പി ജയരാജന്റെ പാര്‍ട്ടിയിലെ ഭാവി എന്താകും 

പി ജയരാജന്റെ പാര്‍ട്ടിയിലെ ഭാവി എന്താകും 

വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ തോല്‍വിക്ക് ശേഷം പി ജയരാജന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച ചര്‍ച്ചകള്‍ അണികള്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ് വടകര ലോകസഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്. കൈവിട്ട കോട്ട തിരിച്ചു പിടിക്കാനുള്ള ചുമതലയേല്‍പ്പിച്ച പാര്‍ട്ടി നേതൃത്വം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം എം വി ജയരാജന് നല്‍കി.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടത്തില്‍ വടകര മണ്ഡലം തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലേക്ക് പാര്‍ട്ടി എത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിലുണ്ടായ അനിശ്ചിതത്വവും വിശ്വാസത്തിന് ബലമേകി. എന്നാല്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥി സാധ്യതാ ലിസ്റ്റുകള്‍ക്കപ്പുറം കെ മുരളീധരന്‍ വട്ടിയൂര്‍കാവില്‍ നിന്നും വടകരയിലെത്തി. ഇതോടെ ചിത്രം മാറി. ആര്‍ എം പി സ്ഥാനാര്‍ത്ഥിയെ കൂടി നിര്‍ത്താതെ യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രീയ കൊലപാതകം യുഡിഎഫ് പ്രധാന പ്രചരണായുധമാക്കി. സംസ്ഥാനത്തങ്ങോളമിങ്ങോളം ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തില്‍ പി ജയരാജനെന്ന കണ്ണൂരിലെ കരുത്തനും അടിതെറ്റി. കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞാലും തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ഭൂരിപക്ഷത്തിലൂടെ മറികടക്കാന്‍ കഴിയുമെന്ന കണക്കു കൂട്ടലാണ് പിഴച്ചത്.

തോല്‍വിയേറ്റുവാങ്ങി കണ്ണൂരില്‍ തിരിച്ചെത്തുന്ന പി ജയരാജന്റെ രാഷ്ട്രീയ ഭാവിയാണ് ചോദ്യമാകുന്നത്. നിലവില്‍ സംസ്ഥാന സമിതി അംഗമാണ് ജയരാജന്‍. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്നവര്‍ സംസ്ഥാന നേതൃത്വത്തിലേക്കെത്തുന്നതാണ് പതിവ്. ടി. ഗോവിന്ദനും പി ശശിയുമാണ് ജയരാജന് മുമ്പ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്താതെ സ്ഥാനം ഒഴിഞ്ഞ ജില്ലാ സെക്ട്രട്ടറിമാര്‍. പി ശശിയെ സ്ത്രീ പീഡന പരാതിയെത്തുടര്‍ന്ന് പുരത്താക്കുകയായിരുന്നു. ടി ഗോവിന്ദന്‍ എം പിയായപ്പോഴാണ് പദവി ഒഴിഞ്ഞത്.

പി ശശിയെ പുറത്താക്കിയപ്പോഴാണ് പി ജയരാജന്‍ ജില്ലാ സെക്രട്ടറിയാകുന്നത്. പിന്നീട് രണ്ട് തവണ സമ്മേളനം സെക്രട്ടറിയായി തിരഞ്ഞെടുത്തു.കഴിഞ്ഞ സമ്മേളനത്തില്‍ പി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. കേസില്‍ പ്രതിയായിരിക്കുമ്പോള്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം വീണ്ടും ജില്ലാ സെക്രട്ടറിയാവാന്‍ പി ജയരാജനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് നടന്ന സംസ്ഥാന സമ്മേളനത്തില്‍ പി രാജീവും കെ എന്‍ ബാലഗോപാലും സംസ്ഥാന സെക്രട്ടറിയേറ്റിലെത്തി. എന്നാല്‍ ജയരാജനെ പരിഗണിച്ചില്ല.

കണ്ണൂരില്‍ പാര്‍ട്ടിയിലെ ജനകീയ നേതാവ് എന്ന നിലയിലേക്ക് ഉയര്‍ന്ന പി ജയരാജനെതിരെ വ്യക്തി പൂജ ആരോപണം ഉയര്‍ന്നിരുന്നു. ജയരാജനെ പുകഴ്ത്തിക്കൊണ്ടുള്ള സംഗീത ആല്‍ബവും ഡോക്യുമെന്ററിയുമായിരുന്നു ഈ വിവാദത്തിന് കാരണം. പാര്‍ട്ടി പരിപാടികളില്‍ ജയരാജന് കൂടുതല്‍ കൈയ്യടി ലഭിക്കുന്നു, ചിത്രം വച്ചുള്ള ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നു തുടങ്ങിയ ആരോപണങ്ങളും ചര്‍ച്ച ചെയ്ത പാര്‍ട്ടി അതൃപ്തി പ്രകടിപ്പിച്ചു.

കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവനും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും ജില്ലാ സെക്രട്ടറിയേറ്റംഗം എ വി റസലിന് ചുമതല നല്‍കുകയാണ് ഉണ്ടായത്. അടുത്ത സംസ്ഥാന സമിതി യോഗത്തില്‍ വി എന്‍ വാസവന് ചുമതല തിരികെ നല്‍കും.

സംസ്ഥാന നേതൃത്വത്തിലേക്ക് പി ജയരാജന്‍ എത്തുമെന്നാണ് പാര്‍ട്ടിയില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ കരുതുന്നത്. എന്നാല്‍ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍, എന്നിവരാണ് പതിനാറംഗ സെക്രട്ടറിയേറ്റില്‍ കണ്ണൂരില്‍ നിന്നുള്ളത്. പുതിയൊരംഗത്തെ കൂടി കൊണ്ടു വരാന്‍ സാധ്യതയില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കണ്ണൂരില്‍ നിന്നുള്ളവര്‍ പാര്‍ട്ടി നേതൃത്വം പിടിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നതിനാല്‍ അടുത്ത സമ്മേളനം വരെ അത്തരം അഴിച്ചു പണിക്ക് തയ്യാറാകുമോയെന്ന് സംശയമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in