തടി വേണോ, ജീവന്‍ വേണോ? ചേവായൂര്‍ സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ് വിമതരെ ഭീഷണിപ്പെടുത്തിക്കൊണ്ട് കെ.സുധാകരന്‍ പറഞ്ഞത്

തടി വേണോ, ജീവന്‍ വേണോ? ചേവായൂര്‍ സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ് വിമതരെ ഭീഷണിപ്പെടുത്തിക്കൊണ്ട് കെ.സുധാകരന്‍ പറഞ്ഞത്
Published on

ചേവായൂര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ കോണ്‍ഗ്രസ് വിമതരെ ഭീഷണിപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ അവരെ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല. പ്രശ്‌നത്തില്‍ ഇടപെട്ട് പ്രവര്‍ത്തകരെ തൊടാന്‍ ശ്രമിച്ചാല്‍ തിരിച്ചടിയുണ്ടാകും. തടി വേണോ ജീവന്‍ വേണോയെന്ന് വിമതര്‍ക്ക് തീരുമാനിക്കാമെന്ന് സുധാകരന്‍ പറഞ്ഞു. എതിര്‍ക്കണ്ടേടത്ത് എതിര്‍ക്കണം, അടിക്കണ്ടേടത്ത് അടിക്കണം, കൊടുക്കണ്ടേടത്ത് കൊടുക്കണം. അവിടെയൊന്നും ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന ജി.സി.പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് 50ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. ചിലര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥികളായതോടെയാണ് അവരെ ഭീഷണിപ്പെടുത്താന്‍ സുധാകരന്‍ നേരിട്ട് എത്തിയത്.

കെ.സുധാകരന്റെ വാക്കുകള്‍

കേരളത്തിന്റെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഒരു സഹകരണ ബാങ്കിന്റെ ജനറല്‍ ബോഡി യോഗത്തില്‍ ആദ്യമായി പങ്കെടുക്കുന്ന ഒരു കെപിസിസി പ്രസിഡന്റാണ് ഞാന്‍. അങ്ങനെയൊരു സിസ്റ്റം ഇല്ല, ആരും പോകാറുമില്ല. പക്ഷേ, എന്റെ ചിന്തയും എന്റെ മനസും എന്റെ പ്രവര്‍ത്തനശൈലിയും പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും സംഭവിക്കുന്നയിടത്ത് അവിടെ ഇടം നോക്കാതെ എത്തുക, ആത്മവിശ്വാസം പകരുക എന്ന രാഷ്ട്രീയ ശൈലിയാണ് എന്റേത്. കണ്ണൂര്‍ ജില്ലയില്‍ നമുക്കറിയാം സിപിഎമ്മിന്റെ കോട്ടകൊത്തളമാണ്. ആ കോട്ട കൊത്തളത്തിലുള്ള എത്രയോ സഹകരണ ബാങ്കുകളില്‍ ഞങ്ങള്‍ അടിച്ച് ഇടിച്ച് പിടിച്ചു നിര്‍ത്തിയിട്ടാണ് സഹകരണ ബാങ്കുകള്‍ നിലനിര്‍ത്തിക്കൊണ്ടു പോകുന്നത്. പരിയാരം മെഡിക്കല്‍ കോളേജ് നിങ്ങള്‍ക്ക് അറിയാം. പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. അന്ന് തൃശൂര്‍ മുതലുള്ള സിപിഎമ്മിന്റെ ഗുണ്ടകളെ അവിടെ അണിനിരത്തിയിരുന്നു. പക്ഷേ, ആ അടി കൊണ്ടവര് ഓടി, തൃശൂര്‍ വരെ ഓടീട്ടുണ്ടാവും. ഞങ്ങള്‍ തിരിച്ചടിച്ചു. അവിടെയൊന്നും ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല. സമാധാനം പറഞ്ഞിട്ട് കാര്യമില്ല. എതിര്‍ക്കണ്ടേടത്ത് എതിര്‍ക്കണം, അടിക്കണ്ടേടത്ത് അടിക്കണം, കൊടുക്കണ്ടേടത്ത് കൊടുക്കണം. അതിന് മാത്രമേ വിലയുള്ളു, നിലയുള്ളു എന്ന് നിങ്ങള്‍ ഓര്‍ക്കുക. സിപിഎമ്മിന്റെ ഒരു സൂക്കേടാണ് ഇത്. കോണ്‍ഗ്രസിന്റെ ഏതാനും നേതാക്കന്‍മാരെ ചൊറിഞ്ഞു പിടിച്ച് അവരില്‍ നിന്ന് നിയമനത്തിന് കാശും കൊടുത്ത് അവരെ കൂടെ നിര്‍ത്തി ബാങ്ക് പിടിച്ചെടുക്കുന്ന സിസ്റ്റം.

ഞാന്‍ ഇന്നിവിടെ പറയുന്നു. ഞങ്ങളെ ഒറ്റുകൊടുത്ത് സിപിഎമ്മിന് ഈ ബാങ്കിനെ പതിച്ചുകൊടുക്കാന്‍ കരാര്‍ എടുത്തവരുണ്ടല്ലോ. അവര്‍ ഒന്ന് ഓര്‍ത്തോളൂ. എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് തന്നെ ജീവിക്കാന്‍ അനുവദിക്കില്ല എന്ന കാര്യം ഓര്‍മിപ്പിക്കുകയാണ്. ശൂലം എവിടെനിന്നാണ് വരികയെന്ന് ഞാന്‍ പറയുന്നില്ല. എവിടുന്നും വരാം. അതുകൊണ്ട് തടി വേണോ, ജീവന്‍ വേണോ. ഈ പ്രശ്‌നത്തില്‍ ഇടപെട്ട് ഞങ്ങളുടെ പ്രവര്‍ത്തകന്‍മാരെ തൊടാന്‍ ശ്രമിച്ചാല്‍ ആ ശ്രമത്തിന് തിരിച്ചടിയുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സഹകരണ ബാങ്ക് എന്നാല്‍ ജീവിതത്തിന് മാര്‍ഗ്ഗമാക്കി മാറ്റുകയാണ് ചിലര്‍. കഷ്ടപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി കൊടുക്കാതെ ആ ജോലി ഇടതുപക്ഷക്കാരനും ബിജെപിക്കാരനും കൊടുത്ത് കാശ് വാങ്ങി അതിന്റെ മധുരം നൊട്ടിനുണയുമ്പോള്‍ പിന്നെ കോണ്‍ഗ്രസും വേണ്ട, കോണ്‍ഗ്രസിന്റെ നേതാക്കന്‍മാരും വേണ്ട. അനുവദിക്കില്ല, അനുവദിക്കരുത്.

Related Stories

No stories found.
logo
The Cue
www.thecue.in