പാലാരിവട്ടം അഴിമതി: ‘ചന്ദ്രിക’ ആസ്ഥാനത്ത് റെയ്ഡ്, കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റും കേസെടുക്കും

പാലാരിവട്ടം അഴിമതി: ‘ചന്ദ്രിക’ ആസ്ഥാനത്ത് റെയ്ഡ്, കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റും കേസെടുക്കും

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയുടെ ആസ്ഥാനത്ത് റെയ്ഡ്. അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് അഴിമതിപ്പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്.

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പണി പൂര്‍ത്തിയായ ഘടത്തില്‍ ചന്ദ്രികാ ദിനപത്രത്തിന്റെ കൊച്ചി ശാഖയിലെ അക്കൗണ്ടില്‍ പത്ത് കോടി രൂപ ഡയറക്ടര്‍ ബോര്‍ഡ് അംഗം നിക്ഷേപിച്ചെന്നും ഇത് ബിനാമി പേരില്‍ ഇബ്രാഹിംകുഞ്ഞ് നിക്ഷേപിച്ചതാണെന്നുമായിരുന്നു ആരോപണം. ചന്ദ്രികയുടെ അക്കൗണ്ടിലേക്ക് 10 കോടി രൂപ വന്നിട്ടുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ പണത്തില്‍ നിന്ന് അഞ്ച് കോടി ഇബ്രാഹിംകുഞ്ഞ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായും ആരോപണമുയര്‍ന്നിരുന്നു. അഴിമതി പണം വെളുപ്പിക്കാന്‍ മുന്‍മന്ത്രി പത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്കായി 10 കോടിയിലേറെ രൂപ നിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്.

പാലാരിവട്ടം അഴിമതിക്കേസില്‍ വിജിലന്‍സിന് പിന്നാലെ കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റും കേസെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കേസിന്റെ വിശദാംശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിജിലന്‍സില്‍ നിന്ന് തേടിയിട്ടുണ്ട്. വികെ ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ത്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ആലുവയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടന്നിരുന്നു.

ആലുവയിലെ വീട്ടില്‍ നടന്ന റെയ്ഡ് സ്വാഭാവിക നടപടി മാത്രമാണെന്ന് വികെ ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതി ചേര്‍ത്ത സ്ഥിതിക്ക് കേസിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ്. കേസില്‍ മൂന്ന് പേരെയും പുതുതായി പ്രതി ചേര്‍ത്തിട്ടുണ്ട്. കിറ്റ്‌കോയിലെ ഡിസൈനര്‍ നിശാ തങ്കച്ചി, സ്ട്രകച്ചറല്‍ എന്‍ജിനീയര്‍ ഷാലിമാര്‍, പാലം രൂപകല്‍പ്പന ചെയ്ത നാഗേഷ് കണ്‍സള്‍ട്ടന്‍സിയിലെ മജ്ജുനാഥ് എന്നിവരാണ് മറ്റ് പ്രതികള്‍.

Related Stories

No stories found.
logo
The Cue
www.thecue.in