പി രാജീവും ശ്രേയാംസ്‌കുമാറും മധ്യസ്ഥരായ ചര്‍ച്ച പരാജയം; സമരം പുറത്തേക്ക് വ്യാപിപ്പിക്കാന്‍ പിവിഎസ് ജീവനക്കാര്‍ 

പി രാജീവും ശ്രേയാംസ്‌കുമാറും മധ്യസ്ഥരായ ചര്‍ച്ച പരാജയം; സമരം പുറത്തേക്ക് വ്യാപിപ്പിക്കാന്‍ പിവിഎസ് ജീവനക്കാര്‍ 

കൊച്ചി പിവിഎസ് ആശുപത്രിയില്‍ സമരം തുടരുന്ന ജീവനക്കാരുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ച പരാജയം. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്, മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ എം വി ശ്രേയാംസ്‌കുമാര്‍ എന്നിവരുടെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച. രണ്ടാഴ്ചയ്ക്കകം ശമ്പളക്കുടിശ്ശിക തന്നുതീര്‍ക്കണമെന്ന സമരക്കാരുടെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചില്ല. കുടിശ്ശികയുടെ 50% രണ്ടുദിവത്തിനകം നല്‍കണമെന്ന ആവശ്യവും തള്ളി. ശമ്പളാനുകൂല്യങ്ങള്‍ നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്നായിരുന്നു മാനേജ്‌മെന്റ് നിലപാട്. ഇത് അംഗീകരിക്കാനാകില്ലെന്ന് സംയുക്ത സമര സമിതി വ്യക്തമാക്കി.

ആശുപത്രി എം ഡി പിവി മിനി, മകന്‍ പിവി അഭിഷേക്, മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റര്‍ പിവി നിധീഷ് എന്നിവരാണ് മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. സംയുക്ത സമര സമിതിയിലുള്ള ഐഎംഎ, യുഎന്‍എ, യുഎച്ച്എസ്എ തുടങ്ങിയവയുടെ നേതാക്കള്‍ സമരക്കാര്‍ക്കുവേണ്ടി പങ്കെടുത്തു. യുഎന്‍എ ജില്ലാ സെക്രട്ടറി ഹാരിസ് മണലുമ്പാറ, ഐഎംഎ കൊച്ചി മേഖലാ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാന്‍, സെക്രട്ടറി ഡോ ഹനീഷ്, ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ. പ്രകാശ് സക്കറിയാസ് ഡോ. മാത്യു ഫിലിപ്പ്, ജീവനക്കാരായ രാജന്‍, നിധിന്‍, ലൂസി എന്നിവരാണ് ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കിയത്. ശനിയാഴ്ചയോടെ അനുഭാവപൂര്‍ണമായ നടപടികളുണ്ടായില്ലെങ്കില്‍ സമരം ആശുപത്രിക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് ജീവനക്കാരുടെ നീക്കം. ആശുപത്രി ഉടമകളുടെ സ്ഥാപനമായ മാതൃഭൂമിയിലേക്കടക്കം മാര്‍ച്ച് നടത്താനാണ് ജീവനക്കാര്‍ ലക്ഷ്യമിടുന്നത്.

ഒരു വര്‍ഷമായി ശമ്പളം നല്‍കാത്തതിനെതുടര്‍ന്ന് അഞ്ഞൂറോളം ജീവനക്കാരാണ് സമരം നടത്തുന്നത്. ഇവിടത്തെ ഡോക്ടര്‍മാര്‍ക്ക് ഒരു വര്‍ഷമായി ശമ്പളാനുകൂല്യങ്ങളില്ല. വിവിധ വകുപ്പ് ജീവനക്കാര്‍ക്ക് 8 മാസങ്ങളായും ശമ്പളം നല്‍കിയിട്ടില്ല. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന പിഎഫ് വിഹിതവും കമ്പനിയുടെ പങ്കും നിക്ഷേപിക്കുന്നില്ല. ഇഎസ്‌ഐ വിഹിതം നല്‍കാത്തതിനെ തുടര്‍ന്ന് ഈ ആനുകൂല്യവും മുടങ്ങി. ബോണസ് നല്‍കിയിട്ടില്ലെന്നും ടിഡിഎസ് പിടിച്ചിട്ടും യഥാക്രമം അടയ്ക്കുന്നില്ലെന്നും ജീവനക്കാര്‍ സാക്ഷ്യപ്പടുത്തുന്നു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പിവി ചന്ദ്രനാണ് പിവി സ്വാമി മെമ്മോറിയല്‍ ആശുപത്രിയുടെ ചെയര്‍മാന്‍.

