കേരളം 'കേരളീയ'ത്തിന് മുമ്പും ശേഷവും എന്ന രീതിയിൽ ഇനി അടയാളപ്പെടുത്തപ്പെടും

കേരളം 'കേരളീയ'ത്തിന് മുമ്പും ശേഷവും എന്ന രീതിയിൽ ഇനി അടയാളപ്പെടുത്തപ്പെടും

Summary

നവകേരള നിർമ്മിതിയുടെ വാതിൽ തുറക്കുന്ന പല പരിപാടികളുടെ സമന്വയമാണ് കേരളീയം. കേരളം കേരളീയത്തിന് മുമ്പും ശേഷവും എന്ന രീതിയിൽ ഇനി അടയാളപ്പെടുത്തപ്പെടും. വികസന, ക്ഷേമ രംഗങ്ങളിലെ തിളക്കമാർന്ന കാലവും കടന്ന് കേരളം കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കും

കേരളപ്പിറവി ദിനത്തിൽ കേരളീയം 2023ന് തുടക്കമിടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ എഴുതുന്നു

ഈ 68-ാം കേരളപ്പിറവി വേളയിൽ സംസ്ഥാനം ഒരു പുതിയ ചുവടുവെക്കുകയാണ്, 'കേരളീയം 2023'. കേരളീയരായതിൽ അഭിമാനിക്കുന്ന മുഴുവനാളുകൾക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കാനും ലോകത്തോട് വിളിച്ചു പറയുവാനുമുള്ള ഒരു അവസരമാണ് കേരളീയം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒരുമിച്ചാഘോഷിക്കാൻ ഇനി മലയാളത്തിന്റെ മഹോത്സവമായ കേരളീയമുണ്ടാകും.

ഭാഷാടിസ്ഥാനത്തിലുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ രൂപീകരണത്തിന് ആശയപരമായ അടിത്തറ പാകുകയും നേതൃപരമായ പങ്കുവഹിക്കുകയും ചെയ്ത കമ്യൂണിസ്റ്റു പാർട്ടിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഐക്യകേരളം രൂപീകൃതമാകുന്നതിന് ചുക്കാൻപിടിച്ചിട്ടുണ്ട്. ഐക്യകേരളത്തിന്റെ സൃഷ്ടിക്ക് കാരണമായ മുന്നേറ്റങ്ങളുടെ പാരമ്പര്യവും തുടർച്ചയും അവകാശമായിട്ടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നവകേരളസൃഷ്ടിക്ക് ഉതകുന്ന ഇടപെടലുമായി മുന്നോട്ടുപോകുന്ന ഘട്ടമാണിത്. ഈയൊരു സവിശേഷ ഘട്ടത്തിൽ തന്നെയാണ് കേരളത്തിന്റെ മഹോത്സവമായ കേരളീയം ആരംഭിക്കുന്നതും. അതിൽ ഒരു കാവ്യഭംഗിയുണ്ട്.

കേരളം ഭൂമിയിലെ തന്നെ അത്യപൂർവ ദേശമാണ്. ഈ അപൂർവത ലോകം മുഴുവൻ സഞ്ചരിച്ചവർ അനുഭവിച്ച് ബോധ്യപ്പെട്ട് സാക്ഷ്യപ്പെടുത്തിയ യാഥാർത്ഥ്യമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം ഈ ദേശത്തിന്റെ മേൽവിലാസമായത് അങ്ങനെയാണ്. പലദേശങ്ങളും അവരുടെ തിലകക്കുറിയാക്കി മാറ്റിയ ഒട്ടേറെ സവിശേഷതകൾ ഒരുമിച്ച് ഈ നാട്ടിൽ സമ്മേളിക്കുന്നത് അത്യപൂർവതയല്ലാതെന്താണ്? ദേശസൗന്ദര്യം കൊണ്ടും സാംസ്‌കാരിക സവിശേഷതകൾ കൊണ്ടും മാത്രമല്ല, കൈവരിച്ച സാമൂഹിക പുരോഗതി കൊണ്ടും വളരാനും സ്വയം നവീകരിക്കാനുമുള്ള ഈ ജനതയുടെ അടങ്ങാത്ത അഭിലാഷംകൊണ്ടും നാം മലയാളികൾ വ്യതിരിക്തരാണ്.

