'മോദി ഭരണത്തില്‍ നവഫാസിസം പ്രകടമായിരിക്കുന്നു'; സിപിഎം രാഷ്ട്രീയ പ്രമേയത്തിലെ നവഫാസിസം പ്രയോഗത്തില്‍ വ്യക്തത വരുത്തി പ്രകാശ് കാരാട്ട്

'മോദി ഭരണത്തില്‍ നവഫാസിസം പ്രകടമായിരിക്കുന്നു'; സിപിഎം രാഷ്ട്രീയ പ്രമേയത്തിലെ നവഫാസിസം പ്രയോഗത്തില്‍ വ്യക്തത വരുത്തി പ്രകാശ് കാരാട്ട്
Published on

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ പരാമര്‍ശിക്കപ്പെടുകയും പിന്നീട് വിവാദമാകുകയും ചെയ്ത നവഫാസിസം എന്ന പ്രയോഗം വിശദീകരിച്ച് പ്രകാശ് കാരാട്ട്. കൊല്ലത്ത് ആരംഭിച്ച പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് വിശദീകരണം. നവഫാസിസം ക്ലാസിക്കല്‍ ഫാസിസത്തില്‍ നിന്ന് വ്യത്യസ്തമാണെന്ന് കാരാട്ട് പറഞ്ഞു. അതിന്റെ ചില പ്രവണതകളും പുതിയ പ്രവണതകളും പുതിയ കാല ഫാസിസത്തില്‍ കാണാന്‍ കഴിയും. നവ ഉദാരവല്‍ക്കരണത്തിന്റെ പ്രതിസന്ധിയാണ് പുതിയ പ്രവണതകളിലൂടെ പുതിയ ഫാസിസ്റ്റ് രൂപമായി മാറുന്നത്. ഇന്ത്യയില്‍ ഫാസിസത്തിന്റെ രൂപമാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രം. അത് നവഫാസിസത്തിന്റെ പുതിയ രൂപമായി കാണുന്നു. 11 വര്‍ഷത്തെ മോദി ഭരണത്തില്‍ ഹിന്ദുത്വ അജണ്ട സ്ഥാപിക്കാനുള്ള ഊര്‍ജ്ജിതമായ ശ്രമത്തിലൂടെ ഇവിടെ നിയോ ഫാസിസം പ്രത്യക്ഷമായിരിക്കുന്നുവെന്നും കാരാട്ട് വ്യക്തമാക്കി.

സിപിഎം നയരേഖക്കെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസിനെയും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെയും കാരാട്ട് വിമര്‍ശിച്ചു. കേരളത്തിലെ ഫാസിസം വിദഗ്ദ്ധരായ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ വിമര്‍ശിക്കുന്നത് കാണുമ്പോള്‍ അതിശയം തോന്നുകയാണ്. 2018ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തില്‍ ഞങ്ങള്‍ പറഞ്ഞിരുന്നത് ഇവിടെ പുതിയ ഫാസിസ്റ്റ് ട്രെന്‍ഡുകള്‍ ഉയര്‍ന്ന് വരുന്നുണ്ട് എന്നാണ്. ഏഴ് വര്‍ഷത്തിന് ശേഷം പുതിയ ഫാസിസ്റ്റ് രീതികള്‍ കാണപ്പെടുന്നുണ്ടെന്നാണ് ഞങ്ങള്‍ പറയുന്നത്. ഉയര്‍ന്നു വരുന്നു എന്നല്ല. 11 വര്‍ഷത്തെ മോദി ഭരണത്തില്‍ ഹിന്ദുത്വ അജണ്ട സ്ഥാപിക്കാനുള്ള ഊര്‍ജ്ജിതമായ ശ്രമത്തിലൂടെ ഇവിടെ നിയോ ഫാസിസം പ്രത്യക്ഷമായിരിക്കുന്നു. അതിനെ പ്രതിരോധിച്ചില്ലെങ്കില്‍ പൂര്‍ണ്ണരൂപത്തിലുള്ള ഫാസിസമായി വളരും. അതിനെ വഴിതിരിച്ചു വിടാന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങള്‍ വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും കാരാട്ട് പറഞ്ഞു.

