തനിക്കൊപ്പം കാറില്‍ അംഗരക്ഷകന്‍ ഇരിക്കണ്ട, പിന്നാലെ വരട്ടെ, പൊലീസ് സ്റ്റേഷന് മുമ്പില്‍ കുത്തിയിരുന്ന് മോദിയുടെ സഹോദരന്‍

തനിക്കൊപ്പം കാറില്‍ അംഗരക്ഷകന്‍ ഇരിക്കണ്ട, പിന്നാലെ വരട്ടെ, പൊലീസ് സ്റ്റേഷന് മുമ്പില്‍ കുത്തിയിരുന്ന് മോദിയുടെ സഹോദരന്‍

രാജസ്ഥാനിലെ ജയ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്റെ കുത്തിയിരിപ്പ് സമരം. തന്റെ വാഹനത്തില്‍ അംഗരക്ഷകര്‍ സഞ്ചരിക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇളയ സഹോദരന്‍ പ്രഹ്‌ളാദ് മോദിയെ ചൊടിപ്പിച്ചത്. സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വേറെ വാഹനം അനുവദിക്കണമെന്നും അവര്‍ തന്റെ വാഹനത്തിന് പിന്നാലെ വന്നാല്‍ മതിയെന്നുമാണ് പ്രഹ്‌ളാദ് മോദി കല്‍പ്പിച്ചത്. എന്നാല്‍ ജയ്പൂര്‍ പൊലീസ് നിയമം അങ്ങനെ ചെയ്യാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചതോടെയാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രഹ്‌ളാദ് മോദി കുത്തിയിരുന്നത്.

ജയ്പൂര്‍- അജ്മീര്‍ ദേശീയ പാതയിലെ ബഗ്രു പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു പ്രഹ്‌ളാദ് മോദിയുടെ പ്രകടനം. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രഹ്‌ളാദ് മോദിയെ അനുഗമിക്കാന്‍ ബഗ്രുവില്‍ തയ്യാറായി നില്‍ക്കുന്നുണ്ടെന്ന് ജയ്പൂര്‍ പൊലീസ് കമ്മീഷണര്‍ ആനന്ദ് ശ്രീവാസ്തവ പ്രഹ്‌ളാദ് മോദിയോട് പറഞ്ഞിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സംരക്ഷണം നല്‍കേണ്ട ആള്‍ക്കൊപ്പം അതേ വാഹനത്തില്‍ തന്നെ സഞ്ചരിക്കണമെന്നാണ് ചട്ടമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

എന്നാല്‍ ഇത് കൂട്ടാക്കാന്‍ പ്രധാനമന്ത്രിയുടെ സഹോദരന്‍ തയ്യാറായില്ല. തന്റെ വാഹനത്തില്‍ അംഗരക്ഷകരെ കയറ്റാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ചു. ഗാര്‍ഡുകള്‍ക്കായി പൊലീസ് പ്രത്യേക വാഹനം തനിക്കൊപ്പം അയക്കണമെന്നായിരുന്നു മോദിയുടെ സഹോദരന്റെ ആവശ്യം. ഒരു മണിക്കൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലെ റോഡില്‍ തന്റെ കാറിന് മുമ്പിലായി പ്രഹ്‌ളാദ് മോദി കുത്തിയിരുന്നു.

ഒടുവില്‍ കമ്മീഷണര്‍ ഇടപെട്ട് നിയമവശങ്ങള്‍ ബോധ്യപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥരെ പ്രഹ്‌ളാദ് മോദിയുടെ തന്നെ വാഹനത്തില്‍ കയറ്റിവിടുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in