തമ്മില്‍തല്ലും പിളര്‍പ്പും; വിഭാഗീയതയില്‍ ഇല്ലാതാകുമോ ഐ.എന്‍.എല്‍?

തമ്മില്‍തല്ലും പിളര്‍പ്പും; വിഭാഗീയതയില്‍ ഇല്ലാതാകുമോ ഐ.എന്‍.എല്‍?

കാല്‍നൂറ്റാണ്ട് കാത്തിരുന്ന ഇടതുമുന്നണി പ്രവേശനവും മന്ത്രിസ്ഥാനവും ലഭിച്ചിട്ടും രാഷ്ട്രീയ അതിജീവനത്തിന് ശ്രമിക്കാതെ തമ്മില്‍ത്തല്ലി പിളരുകയാണ് ഐ.എന്‍.എല്‍. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസിഡന്റ് എ.പി. അബ്ദുള്‍വഹാബും നേതൃത്വം നല്‍കുന്ന രണ്ട് പാര്‍ട്ടികളായി മാറിയതോടെ ഐ.എന്‍.എലിന് ലഭിച്ച മന്ത്രിസ്ഥാനം തുലാസിലാണ്. വിഭാഗീയത അവസാനിപ്പിച്ച് ഒന്നിച്ചു മുന്നോട്ട് പോകണമെന്ന സി.പി.എമ്മിന്റെ നിര്‍ദ്ദേശവും കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അനുനയ ശ്രമങ്ങളും തള്ളിയാണ് ഐ.എന്‍.എല്‍. ഇരു വിഭാഗങ്ങളായി മാറിയിരിക്കുന്നത്. അഹമ്മദ് ദേവര്‍കോവിലിനെ മാറ്റി പി.ടി.എ. റഹീമിനെ മന്ത്രിയാക്കണമെന്ന് അബ്ദുള്‍ വഹാബ് വിഭാഗം ഇടതുപക്ഷത്തോട് ആവശ്യപ്പെട്ടേക്കും. സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ഐ.എന്‍.എലിന്റെ മുന്നണിയിലെയും മന്ത്രിസഭയിലെയും ഭാവി സംബന്ധിച്ച് എല്‍.ഡി.എഫ് തീരുമാനമെടുക്കും. ഐ.എന്‍.എല്‍ കാസിം ഇരിക്കൂര്‍ വിഭാഗത്തെയാണോ ഐ.എന്‍.എല്‍ വഹാബ് വിഭാഗത്തെയാണോ ഇടതുമുന്നണി കൂടെ നിര്‍ത്തുകയെന്നത് ഇരുവിഭാഗത്തിനും നിര്‍ണായകമാണ്.

വഹാബ് വിഭാഗമാണ് ആദ്യം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചത്. മാര്‍ച്ച് 30-ന് കോഴിക്കോട് യോഗം ചേര്‍ന്ന് എ.പി. അബ്ദുള്‍ വഹാബിനെ പ്രസിഡന്റായും സി.പി. നാസര്‍കോയ തങ്ങളെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. എന്‍.കെ. അബ്ദുള്‍ അസീസാണ് ഓര്‍ഗനൈസിംഗ് സെക്രട്ടറി. പിന്നാലെ കാസീം ഇരിക്കൂര്‍ വിഭാഗവും പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു.

അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്റെ നിരീക്ഷണത്തില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പ്രസിഡന്റായും കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. എ.പി.അബ്ദുള്‍ വഹാബ് പക്ഷം പ്രഖ്യാപിച്ച കമ്മിറ്റിയെ ഐ.എന്‍.എല്‍ ഔദ്യോഗിക വിഭാഗം തള്ളി. വഹാബ് പക്ഷം ഐ.എന്‍.എല്ലിന്റെ പേരും കൊടിയും ഉപയോഗിക്കുന്നതിനെതിരെ നിയമനടപടി ആരംഭിച്ചതായും കാസിം ഇരിക്കൂര്‍ അറിയിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ഐ.എന്‍.എല്‍. ആരാണെന്ന ബോധ്യം സി.പി.എമ്മിനും എല്‍.ഡി.എഫിനും ഉണ്ടെന്നാണ് ഇരുപക്ഷത്തിന്റെയും വാദം.

ലീഗില്‍ നിന്നും പിളര്‍ന്ന ഐ.എന്‍.എല്‍.

