കെ.കൃഷ്ണന്‍കുട്ടി വീരേന്ദ്രകുമാറിനൊപ്പം നിന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറ്റൂര്‍ സീറ്റ് യു.ഡി.എഫ് നല്‍കാത്തതിനെത്തുടര്‍ന്ന് ജനതാദള്‍ എസിലേക്ക് മടങ്ങി. ജനതാദള്‍ എസ് ഇടതുമുന്നണിയിലും തുടര്‍ന്നു. എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് രൂപീകരിച്ച് യു.ഡി.എഫിനൊപ്പം ചേര്‍ന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ എസ് നാല് സീറ്റിലും എസ്.ജെ.ഡി രണ്ട് സീറ്റിലും വിജയിച്ചു. കെ.പി മോഹനന്‍ യു.ഡി.എഫ് മന്ത്രിസഭയിലെത്തി. 2014-ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ പാലക്കാട് സീറ്റ് യു.ഡി.എഫ് നല്‍കിയെങ്കിലും വീരേന്ദ്രകുമാറിന്റെ തോല്‍വി ദയനീയമായിരുന്നു. 105,300 വോട്ടുകള്‍ക്കായിരുന്നു എം.ബി രാജേഷിനോട് പരാജയപ്പെട്ടത്. ഈ പരാജയം കോണ്‍ഗ്രസുമായുള്ള ബന്ധം വഷളാക്കി. വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കിയെങ്കിലും പ്രശ്നങ്ങള്‍ അവസാനിച്ചില്ല. 2017-ല്‍ യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിന്റെ ഭാഗമായി. യു.ഡി.എഫ് നല്‍കിയ രാജ്യസഭാംഗത്വം ഒഴിഞ്ഞു. എല്‍.ഡി.എഫും വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കി. മരണ ശേഷം മകന്‍ എം.വി ശ്രേയാസ് കുമാര്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് രാജ്യസഭയിലെത്തി.

<div class="paragraphs"><p>എം.വി ശ്രേയാസ് കുമാര്‍</p></div>

എം.വി ശ്രേയാസ് കുമാര്‍

രാജ്യത്തെ മറ്റ് സോഷ്യലിസ്റ്റ് പാര്‍ട്ടികളിലെപ്പോലെ എല്‍.ജെ.ഡിയിലും മക്കള്‍ രാഷ്ട്രീയം പിടിമുറുക്കിയെന്ന വിമര്‍ശനം ഉള്ളില്‍ തന്നെ ശക്തമാണ്. ലാലുപ്രസാദും മകന്‍ തേജസ്വി യാദവും യു.പിയില്‍ മുലയാംസിങ്ങ് യാദവും അഖിലേഷ് യാദവും , കര്‍ണാടകയില്‍ ദേവഗൗഡയും കുമാരസ്വാമിയും എന്നതു പോലെ എം.പി വീരേന്ദ്രകുമാറിന്റെ പിന്‍ഗാമിയായി എം.വി ശ്രേയാംസ്‌കുമാര്‍ എത്തിയതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ട്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലാണ് നേതൃത്വം ഇടപെടുന്നതെന്ന് ആരോപിച്ച് ഷേയ്ക്ക്. പി. ഹാരിസിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം വിട്ടുപോയി.

