സെഞ്ച്വറി സ്വപ്നം തകര്‍ന്ന് ക്യാപ്റ്റനും എല്‍ഡിഎഫും, ഇക്കുറിയും 'കൈ'വിടാതെ തൃക്കാക്കര

സെഞ്ച്വറി സ്വപ്നം തകര്‍ന്ന് ക്യാപ്റ്റനും എല്‍ഡിഎഫും, ഇക്കുറിയും 'കൈ'വിടാതെ തൃക്കാക്കര

മികച്ച ഭൂരിപക്ഷത്തോടെയുള്ള രണ്ടാമൂഴത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നയിച്ച തെരഞ്ഞെടുപ്പായിരുന്നു തൃക്കാക്കരയിലേത്. യുഡിഎഫിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന തൃക്കാക്കരയില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടുമെന്ന ആത്മവിശ്വാസത്തിനൊപ്പമായിരുന്നു ഇടതിന്റെ തുടക്കം മുതലുള്ള പ്രചരണം. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും സംസ്ഥാന നേതാക്കളും വീട് കയറിയും വോട്ടര്‍മാരെ നേരിട്ട് കണ്ടും ബൂത്ത് തലത്തിലടക്കം വിവിധ പ്രചരണ കാമ്പയിനുകള്‍ നടത്തിയും ഒരു മാസക്കാലം മണ്ഡലത്തില്‍ സജീവമായിരുന്നു.

എല്‍ഡിഎഫ് സെഞ്ച്വറി തികയ്ക്കുമെന്ന നിലക്കായിരുന്നു മുഖ്യമന്ത്രിയടക്കം പങ്കെടുത്ത കാമ്പയിനുകളുടെ തലവാചകം. കെ-റെയിലും ഇടതുമുന്നണിയുടെ വികസന കാഴ്ചപ്പാടുമെല്ലാം എല്‍ഡിഎഫ് ചര്‍ച്ചയാക്കി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന മാസത്തില്‍ കൂടിയായിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. കെ-റെയില്‍ സര്‍വേക്ക് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളിലൂന്നി യുഡിഎഫ് ക്യാമ്പ് പ്രചരണം തുടങ്ങിയപ്പോള്‍ കെ-റെയില്‍ ഉള്‍പ്പെടെ കേരളത്തിന്റെ മുഖഛായ മാറ്റുന്ന വികസനങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി എല്‍ഡിഎഫ് രംഗത്തിറങ്ങി.

കോണ്‍ഗ്രസിനോട് ഇടഞ്ഞുനിന്ന് സസ്പെന്‍ഷനിലായ മുന്‍കേന്ദ്രമന്ത്രി കെ.വി തോമസിനെ യുഡിഎഫിനെതിരായ പ്രചരണത്തിന് ഒപ്പം കൂട്ടി. പ്രചരണ ശൈലിയിലും രീതികളിലുമെല്ലാം സമാനതയില്ലാത്ത മത്സരമാണ് ഇരുമുന്നണികളും കാഴ്ച വച്ചത്. വിധിദിനത്തില്‍ ഫോട്ടോഫിനിഷിലേക്ക് ഇരുമുന്നണികളും എത്തുമെന്ന തോന്നലിലേക്കാണ് പ്രചരണ കാഴ്ചകള്‍ നയിച്ചത്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പലവട്ടം പരീക്ഷിച്ച് പരാജയമടഞ്ഞ മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ ജില്ലാ നേതൃത്വത്തിലുള്ള കെ.എസ് അരുണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു തുടക്കത്തില്‍ വന്ന വാര്‍ത്തകള്‍. മാധ്യമങ്ങളിലൂടെ വന്ന പ്രഖ്യാപനത്തെ നിഷേധിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്ത് വന്നു. തൊട്ടടുത്ത ദിവസം ലിസി ഹോസ്പിറ്റലിലെ ഹൃദയാരോഗ്യവിദഗ്ധന്‍ ഡോ.ജോ ജോസഫ് ആയിരിക്കും അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ തൃക്കാക്കരയില്‍ മത്സരിക്കുകയെന്ന ഇടതുമുന്നണി പ്രഖ്യാപനവും. അപ്രതീക്ഷിതമായൊരു പേരിനൊപ്പം തൃക്കാക്കരയില്‍ അട്ടിമറി ജയം ലക്ഷ്യമിട്ട് മുന്നണി സര്‍വ്വസന്നാഹങ്ങളുമായി പ്രചരണവും തുടങ്ങി.