കേരളം 'കേരളീയ'ത്തിന് മുമ്പും ശേഷവും എന്ന രീതിയിൽ ഇനി അടയാളപ്പെടുത്തപ്പെടും
'സാഹോദര്യവും സ്നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിന്‍റെ സംസ്കാരത്തെ ആഘോഷിക്കേണ്ടതുണ്ട്' ; കേരളീയം 2023ന് നാളെ തുടക്കം
കോവിഡ് മഹാമാരിയും അതിനുശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും മറികടന്ന് ലോകം അതിവേഗം കുതിക്കുന്ന ഘട്ടത്തിൽ കേരളം ലോകത്തെ ഒറ്റപ്പെട്ട ഒരു കോണിലുള്ള അടഞ്ഞ മുറിയായിരുന്നുകൂടാ. നാം ഇതുവരെ ആർജ്ജിച്ച നേട്ടങ്ങളുടെ കരുത്തിൽ പുതിയ കാലത്തെ വെല്ലുവിളികളെ മറികടന്ന് നമ്മൾ മുന്നോട്ടു കുതിക്കേണ്ടതുണ്ട്.

പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലുള്ള, ഭാരതത്തിന്റെ തെക്കേയറ്റത്തെ, പരിമിതികൾ ഏറെയുള്ള ഈ കൊച്ചുദേശം ലോകഭൂപടത്തിൽ ഇന്ന് ഒരു മരതകക്കല്ലു പോലെ തിളങ്ങുകയാണ്. ഈ മുന്നേറ്റവും ആരും കൊതിക്കുന്ന സാമൂഹികാന്തരീക്ഷവുമൊന്നും പൊടുന്നനേ ഉണ്ടായതല്ല. സമാധാനത്തിന്റെ ഈ പച്ചത്തുരുത്ത് ആരും നമുക്ക് ദാനമായി തന്നതുമല്ല. ഇരുട്ടിലാണ്ട് കിടന്ന ഒരു ഭൂതകാലമുണ്ടായിരുന്നു നമുക്ക്. അയിത്തവും തൊട്ടുകൂടായ്മയും സാമൂഹികമായ ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളുമൊക്കെ ജനജീവിതം ദുസ്സഹമാക്കിയ ഇരുണ്ട കാലം.

അവിടെനിന്നും സാമൂഹിക പരിഷ്‌കർത്താക്കളും നവോത്ഥാന, പുരോഗമന, രാഷ്ട്രീയ പ്രസ്ഥാനങ്ങളും നമ്മെ വെളിച്ചത്തിലേക്ക് കൈപിടിച്ചുനടത്തി. സമരതീക്ഷ്ണമായ കാലംകടന്ന് നാം അവകാശങ്ങൾ നേടിയെടുത്തു. മനുഷ്യനെ മനുഷ്യനായി കാണാനും മനുഷ്യാന്തസ്സിന്റെ മഹത്വം മനസ്സിലാക്കാനും ആ സാമൂഹികമുന്നേറ്റങ്ങൾ നമ്മെ സഹായിച്ചു. സാമൂഹികനീതിയിൽ അധിഷ്ഠിതമായ വികസനനയം നടപ്പാക്കാനും ആ വികസനത്തിന്റെ ഗുണഫലങ്ങൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുവാനും നമുക്ക് കഴിഞ്ഞു.

