മണ്ണിനടിയില്‍ നിന്ന് രാത്രി നിലവിളി കേട്ടെന്ന് നാട്ടുകാര്‍; കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

മണ്ണിനടിയില്‍ നിന്ന് രാത്രി നിലവിളി കേട്ടെന്ന് നാട്ടുകാര്‍; കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായ വീടുകളില്‍ നിന്ന ഇന്നലെ രാത്രി നിലവിളി കേട്ടെന്ന് നാട്ടുകാര്‍. അപകടം നടന്ന് 48 മണിക്കൂര്‍ പിന്നിട്ടും കനത്ത മഴയും പ്രതികൂല കാലവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുകയാണ്. രാവിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായിരുന്നു.

ഫയര്‍ ഫോഴ്‌സ്, ദേശീയ ദുരന്തനിവാരണ സേന, പൊലീസ് മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ നാട്ടുകാര്‍ എന്നിങ്ങനെ കൂട്ടായ തെരച്ചിലാണ് കവളപ്പാറയില്‍ നടക്കുന്നത്. അറുപത്തിമൂന്ന് പേരെ സ്ഥലത്ത് കാണാതായതായി ജില്ലാ ഭരണകൂടം പറയുന്നു.രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ മെഷിനറികള്‍ ഇതുവരെ എത്തിക്കാനായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ആകെ ഒരു ജെസിബി മാത്രമാണ് നിലവില്‍ സ്ഥലത്തുള്ളത്.

നാല്‍പ്പത് അടിയോളം ഉയരത്തിലാണ് ഇവിടെ മണ്ണ് പതിച്ചിരിക്കുന്നത്. മണ്ണിനടിയില്‍ നിന്ന് രൂക്ഷമായ ഗന്ധം വരുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഇടപെടുന്ന നാട്ടുകാര്‍ പറഞ്ഞു. ഈ മണ്ണ് മാറ്റാതെ രക്ഷാ പ്രവര്‍ത്തനം സാധ്യമല്ല, അതിന് കൂടുതല്‍ മെഷിനുകള്‍ വേണം. നിലവില്‍ മഴ പെയ്യുന്ന വെള്ളം ഒലിച്ചു പോകാനായി ചാല് കീറിയാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം സാധ്യമാകു എന്നും നാട്ടുകാര്‍ പറയുന്നു.

മുപ്പതോളം വീടുകള്‍ ഉള്‍പ്പെടെ ഒരു പ്രദേശമാകെ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന് പോയ അവസ്ഥയിലാണ്. ഇരുനില വീടുകള്‍ പോലും മണ്ണിനടിയിലാണ്. തെങ്ങിന്റെ മുകള്‍ ഭാഗം വരെ മണ്ണിനടിയിലായ അവസ്ഥയാണ്. ഇതുവരെ നാല് മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുക്കാനായത്. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് തല്‍ക്കാലത്തേക്ക് രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുകയാണ്

logo
The Cue
www.thecue.in