'പല പുതിയ കാര്യങ്ങളും പഠിക്കാനും പ്രചോദനമുൾക്കൊള്ളാനുമായി താൻ കേരളത്തിൽ എത്തിയിട്ടുണ്ട്' ; കേരളീയം വേദിയിൽ കമൽ ഹാസൻ

'പല പുതിയ കാര്യങ്ങളും പഠിക്കാനും പ്രചോദനമുൾക്കൊള്ളാനുമായി താൻ കേരളത്തിൽ എത്തിയിട്ടുണ്ട്' ; കേരളീയം വേദിയിൽ കമൽ ഹാസൻ

ഒരു നടൻ എന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലും കേരളം തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് നടൻ കമൽ ഹാസൻ. സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയിൽ ആശംസയർപ്പിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്. ഇന്ന് ഈ വേദിയില്‍ താൻ ഇം​ഗ്ലീഷിലാണ് സംസാരിക്കുന്നത് അതിന് കാരണം ഉണ്ട്, താൻ എന്താണ് സംസാരിക്കുന്നത്, എന്തിനാണ് നമ്മുടെ കേരളത്തെക്കുറിച്ച് സംസാരിക്കുന്നത് എന്ന് ഈ ​രാജ്യത്തിന്റെ മറ്റ് ഭാ​ഗത്തുള്ളവർ കേൾക്കണം എന്ന് തനിക്ക് ആ​ഗ്രഹമുണ്ടെന്നും കമൽ ഹാസൻ പറഞ്ഞു. തന്റെ ജീവിതയാത്രയിൽ കേരളത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ഒരു നടൻ എന്ന നിലയിലും ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലും പല പുതിയ കാര്യങ്ങളും പഠിക്കാനും പ്രചോദനമുൾക്കൊള്ളാനുമായി താൻ കേരളത്തിൽ എത്തിയിട്ടുണ്ട്. 2017ൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ചപ്പോൾ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഉപദേശം തേടിയിരുന്നതായും പ്രസം​ഗത്തിൽ കമൽ ഹാസൻ കൂട്ടിച്ചേർത്തു.

തനിക്ക് ഏഴോ എട്ടോ വയസുള്ള സമയത്താണ് ഞാന്‍ ആദ്യമായി കണ്ണും കരളും എന്ന മലയാള സിനിമയിൽ അഭിനയിച്ചത്. എന്‍റെ പ്രിയ ഡയറക്ടര്‍ സേതുമാധവന്‍ സാറിന്‍റെയും ആദ്യത്തെ ചിത്രം അതായിരുന്നു. കേരളത്തിലെ സിനിമ രംഗം എന്നും കേരളം എന്ന സംസ്കാരിക ഇടത്തെ രൂപപ്പെടുത്തുന്നതിൽ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഒപ്പം തന്നെ തന്റെ സിനിമ കാഴ്ചപ്പാടും മലയാള സിനിമ സ്വധീനിച്ചിട്ടുണ്ടെന്നും കമൽ ഹാസൻ പറഞ്ഞു. ഇവിടെ നിര്‍മ്മിക്കുന്ന സിനിമകള്‍ എന്നും സമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്യാറുണ്ട്, ഇത് കേരളത്തിന്‍റെ പുരോ​ഗമന കാഴ്ചപ്പാടുകളെയും, സാമൂഹിക പ്രതിബദ്ധതയും, ഇത്തരം വിഷയത്തിലുള്ള ജാഗ്രതയും എടുത്തു കാട്ടുന്നതാണ്. തമിഴ്നാട്ടിലെ പ്രദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തണം എന്ന എന്‍റെ ആശയത്തില്‍ ഞാന്‍ മാതൃകയാക്കിയത് കേരളം നടപ്പിലാക്കിയ 1996ലെ ജനകീയാസൂത്രണത്തെയാണ്. ജനാധിപത്യം ശരിക്കും നടപ്പിലാക്കപ്പെടുന്നത് വികേന്ദ്രീകൃത ആസൂത്രണത്തിലൂടെയാണ് അതില്‍ ഇന്ത്യയ്ക്ക് സ്വീകരിക്കാവുന്ന മാതൃകയാണ് കേരളമെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.

തമിഴ്നാടും കേരളവും അതിര്‍ത്തി മാത്രം അല്ല ഒരു സംസ്കാരം തന്നെ പങ്കിടുന്നുണ്ട്. ജനങ്ങളുടെ വികസനവും ആരോഗ്യരംഗത്തെയും വിദ്യാഭ്യാസ രംഗത്തേയും പുരോഗതിയും ഇരു സംസ്ഥാനങ്ങളുടെയും നയമാണ്. സംഗീതത്തിലും ക്ലാസിക് കലകളിലും നാം രണ്ട് ജനതയും താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. ഒപ്പം നമ്മുടെ ഭാഷപരമായ സാമ്യത ചെറുപ്പകാലം മുതല്‍ തന്നെ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിനും എന്നെ സഹായിച്ചിട്ടുണ്ട് എന്നും ചടങ്ങിൽ ആശംസ അർപ്പിക്കവേ കമൽ ഹാസൻ പറഞ്ഞു. തുടർന്ന് കേരളത്തിലെ ആ​ദ്യത്തെ ഇഎംഎസ് മന്ത്രി സഭയെക്കുറിച്ചും, കോവിഡിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തെക്കുറിച്ചും കമൽ ഹാസൻ വേദിയിൽ സംസാരിച്ചു.

എല്ലാ വർഷവും കേരള പിറവി ദിനത്തോടനുബന്ധിച്ചു ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷമായാണ് കേരളീയം വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തെ അതിന്റെ സാംസ്കാരികവും തന്മയ ഭാവത്തോടും കൂടെ അവതരിപ്പിക്കൽ തുടങ്ങി വിവിധോദ്ദേശങ്ങളോടെയാണ് കേരളീയം വികസന-സാംസ്‌കാരിക-മഹോത്സവം സംഘടിപ്പിക്കുന്നത്. തലസ്ഥാനത്തെ 41 വേദികളിലായി നവംബര്‍ ഏഴ് വരെയാണ് ആഘോഷം. കിഴക്കേകോട്ട മുതല്‍ കവടിയാര്‍വരെയുള്ള ഭാഗത്ത് 41 'കേരളീയം' പ്രദര്‍ശനനഗരികളാണുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in