അടിസ്ഥാനസൗകര്യ വികസനം, സാമൂഹികക്ഷേമം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ലിംഗതുല്യത, വ്യവസായ വികസനം, സംരംഭകത്വം, പ്രവാസിക്ഷേമം, കൃഷി, ഭരണനിർവ്വഹണം തുടങ്ങി എല്ലാ മേഖലകളിലും സമാനതകളില്ലാത്ത നേട്ടമാണ് നാം കൈവരിച്ചിട്ടുള്ളത്. ഇങ്ങനെ കേരളം ആർജ്ജിച്ച നേട്ടങ്ങളും ഈ ദേശത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ സവിശേഷതകളും ലോകമെമ്പാടുമുള്ള ഒട്ടേറെ ജനതകൾക്ക് മാതൃകയായി. വികസനത്തിന്റെ കേരള മാതൃക എന്ന വിശേഷണം വരെ ഉടലെടുത്തു.

കോവിഡ് മഹാമാരിയും അതിനുശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും മറികടന്ന് ലോകം അതിവേഗം കുതിക്കുന്ന ഘട്ടത്തിൽ കേരളം ലോകത്തെ ഒറ്റപ്പെട്ട ഒരു കോണിലുള്ള അടഞ്ഞ മുറിയായിരുന്നുകൂടാ. നാം ഇതുവരെ ആർജ്ജിച്ച നേട്ടങ്ങളുടെ കരുത്തിൽ പുതിയ കാലത്തെ വെല്ലുവിളികളെ മറികടന്ന് നമ്മൾ മുന്നോട്ടു കുതിക്കേണ്ടതുണ്ട്. ആ കുതിപ്പിന്റെ പാഠങ്ങൾ ലോകമെമ്പാടുമുള്ള ജനതതികൾ അറിയേണ്ടതുമുണ്ട്. അതിനുതകുന്ന വിധത്തിൽ കേരളത്തെ ലോകത്തിനു മുമ്പിൽ സമഗ്രവും സത്യസന്ധവുമായി അവതരിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള നവീനവും ബൃഹത്തുമായ പരിപാടിയാണ് കേരളീയം.

കേരളത്തെ അതിന്റെ സമസ്ത നേട്ടങ്ങളോടെയും ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയാണ് 'കേരളീയം-2023'. കേരളപ്പിറവി ദിനമായ ഇന്നു മുതൽ ഒരാഴ്ചയാണ് കേരളീയം നമ്മുടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് അരങ്ങേറുക. കേരളപ്പിറവി ദിനാഘോഷങ്ങളും അതോടനുബന്ധിച്ച് സംഘടിപ്പിക്കാറുള്ള ഭാഷാ വാരാചരണങ്ങളുമൊക്കെ നമുക്കു പരിചിതമാണ്. എന്നാൽ അത്തരം പതിവു പരിപാടികളിലോ ചടങ്ങുകളിലോ ഒതുങ്ങിപ്പോവാത്തതും ലോകത്തിന്റെയാകെ ശ്രദ്ധ നമ്മുടെ കേരളത്തിലേക്കു കൊണ്ടുവരുന്നതുമാണ് കേരളീയം. എല്ലാ വർഷവും അതതു വർഷത്തെ അടയാളപ്പെടുത്തുന്നവിധം കേരളീയം നടത്താനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്.

സാമൂഹിക വികാസത്തിലും വ്യാവസായിക മുന്നേറ്റത്തിലും നൂതനവിദ്യാ രംഗത്തുമെല്ലാം നാം കൈവരിച്ച നേട്ടങ്ങളെ കേരളീയത്തിലൂടെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കും. നമ്മുടെ തനതു കലകളുടെയും ആധുനിക കലാരൂപങ്ങളുടെയും പ്രദർശനങ്ങളും കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടും. കേരളസമൂഹത്തിന്റെ സൂക്ഷ്മ ഘടകങ്ങളെപ്പോലും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ബൃഹത്തായ കേരളീയത്തിലേക്കു ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന്, അതിപ്രഗത്ഭർ എത്തും. ദേശീയതലത്തിലും അന്തർദേശീയ തലത്തിലുമുള്ള പ്രമുഖരുടെ സാന്നിധ്യവും വൈദഗ്ദ്ധ്യവും നമുക്ക് പ്രയോജനപ്പെടും. അവർ തിരികെപ്പോയി കേരളത്തെക്കുറിച്ച് അവരുടെ നാടുകളിൽ പറയുന്നത്, എഴുതുന്നത് കേരളത്തിന്റെ ഭാവിക്ക് വളരെയധികം പ്രയോജനപ്പെടും.