ബാബ്റി മസ്ജിദ് പൊളിച്ചതിന് പിന്നാലെയുണ്ടായ രാഷ്ട്രീയസാഹചര്യത്തില്‍ നിന്നാണ് ഐ.എന്‍.എല്ലിന്റെ പിറവി. മസ്ജിദ് പൊളിച്ച സംഭവത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചില്ലെന്നതായിരുന്നു മുസ്ലിം ലീഗിലെ ഒരുവിഭാഗത്തിന്റെ വിമര്‍ശനം. കോണ്‍ഗ്രസിന്റേത് മൃദുഹിന്ദുത്വ നിലപാടാണെന്നും സംസ്ഥാനഭരണത്തില്‍ നിന്നും ലീഗ് പിന്‍വാങ്ങണമെന്നും ഈ വിഭാഗം ആവശ്യപ്പെട്ടു. കോണ്‍ഗ്രസുമായുള്ള ബന്ധം ആവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന് ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ട് പ്രഖ്യാപിച്ചു. ഇതിന്റെ പേരില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ദേശീയ പ്രസിഡന്റിനെ ശാസിച്ചു. ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ പിന്തുണച്ചവര്‍ ചേര്‍ന്ന് ഖാഇദെ മില്ലത്ത് കള്‍ച്ചറല്‍ ഫോറം രൂപീകരിച്ചു. ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന ജി.എം. ബനാത്ത് വാല പാണക്കാടെത്തി ചര്‍ച്ച നടത്തി. പി.എം. അബൂബക്കറും യു.എ. ബീരാനും ഇബ്രാഹിം സുലൈമാന്‍ സേട്ടിനൊപ്പം നിന്നു. ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ വെച്ച് ഇബ്രാഹിം സുലൈമാന്‍ സേട്ട് പ്രസിഡന്റ് പദവി ഒഴിയുന്നതായി അറിയിച്ചു. ഗുരുവായൂര്‍ എം.എല്‍.എയായിരുന്ന പി.എം അബൂബക്കര്‍ സ്ഥാനം രാജിവെച്ചു.

1994 ഏപ്രില്‍ 23-ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിച്ചു. ഡല്‍ഹിയിലായിരുന്നു പ്രഖ്യാപനം. ഇടതുപക്ഷത്തോടൊപ്പമായ ഐ.എന്‍.എല്‍. ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ലീഗിന്റെ കുത്തക തകര്‍ത്ത് മണ്ഡലം ഇടതുപക്ഷത്തേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച ചലച്ചിത്ര പ്രവര്‍ത്തകന്‍ പി.ടി കുഞ്ഞുമുഹമ്മദിനായിരുന്നു വിജയം. എം.പി. അബ്ദുള്‍ സമദ് സമദാനിയായിരുന്നു ലീഗ് സ്ഥാനാര്‍ത്ഥി.

ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമ്പോഴും മുന്നണിയിലെടുക്കാതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധത്തിനിടയാക്കി. നേതൃത്വം ഇക്കാര്യം നിരന്തരം ആവശ്യപ്പെട്ടു. ഇടതുമുന്നണി തയ്യാറാകാതിരുന്നതോടെ ഐ.എന്‍.എല്‍ പിളര്‍ന്നു. 2011-ല്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകന്‍ സിറാബ് ഇബ്രാഹീം സേട്ട്, പി.എം.എ. സലാം, എന്‍. എ നെല്ലിക്കുന്ന് എന്നിവര്‍ മുസ്ലിം ലീഗിനൊപ്പം ചേര്‍ന്നു. എ.പി. അബ്ദുള്‍വഹാബും അഹമ്മദ് ദേവര്‍കോവിലും നേതൃത്വം നല്‍കുന്ന വിഭാഗം ഇടതുമുന്നണിക്കൊപ്പം തന്നെ നിന്നു. ആ നേതൃത്വമാണ് വീണ്ടും പാര്‍ട്ടിയെ പിളര്‍ത്തിയിരിക്കുന്നത്.