അമേരിക്കയില്‍ നിന്ന് ചികില്‍സ കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കാമ്പയിന്‍ നയിച്ചു. കോണ്‍ഗ്രസിനോട് ഇടഞ്ഞ് നിന്ന മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ പ്രൊഫസര്‍ കെ.വി തോമസിനെ കൂടി പങ്കെടുപ്പിച്ചായിരുന്നു പാലാരിവട്ടത്ത് പിണറായി വിജയന്‍ പങ്കെടുത്ത പ്രചരണ യോഗം. കെ.റെയിലിന്റെ ആവശ്യകതയും കേരളത്തിന്റെ വികസനത്തിനായി ഇടതിന് വോട്ട് ചെയയ്ണമെന്ന ആഹ്വാനവുമാണ് പിണറായി പ്രചരണ യോഗത്തില്‍ നടത്തിയത്. ജോ ജോസഫ് ക്രൈസ്തവ സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന പ്രചരണത്തെ തുടക്കത്തിലേ തടുത്തു ഇടതുമുന്നണി. ക്രൈസ്ത വോട്ടുകളിലെ ഭിന്നിപ്പ് ആശങ്കയായി കണ്ട് സഭാ സ്ഥാനാര്‍ത്ഥിയെന്ന പ്രചരണത്തില്‍ നിന്ന് കോണ്‍ഗ്രസും യുഡിഎഫും പിന്നോക്കം പോയി. ഇടത് കണ്‍വെന്‍ഷനുകളിലും പ്രചരണത്തിലും കെ.വി തോമസിനെ ഇറക്കിയെങ്കിലും അതും ഗുണം കണ്ടില്ല.

പി.ടി തോമസിന്റെ പിന്‍ഗാമിയായി ഉമ തോമസിനെ പ്രതിഷ്ഠിച്ച് മണ്ഡലത്തില്‍ വൈകാരിക വേലിയേറ്റം സൃഷ്ടിക്കാന്‍ യുഡിഎഫ് തുടക്കം മുതല്‍ ശ്രമിച്ചു. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് സൗഭാഗ്യമായി കാണണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ യുഡിഎഫ് പി.ടി തോമസിന്റെ വിയോഗത്തോട് ചേര്‍ത്ത് വൈകാരികമായി വ്യാഖ്യാനം ചെയ്യുന്നതും ഇലക്ഷനില്‍ കണ്ടു. കെ-റെയിലും വികസനവും വിട്ട് സ്ഥാനാര്‍ത്ഥികള്‍ക്കെതിരായ വ്യക്തിഗത ആക്രമണങ്ങളെ വൈകാരികമായി ഉപയോഗിക്കാന്‍ ഇരുമുന്നണികളും കിണഞ്ഞ് പരിശ്രമിച്ചതും കാണാനായി.

ദിലീപ് പ്രതിയായ ലൈംഗികാതിക്രമണ കേസിലെ അതിജീവിത അന്വേഷണപുരോഗതിയില്‍ അതൃപ്തിയറിയിച്ച് ഹൈക്കോടതിയെ സമീപിച്ചത് തൃക്കാക്കരയിലെ ഇലക്ഷനിലും ചര്‍ച്ചയായി. അതിജീവിത മകളാണെന്നും തൃക്കാക്കര മണ്ഡലത്തില്‍ നടന്ന ലൈംഗികാതിക്രമണ കേസില്‍ സര്‍ക്കാര്‍ പിന്നോട്ട് പോയെന്നും പ്രതിപക്ഷം ആരോപിച്ചു. ജോ ജോസഫിനെ ലക്ഷ്യമിട്ട് പുറത്തുവന്ന വ്യാജ അശ്ലീല വീഡിയോ അവസാന ലാപ്പില്‍ ഇടത് മുന്നണി ഉയര്‍ത്തി രംഗത്ത് വന്നു. എല്‍ഡിഎഫ് കാമ്പയിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ യുഡിഎഫ് പ്രചരണത്തെ പ്രതിപക്ഷ നേതാവായ വി.ഡി സതീശനാണ് നയിച്ചത്. ഉമ്മന്‍ചാണ്ടി-രമേശ് ചെന്നിത്തല പക്ഷത്തെ അപ്രസക്തമാക്കി പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയ വി.ഡി സതീശന് അഗ്‌നിപരീക്ഷ കൂടിയായിരുന്നു തൃക്കാക്കര. തൃക്കാക്കര കൈവിട്ടാല്‍ പരാജയത്തിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന നിലയിലുള്ള പ്രസ്താവനയും സതീശനില്‍ നിന്നുണ്ടായി.

കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയെന്നതും പി.ടി തോമസിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെയുണ്ടായ വൈകാരിക തരംഗവും മണ്ഡലത്തില്‍ തുണയാകുമെന്ന യുഡിഎഫ് പ്രതീക്ഷയെ ഇളക്കുംവിധമായിരുന്നു മുഖ്യമന്ത്രിമാരും മന്ത്രിമാരും നയിച്ച പ്രചരണം. പോളിംഗ് ശതമാനം കുറഞ്ഞതും മുഖ്യമന്ത്രിയുള്‍പ്പെടെ രംഗത്തിറങ്ങിയതും യുഡിഎഫ് ഭൂരിപക്ഷം കുറക്കുമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ് ക്യാമ്പുകളിലുണ്ടായി. വോട്ടെണ്ണലിന്റെ തലേന്നാള്‍ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ മാധ്യമങ്ങളോട് ഇതേ ആശങ്കയാണ് പങ്കുവച്ചത.

എ.കെ ആന്റണിയെയും ജിഗ്‌നേഷ് മേവാനിയെയും വരെ രംഗത്തിറക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നയിച്ച പ്രചരണത്തെ കോണ്‍ഗ്രസ് പ്രതിരോധിച്ചത്. മുന്നണി നേതാക്കളെല്ലാം തന്നെ മണ്ഡലത്തില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. സഭാ നേതാക്കളെയും സമുദായ നേതൃത്വത്തെയും സന്ദര്‍ശിച്ച് വോട്ടുതേടുന്നതില്‍ ഉമാ തോമസും ഡോ.ജോ ജോസഫും മത്സരിക്കുന്ന കാഴ്ചയും തൃക്കാക്കര കണ്ടു.

സിറ്റിംഗ് സീറ്റല്ലെങ്കില്‍ അപ്രതീക്ഷിത ഫലമെന്ന നിലപാടിലാണ് ഇടത് മുന്നണി. അപ്രതീക്ഷിത ജനവിധിയാണ് തൃക്കാക്കരയിലേതെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനനന്‍ പറഞ്ഞത്. സര്‍ക്കാരിന്റെ വിലയിരുത്തലല്ല തെരഞ്ഞെടുപ്പ് വിധിയെന്നും ജില്ലാ സെക്രട്ടറി. കെ റെയിലിനെതിരായ കേരളത്തിന്റെ വിധി കൂടിയാണ് തൃക്കാക്കരയിലേതെന്ന് കോണ്‍ഗ്രസ് വാദിക്കുന്നു. ചരിത്രത്തിലെ കുറഞ്ഞ പോളിംഗ് ശതമാനത്തിലും മികച്ച ഭൂരിപക്ഷത്തില്‍ സിറ്റിംഗ് മണ്ഡലം നിലനിര്‍ത്താനായത് യുഡിഎഫ് ക്യാമ്പിനുണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയില്‍ നിന്ന് കൂടുതല്‍ കരുത്തിലേക്ക് മുന്നണിയെ നയിക്കാന്‍ വി.ഡി സതീശനും ഈ വിജയം ഊര്‍ജമാക്കുമെന്നുറപ്പ്.

കെ.റെയിലിനെതിരായ ജനഹിതമായി ഇടതുമുന്നണി തൃക്കാക്കര ഫലത്തെ കാണുന്നില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും സില്‍വര്‍ ലൈന്‍ സര്‍വേക്ക് പിന്നാലെയുള്ള പ്രതിഷേധങ്ങളെ ഇടതുമുന്നണിക്ക് തുടര്‍ന്നങ്ങോട്ട് തള്ളിക്കളയാനാകില്ല

Related Stories

No stories found.
logo
The Cue
www.thecue.in