വന്‍കിട ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ഇടുക്കിയില്‍ 34.41 ശതമാനം വെള്ളം മാത്രം 

വന്‍കിട ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ഇടുക്കിയില്‍ 34.41 ശതമാനം വെള്ളം മാത്രം 

സംസ്ഥാനത്ത് തുടര്‍ച്ചയായി കനത്ത മഴ ലഭിച്ചതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു.ഇടുക്കി അണക്കെട്ടില്‍ 2335.86 അടി വെള്ളമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 98.25 ശതമാനം വെള്ളമുണ്ടായിരുന്നു.

ഇതുവരെ 18 ഡാമുകളാണ് സംസ്ഥാനത്ത് തുറന്നത്. ഇടുക്കി, പമ്പ, കക്കി, ഷോളയാര്‍, ഇടമലയാര്‍, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വന്‍കിട ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അറിയിച്ചു.

പമ്പ

പമ്പ അണക്കെട്ടില്‍ 977.40 മീറ്റര്‍ വെള്ളമാണുള്ളത്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 60.68 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം 986.20 മീറ്ററുണ്ടായിരുന്നു. സംഭരണശേഷിയുടെ 98.95 ശതമാനമായിരുന്നു അത്.

കക്കി ആനത്തോട് ഡാം

ഡാമില്‍ 34.05 ശതമാനമാണ് വെള്ളം ഇപ്പോളുള്ളത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് നൂറ് ശതമാനം വെള്ളമുണ്ടായിരുന്നു.

ഷോളയാര്‍

ഷോളയാറില്‍ 45 ശതമാനം വെള്ളമാണുള്ളത്. 800.01 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. നൂറ് ശതമാനമായിരുന്നു ഷോളയാറില്‍ കഴിഞ്ഞ വര്‍ഷം ഈ സമയത്ത്.

ഇടമലയാര്‍

ഇടമലയാറില്‍ 44.61 ശതമാനവും പെരിങ്ങല്‍ക്കുത്തില്‍ 70 .94 ശതമാനവുമാണ് ജലനിരപ്പ്. ഈ അണക്കെട്ടുകളും കഴിഞ്ഞ വര്‍ഷം നിറഞ്ഞ് കവിഞ്ഞവയാണ്.

കുറ്റ്യാടി, ബാണാസുര സാഗര്‍ ഡാമുകളിലാണ് ഈ വര്‍ഷവും ജലനിരപ്പ് സംഭരണശേഷിക്കൊപ്പമെത്തിയിരിക്കുന്നത്. കുറ്റ്യാടി ഡാമില്‍ 757.185 അടി വെള്ളമുണ്ട്. സംഭരണ ശേഷി 758.037 ആണ്. ബാണാസുര സാഗറില്‍ 772.65 അടിയായി.

ബാണാസുര സാഗര്‍ അണക്കെട്ട് വൈകീട്ട് മൂന്ന് മണിക്ക് തുറക്കും. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ പ്രദേശത്തു പെയ്യുന്ന മഴവെള്ളം കരമാന്‍ തോടിലേക്ക് ഒഴുക്കി വിടും. രാവിലെ എട്ടു മണി മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കരമാന്‍ തോടിലെ ജലനിരപ്പ് നിലവില്‍ ഉള്ളതിനേക്കാള്‍ 10 സെന്റീമീറ്റര്‍ മുതല്‍ 15 സെന്റീമീറ്റര്‍ വരെ വര്‍ദ്ധന ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ ഇരു കരകളിലും ഉള്ള ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഡാമുകളെല്ലാം തുറന്നുവെന്ന് സമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചരണങ്ങള്‍ നടത്തരുതെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും കെഎസ്ഇബി അറിയിച്ചു

logo
The Cue
www.thecue.in