ചേരിതിരിഞ്ഞ് തമ്മില്‍ത്തല്ല്

ജനറല്‍ സെക്രട്ടറി കാസീം ഇരിക്കൂറും പ്രസിഡന്റ് എ.പി. അബ്ദുള്‍വഹാബും രണ്ട്പക്ഷത്തായി നിന്നുള്ള ചേരിപ്പോരാണ് ഐ.എന്‍.എലിനെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചത്. കാസിം ഇരിക്കൂര്‍ ജനറല്‍ സെക്രട്ടറിയായതോടെയാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. കാസിം ഇരിക്കൂരിനൊപ്പം നിന്ന അിലേന്ത്യാ ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവിലിനെതിരെയും പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുയര്‍ന്നു. 2016-ല്‍ കോഴിക്കോട് സൗത്തില്‍ അബ്ദുള്‍ വഹാബ് മത്സരിച്ചപ്പോള്‍ സിമി ബന്ധമുണ്ടായിരുന്നുവെന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നത് അഹമ്മദ് ദേവര്‍കോവിലാണെന്ന പരാതി മറുവിഭാഗത്തിനുണ്ടായിരുന്നു. കാസിം നേതൃത്വം ഏറ്റെടുത്തതോടെ അഹമ്മദ് ദേവര്‍കോവിലും ഒപ്പം ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് ദേവര്‍കോവിലിനെ മത്സരിപ്പിക്കാനായി കാസിം ഇരിക്കൂരും ദേശീയ നേതൃത്വവും ഇടതുനേതാക്കളെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു. മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അഹമ്മദ് ദേവര്‍കോവിലിന്റെ പേഴ്സണ്‍സ്റ്റാഫിലേക്ക് കാസിം ഇരിക്കൂര്‍പക്ഷത്തിന് താല്‍പര്യമുള്ളവരെ മാത്രമാണ് നിയമിച്ചതെന്നും അബ്ദുള്‍വഹാബ് പക്ഷത്തെ തീര്‍ത്തും അവഗണിച്ചുവെന്നുമായിരുന്നു പരാതി. സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ഒരുവിഭാഗം വിട്ടുനിന്നു. സര്‍ക്കാരിന്റെ ഭാഗമായി ലഭിച്ച സ്ഥാനങ്ങളുടെ പേരിലും ഇരുവിഭാഗവും തര്‍ക്കമായി. ഇതിടെയാണ് 2021 ജൂലൈയില്‍ എറണാകുളത്ത് നടന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം കയ്യാങ്കളിയിലെത്തിയത്. പാര്‍ട്ടി പിളര്‍ന്നതായി നേതൃത്വം പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുള്‍ വഹാബ് അറിയിച്ചു. വര്‍ക്കിംഗ് പ്രസിഡന്റിന് താല്‍ക്കാലിക ചുമതല നല്‍കി. സംസ്ഥാന സെക്രട്ടറിയേറ്റിലെയും സംസ്ഥാന കൗണ്‍സിലിലെയും ഭൂരിഭാഗം അംഗങ്ങളും തങ്ങള്‍ക്കൊപ്പമാണെന്നായിരുന്നു വഹാബിന്റെ അവകാശവാദം. വഹാബിനൊപ്പം നില്‍ക്കുന്നവരെ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാനെ സ്വാധീനിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കാസിം വിഭാഗത്തിന് കഴിഞ്ഞു.

ദേശീയ നേതൃത്വം ഒപ്പം നില്‍ക്കുന്നുവെന്നതായിരുന്നു കാസിം ഇരിക്കൂര്‍ പക്ഷത്തിന്റെ പ്രധാന ആയുധം. അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ കാസിം ഇരിക്കൂറിന്റെയും സംഘത്തിന്റെ തീരുമാനങ്ങള്‍ക്കൊപ്പമായിരുന്നു. മുസ്ലിം ലീഗില്‍ പാണക്കാട് തങ്ങള്‍മാര്‍ക്ക് ലഭിക്കുന്നത് പോലെയാണ് ഐ.എന്‍.എല്ലില്‍ ദേശീയ പ്രസിഡന്റിന്റെ സ്ഥാനം. പാര്‍ട്ടി രൂപീകരിച്ച ഘട്ടത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെതായിരുന്നു അന്തിമവാക്ക്. ആ അധികാരം പിന്നീടുള്ള ദേശീയ പ്രസിഡന്റുമാര്‍ക്കും ലഭിക്കുന്നു. ദേശീയ പ്രസിഡന്റ് ആര്‍ക്ക് ഒപ്പം നില്‍ക്കുന്നുവോ അവര്‍ക്കാണ് പാര്‍ട്ടിയില്‍ മേല്‍ക്കൈ. പ്രൊഫ. മുഹമ്മദ് സുലൈമാന്റെ പോപ്പുലര്‍ ഫ്രണ്ട്, വെല്‍ഫെയര്‍ ബന്ധം ചര്‍ച്ചയാക്കാന്‍ മറുപക്ഷം ശ്രമിച്ചു. പോപ്പുലര്‍ ഫ്രണ്ട് ചാരിറ്റി സംഘടനയായ റിഹാബ് ഫൗണ്ടേഷന്റെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും പരിപാടികളില്‍ മുഹമ്മദ് സുലൈമാന്‍ പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.