തിരുവനന്തപുരത്തെ കിഴക്കേകോട്ട മുതൽ കവടിയാർ വരെയുള്ള ഭാഗത്ത് 41 'കേരളീയം' പ്രദർശന നഗരികളാണുള്ളത്. കല, സംസ്‌കാരം, വ്യവസായം, കാർഷികം മുതലായ വ്യത്യസ്ത മേഖലകളിലെ മേളകൾ ഉണ്ടാവും. 25 പ്രദർശനങ്ങൾ, 400 ലധികം കലാപരിപാടികൾ, 3,000 കലാകാരന്മാർ, 11 വ്യത്യസ്ത ഭക്ഷ്യമേളകൾ, 6 വേദികളിൽ ഫ്‌ളവർ ഷോ, ഫിലിം ഫെസ്റ്റിവൽ, പുസ്തകമേള, 600 ലധികം സംരംഭകർ പങ്കെടുക്കുന്ന ട്രേഡ് ഫെയർ, എട്ട് കിലോമീറ്റർ നീളത്തിൽ ദീപാലങ്കാരം എന്നിങ്ങനെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇതുകൂടാതെ, കേരള വികസനത്തെ സംബന്ധിച്ചും സമകാലിക സംഭവങ്ങളെക്കുറിച്ചുമുള്ള 25 സെമിനാറുകളുമുണ്ട്.

വിവിധ മേഖലകളിൽ നാം കൈവരിച്ച നേട്ടങ്ങൾ പ്രതിഫലിപ്പിക്കാൻ ഓരോ വിഭാഗത്തിനും പ്രത്യേക ട്രേഡ് ഫെയറുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങൾക്കുള്ള ട്രേഡ് ഫെയർ, ട്രൈബൽ മേഖലയിൽ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ട്രൈബൽ ട്രേഡ് ഫെയർ, വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വനിതാ ട്രേഡ് ഫെയർ, പരമ്പരാഗത, സഹകരണ മേഖലകൾക്കായുള്ള പ്രത്യേക ട്രേഡ് ഫെയറുകൾ എന്നിവ ഈ ഉത്സവത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും അതിലടങ്ങിയ ക്ലാസിക്കൽ, പ്രാക്തന കലാരൂപങ്ങളും കേരളീയത്തിലൂടെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കപ്പെടും.

കേരളത്തിന്റെ പ്രത്യേകതകളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതോടൊപ്പം നൂതന ലോകത്തെക്കുറിച്ച് നമുക്കുണ്ടാകേണ്ട അറിവുകൾ എന്തൊക്കെ, അവ നമ്മുടെ സമൂഹത്തിൽ എങ്ങനെയൊക്കെ പ്രാവർത്തികമാക്കാം എന്നിവയെല്ലാം വിശദമായി ചർച്ച ചെയ്തുകൊണ്ടു കൂടിയാണ് കേരളീയം അരങ്ങേറുക. ലോകം മാറുമ്പോൾ നമ്മൾ മാറേണ്ടതില്ല, അല്ലെങ്കിൽ നമുക്കൊരിക്കലും വികസിത-പരിഷ്‌കൃത നാടുകളെപ്പോലെയാകാൻ കഴിയില്ല എന്ന ചിന്തയോടെ അടഞ്ഞു ജീവിക്കേണ്ട ഒരു സമൂഹമല്ല കേരളീയസമൂഹം.