ഷേയ്ക്ക്.പി. ഹാരിസിന്റെ വിമര്‍ശനം

2017-ലാണ് എല്‍.ഡി.എഫിന്റെ ഭാഗമാകുന്നത്. എല്‍.ജെ.ഡിക്ക് കിട്ടേണ്ട കാര്യങ്ങളില്‍ സി.പി.എമ്മുമായി സംസാരിച്ച് ഉറപ്പു വാങ്ങിയിട്ടുണ്ടെന്നായിരുന്നു വീരേന്ദ്രകുമാറും ശ്രേയാംസും സംസ്ഥാന കമ്മിറ്റിയെ അറിയിച്ചിരുന്നത്. പാര്‍ലമെന്റില്‍ ഒരു സീറ്റ്, നിയമസഭയില്‍ കാര്യമായ പരിഗണന, കോര്‍പ്പറേഷനുകളിലും ബോര്‍ഡുകളിലുമുള്ള സ്ഥാനങ്ങള്‍, മുന്നണി വിട്ടപ്പോള്‍ നഷ്ടപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഉറപ്പ് ലഭിച്ചെന്ന് പാര്‍ട്ടിയെ ബോധ്യപ്പെടുത്തി. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സീറ്റ് കിട്ടിയില്ല. അസംബ്ലി തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പരിഗണന ലഭിക്കുമെന്ന് ശ്രേയാംസ്‌കുമാര്‍ യോഗത്തില്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ കൂത്ത്പറമ്പ്, വടകര, കല്‍പ്പറ്റ എന്നീ മലബാറിലെ മൂന്ന് സീറ്റുകളാണ് കിട്ടിയത്. കല്‍പ്പറ്റ സീറ്റിന് വേണ്ടി വാശി പിടിച്ചതു കൊണ്ടാണ് മലബാറില്‍ മാത്രമായി ഒതുങ്ങിപ്പോയത്. രാജ്യസഭയില്‍ അംഗമായിരുന്ന ശ്രേയാംസ് കുമാര്‍ തെരഞ്ഞെടുപ്പില്‍ നിന്നു മാറി നില്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നു. അതിനും തയ്യാറായില്ല. ജയിക്കാവുന്ന രണ്ട് സീറ്റുകളാണ് നഷ്ടപ്പെട്ടത്. വടകര സോഷ്യലിസ്റ്റുകള്‍ നിലനിര്‍ത്തി പോന്നിരുന്ന സീറ്റാണ്. ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റായ കല്‍പ്പറ്റയും നഷ്ടപ്പെടുത്തി. അതിന് ശേഷം ചേര്‍ന്ന സംസ്ഥാനകമ്മിറ്റിയിലാണ് ഞങ്ങള്‍ തമ്മിലുള്ള ഭിന്നത വര്‍ദ്ധിക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാതൃഭൂമി പത്രം ബാധ്യതയായി മാറുന്നതായി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മാതൃഭൂമിയുടെ എം.ഡി പാര്‍ട്ടിയുടെ പ്രസിഡന്റായി നില്‍ക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമ്പോള്‍ സ്ഥാനത്ത് നിന്ന് ഒഴിയണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. ജനതാദള്‍ എസിലോ സമാജ് വാദി പാര്‍ട്ടിയിലോ ലയിക്കണമെന്ന നിര്‍ദേശവും അംഗീകരിച്ചില്ല. പാര്‍ട്ടി വളരെ ദുര്‍ബലമായി എന്ന വിലയിരുത്തലിലേക്ക് ഞങ്ങള്‍ക്ക് എത്തേണ്ടി വന്നു. ഈ സന്ദര്‍ഭത്തിലാണ് ഞങ്ങള്‍ പാര്‍ട്ടി വിട്ടത്.

കേരളത്തിലെ ജനതാ പാര്‍ട്ടികളുടെ ഐക്യം

വീരേന്ദ്രകുമാറും കൂട്ടരും മുന്നണിയിലേക്ക് തിരിച്ചെത്തിയതോടെ ഇരു ജനതാ പാര്‍ട്ടികളും ലയിക്കുകയെന്ന ചര്‍ച്ചകള്‍ ആരംഭിച്ചു. സി.പി.എം തന്നെ അത്തരമൊരു നിര്‍ദേശം ഇരുപാര്‍ട്ടികളുടെയും മുന്നില്‍ വെച്ചു. ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. ഇരുപാര്‍ട്ടികളും ചേര്‍ന്ന് ലയനത്തിനായി സബ്കമ്മിറ്റി രൂപീകരിച്ചു. എന്നാല്‍ ചര്‍ച്ച മുന്നോട്ട് നീങ്ങിയില്ല. പാര്‍ട്ടി പ്രസിഡന്റെന്ന നിലയില്‍ എം.വി ശ്രേയാംസ്‌കുമാര്‍ ചര്‍ച്ചകള്‍ക്ക് താല്‍പര്യമെടുത്തില്ലെന്നാണ് പാര്‍ട്ടിക്കുള്ളിലെ ഒരുവിഭാഗം ആരോപിച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ലയന കാര്യത്തില്‍ തീരുമാനമെടുക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ പാര്‍ട്ടി അംഗങ്ങള്‍ അയോഗ്യരാക്കപ്പെടുമെന്നതായിരുന്നു ലയനം നടക്കാത്തതിന് കാരണമായി എല്‍.ജെ.ഡി നേതൃത്വം പറഞ്ഞിരുന്നത്. ഇപ്പോള്‍ അത്തരം ചര്‍ച്ചകളിലേക്കില്ലെന്ന സൂചനയാണ് നേതൃത്വം നല്‍കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in