കാന്തപുരത്തിന്റെ അനുനയനീക്കവും സി.പി.എം ഇടപെടലും

ലീഗിലൂടെ യു.ഡി.എഫ്.സമുദായ വോട്ടുകളില്‍ മേല്‍ക്കൈ നേടിയിരുന്നെങ്കിലും ഐ.എന്‍.എല്‍ ഇടതുപക്ഷത്തെ മുസ്ലിം മുഖമാണ്. തുടക്കം മുതല്‍ ഉറച്ചു നിന്ന ഐ.എന്‍.എലിനെ ഘടകകക്ഷിയാക്കുകയും രണ്ടര വര്‍ഷത്തേക്ക് മന്ത്രിസ്ഥാനം എല്‍.ഡി.എഫ് പങ്കിട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ ഐ.എന്‍.എലിലെ വിഭാഗീയത ഇടതുപക്ഷത്തിനും തലവേദനയായി. തെരഞ്ഞെടുപ്പില്‍ സീറ്റ് മോഹിച്ചവരാണ് പ്രശ്നങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു കാസിം വിഭാഗത്തിന്റെ ഒളിയമ്പ്. ഈ വിഭാഗം തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പാര്‍ട്ടി അന്വേഷണവും പ്രഖ്യാപിച്ചു.

തര്‍ക്കങ്ങള്‍ പരിഹരിച്ച് ഒറ്റ പാര്‍ട്ടിയായി മുന്നോട്ട് പോകണമെന്ന് ഐ.എന്‍.എല്ലിന് സി.പി.എം സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ സമവായശ്രമങ്ങള്‍ നടത്താന്‍ സി.പി.എം ചുമതലപ്പെടുത്തി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ മകനും കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ ഡോ.എ.പി അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തിലായിരുന്നു സമവായശ്രമങ്ങള്‍ നടന്നത്. പല തവണകളായി ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല. നേതൃസ്ഥാനത്തെ ചൊല്ലിയായിരുന്നു പ്രധാന തര്‍ക്കം. കാസിം ഇരിക്കൂര്‍ മാറിയാല്‍ താനും മാറാന്‍ തയ്യാറാണെന്ന് അബ്ദുല്‍ വഹാബ് നിലപാടെടുത്തു.

സമവായശ്രമം ഫലം കാണില്ലെന്ന് വ്യക്തമായതോടെ കാന്തപുരം വിഭാഗം പിന്‍മാറുകയാണെന്ന് അറിയിച്ചു. സമവായ ചര്‍ച്ചയെച്ചൊല്ലിയും ഇരുപക്ഷവും തമ്മില്‍ തര്‍ക്കമായി. മൂന്ന് തവണയായി ചര്‍ച്ച നടത്തിയിട്ടും ഫലം കാണാത്തതിനാല്‍ മധ്യസ്ഥശ്രമം ഉപേക്ഷിച്ചതായി കാന്തപുരം വിഭാഗം അറിയിച്ചു. ദേശീയ നേതൃത്വവും മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഏകപക്ഷീയമായ നിലപാടെടുത്തതാണ് മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമെന്ന ആരോപണവും മറുവിഭാഗം ഉയര്‍ത്തി. ദേശീയ പ്രസിഡന്റ് പ്രൊഫ.മുഹമ്മദ് സുലൈമാന്‍ കാസിം വിഭാഗത്തിനൊപ്പം നിന്നുവെന്നതായിരുന്നു വഹാബ് പക്ഷത്തെ ചൊടിപ്പിച്ചത്. തുടക്കത്തില്‍ നിഷ്പക്ഷ നിലപാടാണെന്ന് കരുതിയിരുന്ന മന്ത്രി അഹമ്മദ് ദേവര്‍കോവിലും അവസാനം നിലപാട് മാറ്റുകയായിരുന്നു, കാസിം പക്ഷത്തിന്റെ പരിപാടികളിലും വാര്‍ത്താ സമ്മേളനത്തിലും പങ്കെടുത്തു ആ പക്ഷത്തിനൊപ്പമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. പിരിച്ചുവിട്ട സംസ്ഥാന നേതാക്കളായ ബഷീര്‍ ബടേരിയെയും എന്‍.കെ അബ്ദുല്‍ അസീസിനെയും തിരിച്ചെടുക്കണമെന്ന വഹാബ് പക്ഷത്തിന്റെ ആവശ്യം കാസിം പക്ഷം അംഗീകരിക്കാത്തതായിരുന്നു മധ്യസ്ഥശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്.