കേരളീയസമൂഹം ഇന്ന് കേരളത്തിൽ മാത്രമായി ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. ഭൂഖണ്ഡാന്തരങ്ങളിലേക്ക് ആ സമൂഹം വളർന്നു പന്തലിച്ചു നിൽക്കുന്നു. ലോകമലയാളി എന്ന സങ്കൽപ്പം തന്നെ ഉയർന്നുവന്നിരിക്കുന്നു. എത്തിച്ചേർന്ന ദേശങ്ങളിലെല്ലാം ആ നാടിന്റെ സാമൂഹിക മുന്നേറ്റത്തിൽ മലയാളിസമൂഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആ നാടുകൾക്ക് കേരളത്തോട് വലിയ താൽപര്യവുമുണ്ട്. ആ താൽപര്യത്തെ പുതിയ തലത്തിലേക്ക് കേരളീയം ഉയർത്തും.

ലോകം ശ്രദ്ധിച്ച കേരളവികസന മാതൃകയുടെ നേട്ടങ്ങളിൽ ഊന്നിനിന്നുകൊണ്ട് പുതിയ കാലത്തിന്റെ വെല്ലുവിളികളെ നമ്മൾ ഏറ്റെടുക്കുകയാണ്. നാലാം വ്യാവസായിക വിപ്ലവവും നിർമ്മിതബുദ്ധിയും മെഷീൻ ലേണിംഗുമെല്ലാം ലോകത്തിന്റെ ചിന്താഘടനയെ തന്നെ മാറ്റിമറിക്കുന്ന ഈ ഘട്ടത്തിലാണ് കേരളം ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി പരിണമിക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ സവിശേഷതകൾ കേരളീയത്തിൽ പ്രതിഫലിക്കും. കേരളത്തിന്റെ സമഗ്രമായ വികസന കാഴ്ചപ്പാടിനെ കേരളീയം ഉത്തേജിപ്പിക്കുകതന്നെ ചെയ്യും. അങ്ങനെ അടുത്ത 25 വർഷത്തിനുള്ളിൽ വികസിത രാജ്യങ്ങളുടെ ജീവിതനിലവാരത്തിലേക്ക് എത്തുക എന്ന കേരളത്തിന്റെ ലക്ഷ്യത്തിന് അത് ഊർജ്ജം പകരും.

കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള പ്രചാരണങ്ങൾ വ്യാപകമായി നടക്കുന്ന കാലം കൂടിയാണിത്. ഇത് ഓരോ കേരളീയനും വേദനാജനകമാണ്. യഥാർത്ഥ കേരളത്തെ ലോകസമക്ഷം ഉയർത്തിക്കാട്ടുക എന്നതാണ് ഇതിനുള്ള മറുപടി. മതനിരപേക്ഷമായി നിലനിൽക്കുന്ന നമ്മുടെ സമൂഹം കൈവരിച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടി, നമ്മുടെ സാമുദായിക സൗഹൃദം തകർത്ത് ഇവിടേക്ക് വർഗീയതയുടെ വിഷം കുത്തിവയ്ക്കാനാണ് ചില ശക്തികൾ ശ്രമിക്കുന്നത്. ഈ പ്രചാരണങ്ങളെ തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗവും യഥാർത്ഥ കേരളത്തെ അവതരിപ്പിക്കലാണ്. അതിനുള്ള ഉത്തമ മാർഗ്ഗം കൂടിയാണ് കേരളീയം.

