‘മുന്‍കൂര്‍ പണം നല്‍കുന്നത് സാധാരണം’; അറസ്റ്റ് അഭ്യൂഹങ്ങള്‍ക്കിടെ ന്യായീകരണവുമായി ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ 

‘മുന്‍കൂര്‍ പണം നല്‍കുന്നത് സാധാരണം’; അറസ്റ്റ് അഭ്യൂഹങ്ങള്‍ക്കിടെ ന്യായീകരണവുമായി ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ 

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പൊതുമരാമത്ത് മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍. നിര്‍മ്മാണ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കുന്നത് സാധാരണ നടപടിയാണെന്ന് അദ്ദേഹം ന്യായീകരിച്ചു. അതില്‍ അസ്വാഭാവികതയില്ല, തീര്‍ത്തും സാധാരണ നടപടിയാണ്. ഇപ്പോഴത്തെ സര്‍ക്കാരും മുന്‍ സര്‍ക്കാരും അതിന് മുന്‍പത്തെ സര്‍ക്കാരും ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്. അത്തരം തീരുമാനങ്ങള്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് മുന്‍പ് ഹൈക്കോടതിയും സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് അവകാശപ്പെട്ടു.

മുന്‍കൂര്‍ പണം കൊടുക്കണമെന്നോ കൊടുക്കേണ്ടെന്നോ കരാറില്‍ പറഞ്ഞിട്ടില്ല. വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നിട്ടുമില്ല. മന്ത്രിയെന്ന നിലയിലുള്ള അവകാശം മുന്‍നിര്‍ത്തി മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കണമെന്ന ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു. വകുപ്പ് മന്ത്രിയെന്ന നിലയില്‍ നയപരമായ നടപടികള്‍ മാത്രമാണ് നിര്‍വഹിച്ചത്. താഴെ നിന്നുള്ള ശുപാര്‍ശകള്‍ അംഗീകരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അന്വേഷണത്തെ സ്വാഗതം ചെയ്യുകയും പൂര്‍ണമായും സഹകരിക്കുകയും ചെയ്തയാളാണ് താനെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജിന്റെ ആരോപണങ്ങളോട് പ്രതികരിക്കാ തെ അദ്ദേഹം ഒഴിഞ്ഞുമാറി.

അതേസമയം അറസ്റ്റിന് കളമൊരുങ്ങിയതോടെ അദ്ദേഹം നിയമോപദേശം തേടിയെന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയമോപദേശം തേടിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജിലന്‍സ് നോട്ടീസ് നല്‍കുന്നതിന് മുന്‍പ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്ന നിയമോപദേശമാണ് ലഭിച്ചതെന്നും വിവരമുണ്ട്. അറസ്റ്റ് ഭീഷണി ഉയര്‍ന്നതോടെ വ്യാഴാഴ്ച 11.30 ന് ശേഷം ഇബ്രാഹിം കുഞ്ഞ് ഫോണില്‍ ലഭ്യമായിരുന്നില്ല. രാത്രി വരെ അദ്ദേഹം ഓഫീസിലോ വീട്ടിലോ എത്താതെ മാറിനില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി ന്യായീകരിക്കുകയായിരുന്നു ഇബ്രാഹിം കുഞ്ഞ്.

Related Stories

No stories found.
logo
The Cue
www.thecue.in