മുഖാവരണം മാത്രമല്ല  ജീന്‍സും ലെഗിന്‍സും മിനി സ്‌കേര്‍ട്ടുമെല്ലാം എംഇഎസ് വിലക്കിയിട്ടുണ്ട് 

മുഖാവരണം മാത്രമല്ല ജീന്‍സും ലെഗിന്‍സും മിനി സ്‌കേര്‍ട്ടുമെല്ലാം എംഇഎസ് വിലക്കിയിട്ടുണ്ട് 

പൊതുസ്ഥലങ്ങളില്‍ മുഖാവരണം ധരിക്കുന്നതും മുസ്ലീം സ്ത്രീകളുടെ ബുര്‍ഖാ, ഹിജാബ് വസ്ത്രധാരണവുമെല്ലാം ചര്‍ച്ചയാകുമ്പോള്‍ തങ്ങളുടെ ക്യാമ്പസിനുള്ളില്‍ മുഖാവരണം വിലക്കിയ എംഇഎസ് സവിശേഷ ശ്രദ്ധ നേടുകയാണ്. സമസ്തയടക്കം എതിര്‍പ്പുമായി രംഗത്തുവന്നിട്ടും ഉറച്ചുനില്‍ക്കുന്ന എംഇഎസ് പ്രസിഡന്റ് പിഎ ഫസല്‍ ഗഫൂറിന്റേത് പുരോഗമനപരമായ നിലപാടാണെന്ന് സോഷ്യല്‍ മീഡിയ വാഴ്ത്തുന്നു. എന്നാല്‍ ഇതേ എംഇഎസ് നേരത്തെ തന്നെ പെണ്‍കുട്ടികള്‍ ജീന്‍സും ലെഗിന്‍സും മിനി സ്‌കേര്‍ട്ടും ക്യാമ്പസുകളില്‍ ധരിക്കാന്‍ പാടില്ല എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നതാണ് വാസ്തവം.

എംഇഎസിന്റെ കീഴിലുള്ള 152 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖ്യധാരാ സമൂഹത്തിന് അംഗീകരിക്കാനാവാത്ത വസ്ത്രധാരണം അനുവദനീയമല്ലെന്നാണ് ഫസല്‍ ഗഫൂറിന്റെ നിലപാട്. എംഇഎസ് തീരുമാനത്തില്‍ അതൃപ്തിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് മതസ്ഥാപനങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറാമെന്നും ഫസല്‍ ഗഫൂര്‍ പറയുന്നുണ്ട്.

ഞങ്ങളുടെ സ്ഥാപനങ്ങളിലെ ചട്ടങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കുന്നതാണ്, മറ്റാര്‍ക്കും അതില്‍ ഇടപെടാന്‍ അധികാരമില്ലെന്നും പിഎ ഫസല്‍ ഗഫൂര്‍ സ്‌ക്രോളിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചാണ് മുസ്ലിം എജ്യുകേഷണല്‍ സൊസൈറ്റി സര്‍ക്കുലര്‍ ഇറക്കിയത്.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് എംഇഎസ് ഏപ്രില്‍ 17ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നാണ് എംഇഎസ് പ്രസിഡന്റ് പിഎ ഫസല്‍ ഗഫൂര്‍ പറഞ്ഞത്. വിവാദങ്ങള്‍ക്ക് ഇടനല്‍കാതെ ഇത് നടപ്പാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറയുന്നു.

മുഖ്യധാരാ സമൂഹം അംഗീകരിക്കാത്ത വസ്ത്രധാരണം ഒഴിവാക്കണം. ലെഗിന്‍സ്, ജീന്‍സ്, മിനി സ്‌കേര്‍ട്ട് എന്നിവയൊന്നും ധരിക്കുന്നത് സമൂഹം അംഗീകരിക്കുന്നില്ല. വസ്ത്രധാരണത്തില്‍ വിദ്യാര്‍ത്ഥികള്‍ മാന്യതകാണിക്കണം, നമ്മുടെ സംസ്‌കാരത്തിനും ആചാരവിചാരങ്ങള്‍ക്കും അംഗീകരിക്കാനാകുന്ന വേഷവിധാനം വേണം. ഏതൊക്കെ വസ്ത്രം മോശമാണ് എന്ന് എടുത്തുപറയല്‍ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന് സാരി മാന്യമായ വസ്ത്രമാണ് എന്നാല്‍ അത് മോശമായും ഉടുക്കാന്‍ സാധിക്കില്ലേ.

