ഡല്‍ഹി വിമാനത്താവളത്തിലെ തകര്‍ന്ന ഭാഗം ഉദ്ഘാടനം ചെയ്തത് ആരെന്ന് തര്‍ക്കം, പക്ഷേ ജബല്‍പൂരില്‍ തര്‍ക്കമില്ല

ഡല്‍ഹി വിമാനത്താവളത്തിലെ തകര്‍ന്ന ഭാഗം ഉദ്ഘാടനം ചെയ്തത് ആരെന്ന് തര്‍ക്കം, പക്ഷേ ജബല്‍പൂരില്‍ തര്‍ക്കമില്ല

വെള്ളിയാഴ്ചയാണ് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിന്റെയും മധ്യപ്രദേശിലെ ജബല്‍പൂര്‍ വിമാനത്താവളത്തിന്റെയും മേല്‍ക്കൂര തകര്‍ന്നു വീണ് അപകടമുണ്ടായത്. ഡല്‍ഹിയിലെ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ജബല്‍പൂരില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥന്‍ എത്തിയ കാറിനു മേലാണ് മേല്‍ക്കൂര പതിച്ചതെങ്കിലും കാറിലുണ്ടായവര്‍ പുറത്തിറങ്ങിയതിനു ശേഷമായിരുന്നു സംഭവമെന്നതുകൊണ്ട് അത്യാഹിതമൊന്നും സംഭവിച്ചില്ല. ഡല്‍ഹിയിലെ ദുരന്തത്തിനു പിന്നാലെ ആരാണ് അപകടമുണ്ടായ ഭാഗം ഉദ്ഘാടനം ചെയ്തതെന്ന വിഷയത്തില്‍ ചില ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നു. തകര്‍ന്നുവീണ ഭാഗം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നു കൊടുത്തതാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. മോദി ഉദ്ഘാടനം നിര്‍വഹിച്ചവയൊക്കെ ഇങ്ങനെ തകര്‍ന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ പറഞ്ഞു. നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ യുപിഎ കാലത്ത് നിര്‍മിച്ച് ഉദ്ഘാടനം ചെയ്ത ഭാഗമാണ് തകര്‍ന്നതെന്ന വാദവുമായി ബിജെപിയും രംഗത്തെത്തി. പക്ഷേ, ജബല്‍പൂരില്‍ അങ്ങനെയൊരു തര്‍ക്കം ഇതുവരെയുണ്ടായിട്ടില്ല. വിമാനത്താവളത്തിന്റെ അപകടമുണ്ടായ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനം കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍വഹിച്ചത്. കനത്ത മഴയില്‍ മേല്‍ക്കൂര തകര്‍ന്ന് വീഴുകയായിരുന്നു. ആദ്യ മഴയില്‍ തന്നെ മേല്‍ക്കൂര പൊളിഞ്ഞുവീണ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. പുലര്‍ച്ചെ 5 മണിക്കാണ് ഡല്‍ഹിയില്‍ ദുരന്തമുണ്ടായത്. ഇതേത്തുടര്‍ന്ന് ടെര്‍മിനല്‍ അടച്ചിട്ടു. സര്‍വീസുകളും റദ്ദാക്കിയിരുന്നു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവില്‍ ആദ്യത്തെ മഴയില്‍ തന്നെ ചോര്‍ന്നൊലിച്ചത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ്. സംഭവത്തില്‍ മുഖ്യ പുരോഹിതന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയിലെ അടല്‍ സേതു പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയ സംഭവവും ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് റിപ്പോര്‍ട്ട് ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in