നവകേരള നിർമ്മിതിയുടെ വാതിൽ തുറക്കുന്ന പല പരിപാടികളുടെ സമന്വയമാണ് കേരളീയം. കേരളം കേരളീയത്തിന് മുമ്പും ശേഷവും എന്ന രീതിയിൽ ഇനി അടയാളപ്പെടുത്തപ്പെടും. വികസന, ക്ഷേമ രംഗങ്ങളിലെ തിളക്കമാർന്ന കാലവും കടന്ന് കേരളം കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കും. ആരും വിശന്നിരിക്കാത്ത, ഒരാൾക്കുമുന്നിലും നീതിയുടെ കവാടങ്ങൾ കൊട്ടിയടക്കപ്പെടാത്ത, സുരക്ഷിത ഭവനവും വിദ്യാഭ്യാസ സൗകര്യങ്ങളുമുള്ള, മികച്ച ചികിത്സാ സൗകര്യങ്ങളുള്ള, അഭിപ്രായസ്വാതന്ത്ര്യവും സമാധാനവുമുള്ള, ജീവിത വിഭവങ്ങൾ തുല്യമായി പങ്കുവെക്കപ്പെടുന്ന, അഴിമതിരഹിതമായ, പൗരബോധമുള്ള ജനതയാൽ പരിരക്ഷിക്കപ്പെടുന്ന ഒരു നവകേരളമാണ് സൃഷ്ടിക്കപ്പെടാൻ പോവുന്നത്.

കേരളത്തിന്റെ പരിമിതികളെയും പരാധീനതകളെയും കുറിച്ച് വിലപിച്ചിരുന്ന പലരും കേരളത്തിന് പലതും സാധ്യമാണ് എന്ന് തിരിച്ചറിഞ്ഞ കാലം കൂടിയാണ് കടന്നുപോവുന്നത്. പ്രതിസന്ധികളെ സമർത്ഥമായി മറികടന്ന് മുന്നേറുന്ന പരിഷ്‌കൃത സമൂഹമായി മാറാൻ നമുക്ക് കഴിഞ്ഞിരിക്കുന്നു. ഓരോ കേരളീയനും അഭിമാനിക്കാൻ വക നൽകുന്ന ഈ മാറ്റം നമുക്ക് തുടരാനാകണം. നമ്മുടെ നാടിനെക്കുറിച്ച് അഭിമാനിക്കുന്ന, ഈ നാടിന്റെ കുതിപ്പിന് ഒത്തൊരുമിച്ച് കരുത്ത് പകരുന്ന നമ്മുടെ 'കേരളീയത' ഒരു വികാരമാവണം. ആ വികാരത്തിൽ കേരളീയരാകെ ഒരുമിക്കണം.

അഭിപ്രായ ഭിന്നതകളെ ജനാധിപത്യപരമായി ഉൾക്കൊണ്ട് പൊതുതാത്പര്യത്തിനായി ഒരേ മനസ്സോടെ മുന്നേറണം. ജാതി - മത - ലിംഗ ഭേദമില്ലാതെ, സമത്വഭാവനയോടെ പരിലസിക്കുന്ന, ഇന്ത്യയ്ക്കാകെ അഭിമാനം നൽകുന്ന കേരളീയതയെക്കുറിച്ച് ലോകവുമറിയണം. കേരളീയം അതിനുള്ള അവസരമാണ്. കേരളത്തെ നമുക്ക് തന്നെയും, നമ്മുടെ പുതുതലമുറയ്ക്ക് പ്രത്യേകിച്ചും ആഴത്തിൽ മനസ്സിലാക്കാനും കേരളത്തെ സത്യസന്ധമായി ലോകത്തിന് പരിചയപ്പെടുത്താനുമുള്ള അവസരം. നമ്മളെങ്ങനെ നമ്മളായി എന്ന് തിരിച്ചറിഞ്ഞ് അഭിമാനിക്കാനും ആഘോഷിക്കാനുമുള്ള അവസരമായ കേരളീയത്തിലേക്ക് എല്ലാവരെയും ഹാർദ്ദമായി ക്ഷണിക്കുന്നു, എല്ലാവർക്കും കേരളപ്പിറവി ആശംസകൾ നേരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in