പിഎ ഫസല്‍ ഗഫൂര്‍

പെണ്‍കുട്ടികളെ ഉദ്ദേശിച്ച് മാത്രമല്ലേ ഈ സര്‍ക്കുലര്‍ ആണ്‍കുട്ടികളുടെ വേഷവിധാനത്തില്‍ പ്രശ്‌നമില്ലേയെന്ന ചോദ്യത്തിന് ആണ്‍കുട്ടികളും സമൂഹം അംഗീകരിച്ച വേഷം ധരിക്കണമെന്നായിരുന്നു ഫസല്‍ ഗഫൂറിന്റെ മറുപടി. മാന്യമായ വസ്ത്രമെന്ന് താന്‍ ഉദ്ദേശിക്കുന്നതും ഞാനും നിങ്ങളും നമ്മുടെ അമ്മമാരും പെങ്ങള്‍മാരും ധരിക്കാന്‍ ഇഷ്ടപ്പെടുന്ന വേഷമാണെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞുവെയ്ക്കുന്നു.

മുസ്ലീം ഗ്രൂപ്പുകള്‍ എംഇഎസിനെ മുഖാവരണം വിലക്കിയതിന് കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നതിനെതിരെ ംെഇഎസ് കേരളത്തിലെ ഒരു നവോത്ഥാന പ്രസ്ഥാനമാണെന്ന പ്രതികരണമാണ് പ്രസിഡന്റിന്റേത്.

ബുര്‍ഖ മുഖവും ശരീരവും മൂഴുവനായി മറയ്ക്കുന്ന കണ്ണുകള്‍ മാത്രം മറയ്ക്കാത്ത വസ്ത്രധാരണമാണ്. ഹിജാബ് തലയും കഴുത്തും മറയ്ക്കുന്നു മുഖം കാണാന്‍ അനുവദിക്കുന്നു. നിഖാബ് മുഖം മുഴുവന്‍ മറച്ച് രണ്ട് കണ്ണുകളും മാത്രം പുറംലോകത്തിന് ദൃശ്യമാക്കുന്നു. ഇവയെല്ലാം അറബ് രാജ്യങ്ങളില്‍ നിന്ന് ഇങ്ങോട്ട് ഒരു പതിറ്റാണ്ടിനുള്ളില്‍ ഇറക്കുമതി ചെയ്യപ്പെട്ടവയാണ്. ഇവയൊന്നും ഇന്ത്യന്‍ മുസ്ലീമിന്റെ സംസ്‌കാരത്തിന്റെ ഭാഗമല്ല. ഇതിനെ ഒരു സാംസ്‌കാരിട കടന്നുകയറ്റമായി കണ്ടേ മതിയാവൂ, അത് നമ്മള്‍ തടയുക തന്നെ വേണം.

പിഎ ഫസല്‍ ഗഫൂര്‍

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവരുടെ വസ്ത്രധാരണ ചട്ടം തീരുമാനിക്കാമെന്ന 2014ല ഡിസംബര്‍ നാലിലെ ഉത്തരവാണ് തങ്ങളുടെ സര്‍ക്കുലറിന് ബലമെന്നാണ് എംഇഎസ് പറയുന്നത്. പള്ളിവക സ്‌കൂളില്‍ തട്ടമിടാന്‍ അനുവാദം ചോദിച്ച് മുസ്ലീം പെണ്‍കുട്ടി സമര്‍പ്പിച്ച റിട്ട് ഹര്‍ജി തള്ളിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഡ്രസ് കോഡ് തീരുമാനിക്കാന്‍ അധികാരമുണ്ടെന്ന് ഹൈക്കോടതി വിധിച്ചത്. അഡ്മിഷന്‍ ആരംഭിക്കുന്നതിന് മുമ്പ് അത് പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കണമെന്ന് മാത്രമേയുള്ളു. അതാണ് അടുത്ത അധ്യയന വര്‍ഷത്തിന് മുമ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് ഫസല്‍ ഗഫൂര്‍ പറയുന്നു

Related Stories

No stories found.
logo
The Cue
www.thecue.in