പെപ്‌സിയും കോളയും വേണ്ടെന്ന് തമിഴ് വ്യാപാരികള്‍; വില്പന നിരോധനം ആഗസ്ത് 15 മുതല്‍ 

പെപ്‌സിയും കോളയും വേണ്ടെന്ന് തമിഴ് വ്യാപാരികള്‍; വില്പന നിരോധനം ആഗസ്ത് 15 മുതല്‍ 

തമിഴ്‌നാട്ടില്‍ പെപ്‌സി, കൊക്കക്കോള എന്നിവയുടെ വില്പന നിരോധനം പ്രാവര്‍ത്തികമാക്കാന്‍ വ്യാപാരി സംഘടന. ആഗസ്ത് 15 മുതല്‍ പെപ്‌സിയും കൊക്കകോളയും വിപണിയില്‍ നിരോധിക്കുന്നത് പ്രാബല്യത്തില്‍ വരും എന്ന് തമിഴ്‌നാട്ടിലെ കച്ചവടക്കാരുടെ സംഘടന വണിഗര്‍ സംഘനാഗലിന്‍ പേരമൈപ്പ് നേതാക്കള്‍ അറിയിച്ചു. വലിയൊരു ചുവടുവെയ്പ്പാണ് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്കെതിരെ തമിഴ് മണ്ണില്‍ കുറച്ചുകാലമായി ഉയര്‍ന്നുവരുന്നത്.

നേരത്തെ 2017 മാര്‍ച്ചില്‍ കൊക്കക്കോള, പെപ്‌സി എന്നീ പാനീയങ്ങള്‍ ബഹിഷ്‌കരിക്കാന്‍ കച്ചവടക്കാര്‍ തീരുമാനമെടുത്തിരുന്നെങ്കിലും ഉല്‍പ്പന്നങ്ങള്‍ പിന്നെയും വിപണിയിലെത്തി. ആരോഗ്യപ്രശ്‌നങ്ങള്‍, ബഹുരാഷ്ട്ര കമ്പനികള്‍ ഭൂഗര്‍ഭജലം ചൂഷണം ചെയ്യുന്നു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബഹിഷ്‌ക്കരണത്തിലേക്ക് വ്യാപാരികള്‍ എത്തിയത്. എന്നാല്‍ ഏഴു മാസത്തിനുള്ളില്‍ കച്ചവടക്കാര്‍ക്ക് വീണ്ടും ഈ രണ്ട് ബഹുരാഷ്ട്ര ബ്രാന്‍ഡുകളും സംഭരിക്കേണ്ടി വന്നു.

തുടക്കത്തില്‍ തങ്ങളുടെ കടകളില്‍ നിന്നും ഈ ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്തിരുന്നുവെങ്കിലും കടയിലെ മറ്റ് ഉല്‍പ്പന്നങ്ങളുടെ വില്പനയെ ബഹിഷ്‌കരണം ബാധിച്ചെന്ന് സാധാരണ കച്ചവടക്കാര്‍ പറയുന്നു. പാല്‍, തൈര്, മറ്റ് ജ്യൂസ് ബോട്ടിലുകള്‍, നാരങ്ങ, കൂണ്‍ എന്നിവ തണുപ്പിച്ച് സംഭരിക്കുന്നതിനായി ചെറുകിട കച്ചവടക്കാര്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജ് പെപ്‌സി, കോള കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതാണ്. ഈ ബ്രാന്‍ഡുകള്‍ സ്റ്റോക്ക് ചെയ്തില്ലെങ്കില്‍ ഈ സൗകര്യം ബഹുരാഷ്ട്ര കമ്പനികള്‍ നല്‍കില്ല. ഇതാണ് ചെറുകിട കച്ചവടക്കാര്‍ ബഹിഷ്‌കരണത്തില്‍ നിന്ന് കഴിഞ്ഞവട്ടം പിന്നോട്ടുപോകാനുണ്ടായ കാരണം.

2017ലെ ബഹിഷ്‌കരണം 
2017ലെ ബഹിഷ്‌കരണം 

അടിസ്ഥാന സൗകര്യം നഷ്ടമാകുമെന്ന ഘട്ടത്തില്‍ അവരുടെ സോഫ്റ്റ് ഡ്രിങ്കുകള്‍ വീണ്ടും വാങ്ങാന്‍ തുടങ്ങിയെന്ന് ടി നഗറിലെ കച്ചവടക്കാരനായ മണി പറയുന്നു.ഈ പ്രശ്‌നത്തിന് ട്രേഡ് യൂണിയന്‍ പരിഹാരം കാണുമെന്ന് അന്ന് പറഞ്ഞിരുന്നുവെങ്കിലും നിലവിലെ അവസ്ഥ എന്താണെന്ന് അറിയില്ല.

അടിസ്ഥാന സൗകര്യങ്ങള്‍ തിരികെ കൊടുക്കേണ്ടിവരും എന്ന ഭയം കൊണ്ടും, മറ്റ് ചെറിയ ബ്രാന്‍ഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കമ്പനികള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ആകര്‍ഷകമാണെന്നതും ഈ കമ്പനികള്‍ വീണ്ടും വിപണിയിലേക്കെത്താന്‍ കാരണമായി എന്ന് കച്ചവടക്കാര്‍ തുറന്നു സമ്മതിക്കുന്നുണ്ട്.

ഇതിന് പുറമേ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണവും കോളയും പെപ്‌സിയും കടകളില്‍ തിരിച്ചെത്താന്‍ കാരണമായിരുന്നു. അടിസ്ഥാന സൗകര്യം നിലനിര്‍ത്താന്‍ അളവ് കുറച്ച് കമ്പനിയുടെ ഉത്പന്നങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതരായി. ഈ അവസ്ഥ ഇനിയും ഉണ്ടാകുമോയെന്ന ആശങ്കയും പല കച്ചവടക്കാര്‍ക്കുമുണ്ട്.

2017ലെ ബഹിഷ്‌കരണം 
2017ലെ ബഹിഷ്‌കരണം 

കച്ചവടക്കാരുടെ സംഘടനയുടെ നിരോധനത്തെ കുറിച്ച് പ്രതികരിക്കാന്‍ കമ്പനിയുടെ ഇന്ത്യയിലെ മേധാവി തയ്യാറായിട്ടില്ലെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. പെപ്‌സി കൊക്കക്കോള എന്നിവയുടെ വലിയ മാര്‍ക്കറ്റാണ് തമിഴ്നാട്. ബില്‍ പാര്‍ക്ക് കണക്കുകള്‍ കാണിക്കുന്നത് അവരുടെ വിപണി പങ്കാളിത്തം 80 ശതമാനത്തില്‍ അധികമാണെന്നാണ്.

Related Stories

No stories found.
logo
The Cue
www.thecue.in