അവിടെ ഒന്നേ ഉള്ളെങ്കില്‍ ഇവിടേയും അങ്ങനെ തന്നെ, കേന്ദ്രത്തില്‍ തഴഞ്ഞ ബിജെപിക്ക് ബിഹാര്‍ മോഡല്‍ തിരിച്ചടിയുമായി നിതീഷ് കുമാര്‍

അവിടെ ഒന്നേ ഉള്ളെങ്കില്‍ ഇവിടേയും അങ്ങനെ തന്നെ, കേന്ദ്രത്തില്‍ തഴഞ്ഞ ബിജെപിക്ക് ബിഹാര്‍ മോഡല്‍ തിരിച്ചടിയുമായി നിതീഷ് കുമാര്‍

രണ്ടാം മോദി സര്‍ക്കാരില്‍ ഒരു സീറ്റ് മാത്രം ഓഫര്‍ ചെയ്തതില്‍ പിണങ്ങി മന്ത്രിസഭയില്‍ ചേരാതെ മാറി നിന്ന നിതീഷ് കുമാര്‍ ബിഹാറില്‍ മന്ത്രിസഭാ പുനഃസംഘടനയില്‍ അതേ നാണയത്തില്‍ ബിജെപിയോട് തിരിച്ചടിച്ചു. തന്റെ പാര്‍ട്ടിയായ ജെഡിയുവിന്റെ എട്ട് എംഎല്‍എമാരെ മന്ത്രിമാരാക്കി മന്ത്രിസഭ പുനഃസംഘടിപ്പിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സഖ്യകക്ഷിയായ ബിജെപിക്ക് വാഗ്ദാനം ചെയ്തത് ഒരു സീറ്റാണ്.

ആരെ മന്ത്രിസഭയിലേക്ക് കൊണ്ടുവരണമെന്ന കാര്യം തീരുമാനിക്കാന്‍ പോലും ബിജെപിക്ക് ഈ നീക്കം മൂലം കഴിഞ്ഞിട്ടില്ല. ബിഹാര്‍ ഉപമുഖ്യമന്ത്രിയായ ബിജെപിയുടെ സുശീല്‍ മോദി പ്രതികരിച്ചത് ബിജെപി കുറച്ചുനാള്‍ കഴിഞ്ഞേ ഈ ഒഴിവില്‍ മന്ത്രിയെ നിയമിക്കുന്നുള്ളുവെന്നാണ്.

ബിഹാറിലെ 34 ലോക്‌സഭാ സീറ്റുകളില്‍ 17 എണ്ണത്തില്‍ വീതമാണ് ജെഡിയുവും ബിജെപിയും മല്‍സരിച്ചത്. ബിജെപി 17ലും ജയിച്ചപ്പോള്‍ ജെഡിയുവിന് ഒരിടത്ത് പിഴച്ചു, 16 എണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്.

272 സീറ്റ് കേവലഭൂരിപക്ഷം മതിയെന്നിരിക്കെ ഒറ്റയ്ക്ക് 300 കടന്ന നരേന്ദ്ര മോദിയുടെ ബിജെപിക്ക് സഖ്യകക്ഷികളെ പ്രീതിപ്പെടുത്തേണ്ട കാര്യമുണ്ടായിരുന്നില്ല. ജെഡിയുവിന് ഒരു മന്ത്രിയെ നല്‍കാമെന്നാണ് ബിജെപി വാഗ്ദാനം ചെയ്തത്. സഖ്യകക്ഷികളോട് ബിജെപി മര്യാദകേടാണ് കാണിക്കുന്നതെന്ന് നിതീഷ് കുമാറിനും ജെഡിയുവിനും തോന്നിയതോടെ മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാടിലേക്കാണ് അവരെത്തിയത്.

സഖ്യം തുടരുമെന്നും മോദി മന്ത്രിസഭിലേക്ക് ഇല്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ബിഹാറില്‍ ഈ അനിഷ്ടം വെച്ചുകൊണ്ട് തന്നെയാണ് മന്ത്രിസഭാ പുനഃസംഘടനയില്‍ നിതീഷ് നീങ്ങിയതെന്ന് ബിജെപി നേതാക്കള്‍ക്ക് അറിയാം.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ കണ്ടുകൊണ്ടാണ് നിതീഷ് കുമാറിന്റെ മന്ത്രിസഭാ പുനഃസംഘടനയിലെ സീറ്റ് വിന്യാസം. മഹാദളിത് സമുദായത്തിലെ രണ്ട് പേരേയും പിന്നോക്ക സമുദായത്തില്‍പ്പെട്ട രണ്ട് പേരേയും മുന്നോക്ക സമുദായത്തില്‍പ്പെട്ട രണ്ട് പേരേയും മന്ത്രിസഭയിലേക്ക് എടുത്ത്. യാദവ, കുശ്‌വാഹ സമുദായത്തിലെ ഓരോരുത്തരേയും മന്ത്രിയായി തെരഞ്ഞെടുത്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in