പൊളിച്ച്‌ നീക്കേണ്ട ഫ്‌ളാറ്റുടമകള്‍ക്കും ബില്‍ഡര്‍മാര്‍ക്കും നോട്ടീസ് നല്‍കുമെന്ന് മരട് നഗരസഭ, നിയമോപദേശം തേടി 

പൊളിച്ച്‌ നീക്കേണ്ട ഫ്‌ളാറ്റുടമകള്‍ക്കും ബില്‍ഡര്‍മാര്‍ക്കും നോട്ടീസ് നല്‍കുമെന്ന് മരട് നഗരസഭ, നിയമോപദേശം തേടി 

അഭിഭാഷകനുമായി ആലോചിച്ച് തുടര്‍നടപടികള്‍ 

തീരദേശ മേഖലാ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുടമകള്‍ക്കും ബില്‍ഡര്‍മാര്‍ക്കും നോട്ടീസ് നല്‍കാനൊരുങ്ങുകയാണ് മരട് നഗരസഭ. ഇതിന് മുന്നോടിയായി നിയമോപദേശം തേടിയതായി നഗരസഭ സെക്രട്ടറി സുഭാഷ് ദ ക്യൂവിനോട് പറഞ്ഞു.

സുപ്രിംകോടതിയില്‍ മുനിസിപ്പാലിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് വിശദമായ കുറിപ്പ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ചതിന് ശേഷം തുടര്‍നടപടികളുമായി മുന്നോട്ട് പോകും. പൊളിച്ച് നീക്കണമെന്ന് മാത്രമാണ് കോടതി ഉത്തരവിലുള്ളത്. ആര് എന്തൊക്കെ ചെയ്യണമെന്ന കാര്യമാണ് വിശദമാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഉത്തരവിനൊപ്പം ആ നോട്ടും കിട്ടും. അഭിഭാഷകനുമായി കൂടിയാലോചിച്ച് മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളൂ. 

വലിയ നിയമപ്രശ്‌നത്തിലേക്ക് നീങ്ങിയേക്കുമെന്നതിനാലാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകാനുള്ള തീരുമാനം നഗരസഭ എടുത്തത്. അഡ്വക്കേറ്റ് വെങ്കിട സുബ്രഹ്മണ്യ റാവുവാണ് മരട് മുനിസിപ്പാലിറ്റിക്ക് വേണ്ടി ഹാജരായിരുന്നത്.

തീരദേശ മേഖലാ ചട്ടം ലംഘിച്ച് നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എറണാകുളം ജില്ലയിലെ മരട് മുനിസിപ്പാലിറ്റിയിലെ 349 ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. മാസത്തിനകം പൊളിച്ച് മാറ്റണമെന്നാണ് ഉത്തരവ്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിന്റെ പകര്‍പ്പ് ഇന്നലെയാണ് വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയത്.

ഉത്തരവില്‍ പൊളിച്ച് നീക്കണമെന്ന് മാത്രമാണ് ഉള്ളതെന്നും ആരാണ് നടപ്പിലാക്കേണ്ടതെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാന തീരദേശ മേഖലാ മാനേജ്‌മെന്റ് അതോറിറ്റിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പ്രധാന എതിര്‍ കക്ഷി മരട് മുനിസിപ്പാലിറ്റിയാണ്.

മരട് പഞ്ചായത്തായിരുന്ന 2006-2007 വര്‍ഷങ്ങളിലാണ് ഈ കെട്ടിടങ്ങള്‍ക്ക് അനുമതി കൊടുത്തിരിക്കുന്നത്. പഞ്ചായത്ത് നഗരസഭയായതിന് പിന്നാലെ നിര്‍മ്മാണ അനുമതി റദ്ദാക്കാന്‍ നഗരസഭ നല്‍കിയ നോട്ടീസ് ഹൈക്കോടതിയില്‍ സിംഗിള്‍ ബെഞ്ച് റദ്ദാക്കുകയും പിന്നീട് ഡിവിഷന്‍ ബെഞ്ച് ആ വിധി ശരിവെക്കുകയും ചെയ്തു. പുനഃപരിശോധന ഹര്‍ജിയും തള്ളിയതോടെ തീരദേശ മേഖലാ നിയന്ത്രണ അതോറിറ്റി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. കേരള തീരദേശ മേഖലാ നിയന്ത്രണ അതോറിറ്റി അറിയാതെയാണ് മരട് പഞ്ചായത്ത് നിര്‍മ്മാണത്തിന് അനുമതി കൊടുത്തത്. സിആസെഡ് 3 മേഖലയില്‍ തീരദേശത്ത് നിന്ന് 200 മീറ്റര്‍ പരിധിക്കുള്ളില്‍ നിര്‍മ്മാണം പാടില്ലെന്ന നിയമമുള്ളതിനാലാണ് ഈ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റേണ്ടിവരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in