‘രാജിവാര്‍ത്ത ചിലരുടെ ഉദ്ദേശ്യം’; തനിക്കെതിരെ വിഭാഗീയനീക്കമുണ്ടെന്ന സൂചന നല്‍കി കോടിയേരി
പാര്‍ട്ടിയില്‍ ഒരു വിഭാഗം തനിക്കെതിരെ നീക്കം നടത്തുന്നതിന്റെ പരോക്ഷ സൂചന നല്‍കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മകന്‍ ബിനോയ്‌ക്കെതിരായ ലൈംഗീക പീഡനപരാതിയേത്തുടര്‍ന്ന് താന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിക്കുമെന്നുള്ള വാര്‍ത്ത ചിലരുടെ ഉദ്ദേശ്യം മാത്രമാണെന്ന് കോടിയേരി പറഞ്ഞു. രാജിക്കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും മകനെ താനോ സിപിഐഎമ്മോ സംരക്ഷിക്കില്ലെന്നും കോടിയേരി സിപിഐഎം സംസ്ഥാനസെക്രട്ടേറിയറ്റിന് ശേഷം വിളിച്ചുചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സിഒടി നസീറിനെതിരെയുണ്ടായ ആക്രമണം കണ്ണൂര്‍ സിപിഐഎമ്മിലെ വിഭാഗീയതയുടെ തുടര്‍ച്ചയാണെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് കോടിയേരിയുടെ പരാമര്‍ശം. കോടിയേരി രാജിവെക്കേണ്ടി വന്നേക്കുമെന്ന സൂചനകള്‍ പാര്‍ട്ടിവൃത്തങ്ങളില്‍ നിന്ന് തന്നെ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു.
നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ ഉത്തരവാദിത്തമാണ്. നിയമപരമായി നേരിടാന്‍ മകന്‍ തയ്യാറായിട്ടുണ്ട്.
കോടിയേരി ബാലകൃഷ്ണന്‍
താനോ പാര്‍ട്ടിയോ ബിനോയിയെ സംരക്ഷിക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പാര്‍ട്ടി ഈ കാര്യത്തില്‍ ഇടപെടില്ല. പാര്‍ട്ടി നിലപാട് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. ബിനോയിയുടെ പിന്നാലെ എപ്പോഴും നടക്കാറില്ല. ബിനോയ് എവിടെയാണെന്ന് അറിയില്ല. മുംബൈ പൊലീസിന്റെ പണിയല്ല താനെടുക്കുന്നത്. ബിനോയി പ്രായപൂര്‍ത്തിയായ, പ്രത്യേകകുടുംബമായി താമസിക്കുന്ന ആളാണ്. ബിനോയിയെ കണ്ടിട്ട് കുറേ ദിവസങ്ങളായി. പരാതിക്കാരിയായ യുവതിയുമായോ കുടുംബവുമായോ സംസാരിച്ചിട്ടില്ല. സംഭവത്തേക്കുറിച്ച് അറിഞ്ഞത് കേസ് വന്നപ്പോഴാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.