സതീശനും സുധാകരനും ഒത്തുതീര്‍പ്പിലേക്ക്; പുനഃസംഘടനാ പട്ടിക ഉടന്‍

സതീശനും സുധാകരനും ഒത്തുതീര്‍പ്പിലേക്ക്; പുനഃസംഘടനാ പട്ടിക ഉടന്‍

കോണ്‍ഗ്രസിലെ പുനഃസംഘടന പട്ടിക സംബന്ധിച്ച പ്രതിസന്ധിക്ക് പരിഹാരമാകുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നടത്തിയ ചര്‍ച്ചയിലൂടെയാണ് സമവായത്തിലേക്ക് എത്തിയിരിക്കുന്നത്. ഇന്നലെ തന്നെ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പട്ടിക ഉടന്‍ പുറത്തിറക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

പുനഃസംഘടനാ പട്ടിക അന്തിമരൂപത്തിലെത്തിയപ്പോഴായിരുന്നു ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍. സംസ്ഥാനത്ത് നിന്നുള്ള എം.പിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതിയെ തുടര്‍ന്നാണ് പുനഃസംഘടനാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നിര്‍ദേശിച്ചത്. കെ.സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമാണ് ഇതിന് പിന്നിലെന്ന് കെ.സുധാകരനുമായി അടുപ്പമുള്ളവര്‍ ആരോപിച്ചിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പായി പുനഃസംഘടന നടത്തി പാര്‍ട്ടി പിടിച്ചെടുക്കാനാണ് കെ.സുധാകരന്റെ നീക്കമെന്നായിരുന്നു മറുപക്ഷത്തിന്റെ ആരോപണം. പ്രതിപക്ഷ സ്ഥാനം നഷ്ടപ്പെട്ടതും ഗ്രൂപ്പ് ദുര്‍ബലമായതും രമേശ് ചെന്നിത്തലയെ കെ.സുധാകരനോട് അടുപ്പിക്കുകയായിരുന്നു.

പുനഃസംഘടന മരവിപ്പിച്ചതിനെതിരെ ഹൈക്കമാന്‍ഡിന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ കത്തെഴുതി. ഗ്രൂപ്പുകള്‍ പാടില്ലെന്ന് നിര്‍ദേശിച്ച നേതാക്കളുടെ നേതൃത്വത്തില്‍ തന്നെ പുതിയ ഗ്രൂപ്പുകള്‍ സജീവമായി. രമേശ് ചെന്നിത്തലയും കെ.മുരളീധരനും കെ.സുധാകരനൊപ്പം ചേര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ മൗനാനുവാദത്തോടെ എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ വി.ഡി സതീശനെ പിന്തുണച്ചു. എന്നാല്‍ വി.ഡി സതീശന്‍ പരസ്യമായി ഇത് നിഷേധിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ലെന്ന് വി.ഡി സതീശന്‍ ആവര്‍ത്തിച്ചു.

പുനഃസംഘടനക്കെതിരെ ഹൈക്കമാന്‍ഡിനെ സമീപിച്ചവരെക്കുറിച്ചും നേതാക്കള്‍ കൈമലര്‍ത്തുകയാണ്. പരാതി നല്‍കിയിട്ടില്ലെന്ന് കെ.മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതിയുള്ളവര്‍ക്ക് അത് പറയാന്‍ അവസരമുണ്ട്. പരാതികള്‍ പരിഹരിക്കുമെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.

കെ.സുധാകരനൊപ്പം നില്‍ക്കുന്നവര്‍ പല ജില്ലകളിലും മേധാവിത്തം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് മറുപക്ഷത്തിന്റെ പരാതി. ഗ്രൂപ്പ് വേണ്ടെന്ന് തീരുമാനിച്ചവര്‍ തന്നെ സംഘടനാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിഭാഗീയതയുണ്ടാക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. സെമി കേഡര്‍ സിസ്റ്റത്തിലേക്ക് മാറി അച്ചടക്കം കൊണ്ടുവരാനുള്ള പുതിയ നേതൃത്വത്തിന്റെ ശ്രമങ്ങള്‍ക്ക് അവര്‍ തന്നെ തുരങ്കം വെയ്ക്കുകയാണെന്നുള്ള വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in