‘ജനത്തിന് വിശ്വാസയോഗ്യമായ ഉത്തരം നല്‍കണം’; ശബരിമല വിഷയം തിരിച്ചടിയായെന്ന് എംവി ഗോവിന്ദന്‍ 

‘ജനത്തിന് വിശ്വാസയോഗ്യമായ ഉത്തരം നല്‍കണം’; ശബരിമല വിഷയം തിരിച്ചടിയായെന്ന് എംവി ഗോവിന്ദന്‍ 

Published on

വിശ്വാസി സമൂഹത്തെ ഒപ്പം നിര്‍ത്തിയേ മുന്നോട്ട് പോകാനാവൂ എന്ന് സി പി എം കേന്ദ്ര കമ്മറ്റിയംഗം എം.വി.ഗോവിന്ദന്‍. വിശ്വാസിയേയും അവിശ്വാസിയേയും കൂടെ നിര്‍ത്താതെ ഒരിഞ്ച് പോലും മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണ്. വിശ്വാസി സമൂഹത്തെ ഒപ്പം നിര്‍ത്താതെ വര്‍ഗസമരം സാധ്യമല്ലെന്നും എം വി ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു. പറശിനിക്കടവ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കെ എസ് ടി എ ജില്ലാപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം സവര്‍ണ വോട്ടുകള്‍ സിപിഎമ്മിന് നഷ്ടപ്പെട്ടിട്ടുണ്ട്. കണ്ണൂരും കാസര്‍കോടും അടക്കം വിവിധയിടങ്ങളിലുണ്ടായ തോല്‍വി വിശദമായി പരിശോധിക്കപ്പെടണം. എതെല്ലാം തലത്തില്‍ വീഴ്ചകള്‍ പറ്റിയെന്ന് വിലയിരുത്തണം. തെറ്റുകള്‍ തിരുത്തി ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വിശേഷിച്ച് സിപിഎം മുന്നോട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് വിശ്വാസ യോഗ്യമായ ഉത്തരങ്ങള്‍ നല്‍കിയാല്‍ മാത്രമേ ഈ താല്‍ക്കാലിക തിരിച്ചടിയില്‍ നിന്ന് കരകയറാനാകൂ. മതവും വിശ്വാസവും അവസാനിപ്പിക്കണമെന്ന് സി പി എം പറയുന്നില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. സിപിഎം അനുഭാവികളില്‍ വലിയ വിഭാഗം വിശ്വാസികളുണ്ട്. താഴെ തട്ടില്‍ പാര്‍ട്ടി അംഗത്വമുള്ളവരില്‍ വിശ്വാസികള്‍ ഏറെയുണ്ട്. അവരെയും ഒപ്പം ചേര്‍ത്തുവേണം മുന്നോട്ടുപോകാന്‍. മോദിക്ക് ബദല്‍ കോണ്‍ഗ്രസ് ആണെന്ന പ്രചാരണം ഇടതുപക്ഷത്തിന് ദോഷം ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം തിരിച്ചടിയായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അങ്ങനെയെങ്കില്‍ ഗുണം ലഭിക്കേണ്ടിയിരുന്നത് ബിജെപിക്കാണെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംവി ഗോവിന്ദനില്‍ നിന്ന് വ്യത്യസ്ത നിലപാടുണ്ടായിരിക്കുന്നത്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേല്‍പ്പിച്ചെന്നായിരുന്നു ധനമന്ത്രി തോമസ് ഐസകിന്റെയും പ്രതികരണം.

logo
The Cue
www.thecue.in