‘അവന് കുഞ്ഞുമോളെ പിരിയാന്‍ ആകുമായിരുന്നില്ല,അതുതന്നെയാണ് ആ ചിത്രം’. മാര്‍ട്ടിനസിന്റെ അമ്മ പറയുന്നു 

‘അവന് കുഞ്ഞുമോളെ പിരിയാന്‍ ആകുമായിരുന്നില്ല,അതുതന്നെയാണ് ആ ചിത്രം’. മാര്‍ട്ടിനസിന്റെ അമ്മ പറയുന്നു 

രണ്ട് വയസ്സ് പൂര്‍ത്തിയായിരുന്നില്ലെങ്കിലും ഉത്സാഹവതിയായിരുന്നു വലേറിയ. കുസൃതികളും വിരുതുകളുമായി അച്ഛനമ്മമാരില്‍ സന്തോഷം നിറച്ചിരുന്നവള്‍. കുരുന്നു ചുവടുകളാല്‍ തന്റേതായൊരു നൃത്തമുണ്ടവള്‍ക്ക്. ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് പാവകള്‍ക്കൊപ്പമുള്ള കളിയായിരുന്നു. മുതിര്‍ന്നവരുടെ മുടി ചീകി കളിച്ചും അവള്‍ ഉല്ലസിക്കാറുണ്ട്. വലേറിയയുടെ അച്ഛന്‍ ആല്‍ബര്‍ട്ടോ മാര്‍ട്ടിനസ് ധൈര്യശാലിയായിരുന്നു. അക്രമവും അരാജകത്വവും നടമാടുന്ന എല്‍സാല്‍വഡോറിന്റെ അരക്ഷിതാവസ്ഥയില്‍ നിന്ന്‌ ഏതുവിധേനയും മെച്ചപ്പെട്ട ജീവിതത്തിനായി അമേരിക്കയിലേക്ക് കുടിയേറാന്‍ ആ കുടുംബം തീരുമാനിച്ചു.

തന്റെ ഇരുചക്രവാഹനം വിറ്റുകിട്ടിയ പണവുമായാണ് അവര്‍ ഇറങ്ങിത്തിരിച്ചത്. അമേരിക്കയിലേക്ക് മാറാന്‍ വലേറിയയുടെ അമ്മ താനിയ വനേസയും ഏറെ ആഗ്രഹിച്ചിരുന്നു. ജീവിതത്തിന് സുരക്ഷിതത്വവും ഭാവി കരുപ്പിടിപ്പിക്കാന്‍ അവസരങ്ങളും വേണമെന്നചിന്ത അവരെ അത്രമാത്രം ചിന്തിപ്പിച്ചിരുന്നു. മകള്‍ക്കൊരു നല്ല ഭാവിക്കായി തങ്ങളാല്‍ കഴിയുന്നതെല്ലാം അവര്‍ക്ക് ചെയ്യേണ്ടിയിരുന്നു. അതിനായി ആയിരത്തിലേറെ മൈലുകള്‍ താണ്ടി അവര്‍ ശനിയാഴ്ച മെക്‌സിക്കോയിലെ മാര്‍തമോസ് പാലത്തിനടുത്തെത്തി. തുടര്‍ന്ന് അമേരിക്കയില്‍ അഭയം തേടുന്നതിനുള്ള ആവശ്യം ഉന്നയിച്ചു. മതിയായ പ്രതികരണം ലഭ്യമാകാത്തതിനാല്‍ അമേരിക്കയില്‍ അഭയം സാധ്യമാകില്ലെന്ന ഭയം മാര്‍ട്ടിനസിലുണ്ടായി.

പാലം അടച്ചെന്നും അടുത്ത ദിവസമേ തുടര്‍ന്നുള്ള യാത്ര സാധ്യമാകൂവെന്നും വൈകാതെ അവര്‍ തിരിച്ചറിഞ്ഞു. ഇതോടെയാണ് അധികം ആഴമില്ലാത്ത പുഴ മറികടക്കാമെന്ന് തീരുമാനിച്ചത്. മകളെ ആദ്യം മറുകരയിലെത്തിച്ച് തിരിച്ചെത്താമെന്നായിരുന്നു മാര്‍ട്ടിനസിന്റെ കണക്കുകൂട്ടല്‍. മകളെ അക്കരെയെത്തിച്ച് ഭാര്യയെ കൂട്ടാനായി തിരിച്ചുനീന്തിയെങ്കിലും മകള്‍ വെള്ളത്തിലേക്ക് വീണു. അവളെ കുപ്പായത്തിനുള്ളിലേക്ക് ചേര്‍ത്തുവെച്ച് നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒഴുക്കില്‍പ്പെട്ട് മുങ്ങുകയായിരുന്നു. അച്ഛനോട് ചേര്‍ന്ന് വലേറിയയും നിത്യനിദ്രയിലാണ്ടു. ആ ചിത്രം ലോകമെങ്ങുമുള്ള മനുഷ്യരെ കണ്ണീരിലാഴ്ത്തുകയാണ്.

മെച്ചപ്പെട്ട ജീവിതം കൊതിച്ചാണ് മക്കള്‍ പ്രതിസന്ധികള്‍ തരണം ചെയ്ത് കുടിയേറ്റത്ത് ഇറങ്ങിപ്പുറപ്പെട്ടതെന്ന് മാര്‍ട്ടിനസിന്റെ അമ്മ റോസ റാമിറേസ് പറയുന്നു. അമേരിക്കയിലേക്ക് കുടിയേറുകയാണെന്ന്‌ ആദ്യം വന്നുപറഞ്ഞപ്പോള്‍ തന്നെ പോകരുതെന്നായിരുന്നു തന്റെ മറുപടി. എന്തെങ്കിലും അത്യാഹിതമുണ്ടാകുമോയെന്ന് ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് വിലക്കിയത്. പക്ഷേ അതുതന്നെ സംഭവിച്ചു. സുരക്ഷിതവും മെച്ചപ്പെട്ടതുമായ ജീവിതം മാര്‍ട്ടിനസിന്റെ ആഗ്രഹമായിരുന്നു. കുഞ്ഞിനെ പിരിയാന്‍ അവനാകുമായിരുന്നില്ല. അതുതന്നെയാണ് ആ ചിത്രവും. എങ്ങിനെയാണ് അവന്‍ വലേറിയയെ രക്ഷിക്കാന്‍ ശ്രമിച്ചതെന്ന് നോക്കൂ, എന്നും റാമിറേസ് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in