‘കൊല്ലപ്പെടുകയാണെങ്കില്‍ പിന്നില്‍ അയാളാണ്‌ ; പൊലീസിനോട് പറയണമെന്ന് സൗമ്യ നിര്‍ദേശിച്ചിരുന്നതായി മകന്‍ 

‘കൊല്ലപ്പെടുകയാണെങ്കില്‍ പിന്നില്‍ അയാളാണ്‌ ; പൊലീസിനോട് പറയണമെന്ന് സൗമ്യ നിര്‍ദേശിച്ചിരുന്നതായി മകന്‍ 

താന്‍ കൊല്ലപ്പെട്ടാല്‍ ഉത്തരവാദി അജാസ് ആണെന്ന് സൗമ്യ പറഞ്ഞിരുന്നതായി മകന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞദിവസം മാവേലിക്കരയില്‍ കൊല്ലപ്പെട്ട സിപിഒ സൗമ്യയുടെ മൂത്ത മകന്‍ ഋഷികേശാണ് പൊലീസിന് മുന്‍പാകെ നിര്‍ണ്ണായക മൊഴി നല്‍കിയിരിക്കുന്നത്. മകന്‍ ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നിലും വെളിപ്പെടുത്തി. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പിന്നില്‍ അജാസായിരിക്കുമെന്ന് പൊലീസിനോട് പറയണമെന്ന് അമ്മ നിര്‍ദേശിച്ചിരുന്നു. മലപ്പുറത്തുള്ള അജാസ് എന്ന പൊലീസുകാരന്‍ ഫോണില്‍ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും 12 കാരന്‍ വ്യക്തമാക്കി.

അജാസില്‍ നിന്ന് ആക്രമണം നേരിട്ടേക്കാമെന്ന് സൗമ്യ ഭയന്നിരുന്നുവെന്നാണ് മകന്റെ മൊഴി സാക്ഷ്യപ്പെടുത്തുന്നത്. സൗമ്യയും അജാസും തമ്മില്‍ ആറുവര്‍ഷത്തെ പരിചയമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തൃശൂരില്‍ പൊലീസ് സേനയിലെ പരിശീലന കാലയളവിലാണ് പരിചയം തുടങ്ങുന്നതെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. സൗമ്യയെ തീക്കൊളുത്തുന്നതിനിടെ ഗുരുതരമായി പൊളളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തേണ്ടതുണ്ട്.

പിഎസ്‌സിയുടെ സര്‍വ്വകലാശാല അസിസ്റ്റന്റ് പരീക്ഷയ്ക്ക് പോയി മടങ്ങിയ ശേഷം ഡ്യൂട്ടിക്ക് പോകാനായി സ്‌റ്റേഷനിലേക്ക് തിരിച്ചപ്പോഴാണ് സൗമ്യയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഇരുചക്രവാഹനത്തിലായിരുന്ന സൗമ്യയെ കാറിടിച്ച് വീഴ്ത്തിയശേഷം പിന്‍തുടര്‍ന്ന് വെട്ടിവീഴ്ത്തുകയും പെട്രോളൊഴിച്ച് തീക്കൊളുത്തിക്കൊല്ലുകയുമായിരുന്നു. ഇതിനിടെ അജാസിനും പൊള്ളലേറ്റു. തുടര്‍ന്ന് സമീപത്തെ പൈപ്പ് വലിച്ചുപൊട്ടിച്ച് അതിന് ചുവട്ടിലിരിക്കുകയായിരുന്നു. ബഹളം കേട്ട് സമീപ വാസികള്‍ ഓടിയെത്തുമ്പോഴേക്കും സൗമ്യയുടെ ശരീരത്തില്‍ മുഴുവനായും തീ ആളിപ്പടര്‍ന്നിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അജാസിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

logo
The Cue
www.thecue.in