കെജ്രിവാളിനെ കാത്തിരിക്കുന്നത് മനീഷ് സിസോദിയയുടെ അതേ വിധിയോ? ഇഡിയും സിബിഐയും പിടിമുറുക്കുമ്പോള്‍

കെജ്രിവാളിനെ കാത്തിരിക്കുന്നത് മനീഷ് സിസോദിയയുടെ അതേ വിധിയോ? ഇഡിയും സിബിഐയും പിടിമുറുക്കുമ്പോള്‍

മദ്യനയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതിയോരോപണത്തില്‍ ഇഡി അറസ്റ്റ് ചെയ്ത് ജയിലിലായിരുന്ന അരവിന്ദ് കെജ്രിവാളിനെ കാത്തിരിക്കുന്നത് മനീഷ് സിസോദിയയുടെ അതേ വിധിയായിരിക്കുമോ. മദ്യനയക്കേസില്‍ 2023 ഫെബ്രുവരിയില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി സിസോദിയ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. ഇഡി കേസില്‍ അറസ്റ്റിലായി മൂന്ന് മാസം പിന്നിടുമ്പോള്‍ ജൂണ്‍ 20ന് കെജ്രിവാളിന് വിചാരണക്കോടതി ജാമ്യം അനുവദിച്ചതാണ്. എന്നാല്‍ തൊട്ടുപിന്നാലെ ഇഡിയുടെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം സ്‌റ്റേ ചെയ്തു. ഇതിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സിബിഐ അപ്രതീക്ഷിതമായി രംഗത്തെത്തുകയും അദ്ദേഹത്തെ ജയിലില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ കെജ്രിവാളിനെ മൂന്ന് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ഇഡി കേസില്‍ ജാമ്യം കിട്ടാനുള്ള സാധ്യതകള്‍ തെളിഞ്ഞിരിക്കെയാണ് സിബിഐയുടെ രംഗപ്രവേശം. ഇനി സിബിഐയുടെ ചോദ്യം ചെയ്യലും കോടതി നടപടികളും അടക്കം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കും. അതുവരെ കെജ്രിവാള്‍ ജയിലില്‍ തുടരേണ്ടി വരും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടമുന്‍പായി അറസ്റ്റിലായ കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം കിട്ടിയിരുന്നു. ജൂണ്‍ രണ്ടിന് ജാമ്യം അവസാനിച്ച് ജയിലില്‍ തിരിച്ചെത്തി. തന്റെ ഭര്‍ത്താവ് ജയിലിനുള്ളില്‍ത്തന്നെ കഴിയുന്നത് ഉറപ്പാക്കുകയാണ് ബിജെപിയെന്ന് കെജ്രിവാളിന്റെ ഭാര്യ അനിത കെജ്രിവാള്‍ ആരോപിച്ചു.

ഇതിനിടെ മനീഷ് സിസോദിയയെ കെജ്രിവാള്‍ കുറ്റപ്പെടുത്തിയതായി സിബിഐ കോടതിയില്‍ പറഞ്ഞു. മദ്യവിതരണത്തിന്റെ സ്വകാര്യവത്കരണമെന്ന ആശയം സിസോദിയയാണ് നിര്‍ദേശിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ കെജ്രിവാള്‍ പറഞ്ഞതായാണ് സിബിഐ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഈ ആരോപണം കെജ്രിവാള്‍ നിഷേധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in