അതേസമയം ആശുപത്രി അടച്ചുപൂട്ടി വില്‍പ്പന നടത്താനാണ് മാനേജ്‌മെന്റ് നീക്കം. സ്ഥാപനം നഷ്ടത്തിലായതിനാലാണ് ഇത്തരത്തില്‍ ശ്രമമെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വില്‍പ്പനയിലൂടെ കുടിശ്ശിക നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും ഇതും ജലരേഖയായി തുടരുകയാണ്. നേരത്തെ വിഷയത്തില്‍ കളക്ടര്‍ ഇടപെട്ടപ്പോള്‍ ഫെബ്രുവരി 28 നകം കുടിശ്ശിക നല്‍കാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ രണ്ടരമാസം പിന്നിട്ടിട്ടും നടപടിയില്ല. അതിനിടെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ അടച്ചുപൂട്ടുകയാണ് മാനേജ്‌മെന്റ്. ലിഫ്റ്റുകളും എസികളും ഓഫാക്കിയിടുകയും ഫാര്‍മസി പൂട്ടുകയും ചെയ്തു.

എച്ച്ആര്‍.അക്കൗണ്ടസ്,റിസപ്ഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ജീവനക്കാരെ പിന്‍വലിച്ചിട്ടുണ്ട്.കൂടാതെ പുതിയ ബുക്കിങ്ങുകള്‍ സ്വീകരിക്കുന്നുമില്ല. തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഡോക്ടര്‍മാരും ജീവനക്കാരും ഒരേ സ്വരത്തില്‍ വ്യക്തമാക്കുന്നു. ലിഫ്റ്റ് പൂട്ടിയതിനാല്‍ ഇപ്പോള്‍ ചികിത്സയിലുള്ള രോഗികളെ എടുത്തുകയറ്റേണ്ട ദുരിതത്തിലാണ് കൂട്ടിരിപ്പുകാര്‍. വിഷയത്തില്‍ നിഷേധാത്മക സമീപനമാണ് മാനേജ്‌മെന്റിന്റേതെന്ന് സമരക്കാര്‍ വ്യക്തമാക്കുന്നു. യുഎന്‍എ, യുഎച്ച്എസ്എ, ഐഎംഎ തുടങ്ങിയ ഈ രംഗത്തെ സംഘടനകളുടെ പൂര്‍ണപിന്‍തുണയിലാണ് സമരം. അതേസമയം ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കം വരുത്താതെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ആശുപത്രി മാനേജിങ് ഡയറക്ടര്‍ പി വി മിനി സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഫണ്ട് വരാനുണ്ടെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ കുടിശ്ശിക തീര്‍ക്കുമെന്നും ഉറപ്പുനല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് അനുഭാവപൂര്‍പൂര്‍ണമായ യാതൊരു നടപടിയുമുണ്ടായില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ആശുപത്രി നഷ്ടത്തിലാണെന്ന് പറയുന്നതില്‍ വാസ്തവമില്ലെന്നും ജീവനക്കാര്‍ വിശദീകരിക്കുന്നു. ആറുലക്ഷം രൂപവരെ പ്രതിദിനം ലഭ്യമാകുന്നുണ്ടെന്ന് കളക്ഷന്‍ പോയിന്റില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചെന്നാണ് ഇവരുടെ വാദം. വരുമാനമില്ലെന്ന് പറഞ്ഞ് മാനജ്‌മെന്റ് ജീവനക്കാരെ വഞ്ചിക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു. രണ്ടാഴ്ചയ്ക്കകം ശമ്പളക്കുടിശ്ശിക നല്‍കണമെന്നും മറ്റാനുകൂല്യങ്ങള്‍ പൂര്‍വമാതൃകയില്‍ ക്രമീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

Related Stories

No stories found.
logo
The Cue
www.thecue.in