ചര്‍ച്ചകള്‍ക്കൊടുവില്‍ കാന്തപുരം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു. സംസ്ഥാനകമ്മിറ്റിയുടെ അംഗീകാരമില്ലാതെ ദേശീയ പ്രസിഡന്റോ കമ്മിറ്റിയോ കേരള ഘടകത്തിലെ കാര്യങ്ങളില്‍ ഇടപെടരുതെന്നും സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീക്കാന്‍ പത്തംഗ സമിതിയെ ചുമതലപ്പെടുത്തുമെന്നതുമായിരുന്നു കാന്തപുരത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടത്. ഇത് ഇരുവിഭാഗവും അംഗീകരിച്ചതോടെ പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമായി.

സംസ്ഥാന സമിതി പിരിച്ചുവിട്ട് ദേശീയ നേതൃത്വം; പിളര്‍ത്തി സംസ്ഥാന നേതൃത്വം

കാന്തപുരം മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ ഐ.എന്‍.എല്‍. നേതൃത്വം നടപ്പാക്കാതിരുന്നതോടെ ഭിന്നത വീണ്ടും തലപൊക്കി. പ്രശ്നപരിഹാരത്തിന് നേതൃത്വം തന്നെ തടസ്സം നിന്നതിനാല്‍ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും ഹജ്ജ് കമ്മിറ്റിയില്‍ നിന്നും ഐ.എന്‍.എല്ലിനെ മാറ്റിനിര്‍ത്തി സി.പി.എം കൃത്യമായ സൂചന നല്‍കി. 2006 മുതല്‍ എല്‍.ഡി.എഫ് ഭരണകാലത്ത് സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ ഐ.എന്‍.എല്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നുണ്ട്. കഴിഞ്ഞ കമ്മിറ്റിയില്‍ തൃക്കരിപ്പൂരിലെ ഐ.എന്‍.എല്‍ നേതാവ് ഷംസുദ്ദീനായിരുന്നു പ്രതിനിധി.

അനുനയ ചര്‍ച്ചകളിലൂടെ പരിഹാരം കാണാനാകാതെ വന്നതോടെ സ്വന്തം പരിപാടികളുമായി മുന്നോട്ട് പോകാന്‍ ഐ.എന്‍.എലിലെ ഇരുവിഭാഗവും തീരുമാനിച്ചു. സംസ്ഥാന കൗണ്‍സില്‍ വിളിച്ച് ചേര്‍ക്കാനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും പ്രഖ്യാപിച്ചു. ശക്തിപ്രകടനങ്ങള്‍ നടന്നു. ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേക്ക് ഇരുവിഭാഗത്തിനും സമ്മതരായ വ്യക്തികളെ നിര്‍ദേശിക്കാന്‍ പോലും ഐ.എന്‍.എലിന് കഴിയാത്ത സ്ഥിതി വന്നു. ഇതോടെ തര്‍ക്കം രൂക്ഷമായി. ദേശീയ പ്രസിഡന്റ് ഐ.എന്‍.എല്‍ സംസ്ഥാന സമിതിയെ പിരിച്ചുവിട്ടു. അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. അത് വഹാബ് വിഭാഗം അംഗീകരിച്ചില്ല. പ്രത്യേക യോഗം ചേര്‍ന്ന് പഴയ ഐ.എന്‍.എല്‍ തന്നെയാണെന്ന് വഹാബ് വിഭാഗം പ്രഖ്യാപിച്ചു. അച്ചടക്ക നടപടിയെന്ന പേരില്‍ വഹാബ് വിഭാഗത്തെ കസീം വിഭാഗം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ തനിക്കൊപ്പമാണെന്നും നടപടി അംഗീകരിക്കില്ലെന്നും വഹാബ് നിലപാട് അറിയിച്ചു. ഫെബ്രുവരി 17ന് ഐ.എന്‍.എല്‍. ഔദ്യോഗികമായി പിളര്‍ന്നു. പുതിയ ഭാരവാഹികളെ ഇരുപക്ഷവും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിയമനടപടികളിലേക്കാണ് നീങ്ങുന്നത്. ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കിയ കാസിം ഇരിക്കൂര്‍-അഹമ്മദ് ദേവര്‍കോവില്‍ വിഭാഗത്തിനൊപ്പം എല്‍.ഡി.എഫ് നില്‍ക്കുമോ എന്നതിലാണ് കാത്തുകാത്തിരുന്ന് കിട്ടിയ മുന്നണി പ്രവേശനത്തിന്റെയും മന്ത്രിസ്ഥാനത്തിന്റെയും ഭാവി.

Related Stories

No stories found.
The Cue
www.thecue.in