പ്രകാശ് കാരാട്ട് പറഞ്ഞത്

നവഫാസിസം ക്ലാസിക്കല്‍ ഫാസിസത്തില്‍ നിന്ന് വ്യത്യസ്തമാണ്. 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ചില രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതാണ് ക്ലാസിക്കല്‍ ഫാസിസം. ക്ലാസിക്കല്‍ ഫാസിസത്തിന്റെ പ്രവണതകള്‍ പുതിയകാല ഫാസിസത്തിലും കാണാന്‍ കഴിയും. അതിനൊപ്പം തന്നെ പുതിയ ചില പ്രവണതകളും നവഫാസിസത്തില്‍ കാണാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ നവ ഉദാരവല്‍ക്കരണത്തിന്റെ പ്രതിസന്ധിയാണ് പുതിയ പ്രവണതകളിലൂടെ പുതിയ ഫാസിസ്റ്റ് രൂപമായി മാറുന്നത്. ഫാസിസ്റ്റ് പ്രത്യയശാസ്ത്രം ഒരു അപരനെ സൃഷ്ടിക്കുന്നു, ഒരു ശത്രുവിനെ പ്രഖ്യാപിക്കുന്നു. അത് മതമോ വംശമോ വിദേശികളോ കുടിയേറ്റക്കാരോ ആകാം. ആ ശത്രുവിനെ കേന്ദ്രീകരിച്ചാണ് പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. ഇന്ത്യയില്‍ അതിന്റെ മറ്റൊരു രൂപമാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രം. അത് നവഫാസിസത്തിന്റെ പുതിയ രൂപമായി കാണുന്നു. അതുകൊണ്ടാണ് പ്രമേയം നവഫാസിസം എന്ന് ഈ പ്രവണതയെ വിശേഷിപ്പിക്കുന്നത്.

കേരളത്തിലെ ഫാസിസം വിദഗ്ദ്ധരായ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ വിമര്‍ശിക്കുന്നത് കാണുമ്പോള്‍ അതിശയം തോന്നുകയാണ്. ഫാസിസം എന്ന പ്രയോഗം സിപിഎം ഉപേക്ഷിച്ചതായും അതിലൂടെ ബിജെപിയുമായുള്ള പോരാട്ടം സിപിഎം ഉപേക്ഷിച്ചുവെന്നും വി.ഡി.സതീശന്‍ പറഞ്ഞതായി പത്രങ്ങളില്‍ വായിച്ചു. മുന്‍ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ മോദി സര്‍ക്കാരിനെ ഫാസിസ്റ്റ് എന്ന് വിളിച്ചുവെന്നും ഇപ്പോള്‍ അതില്‍ നിന്ന് പിന്നോട്ടു പോകുകയാണ് സിപിഎം എന്നും സതീശന്‍ പറയുന്നു. 2018ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തില്‍ ഞങ്ങള്‍ പറഞ്ഞിരുന്നത് ഇവിടെ പുതിയ ഫാസിസ്റ്റ് ട്രെന്‍ഡുകള്‍ ഉയര്‍ന്ന് വരുന്നുണ്ട് എന്നാണ്. ഏഴ് വര്‍ഷത്തിന് ശേഷം പുതിയ ഫാസിസ്റ്റ് രീതികള്‍ കാണപ്പെടുന്നുണ്ടെന്നാണ് ഞങ്ങള്‍ പറയുന്നത്. ഉയര്‍ന്നു വരുന്നു എന്നല്ല.

പതിനൊന്ന് വര്‍ഷത്തെ മോദി ഭരണത്തില്‍ ഹിന്ദുത്വ അജണ്ട സ്ഥാപിക്കാനുള്ള ഊര്‍ജ്ജിതമായ ശ്രമത്തിലൂടെ ഇവിടെ നിയോ ഫാസിസം പ്രത്യക്ഷമായിരിക്കുന്നു. അതിനെ പ്രതിരോധിക്കേണ്ടിയിരിക്കുന്നു, അതിനെതിരെ പോരാടേണ്ടിയിരിക്കുന്നു. അപ്രകാരം ചെയ്തില്ലെങ്കില്‍ അത് പൂര്‍ണ്ണരൂപത്തിലുള്ള ഫാസിസമായി വളരും. ജനങ്ങളെ അതിന് പ്രാപ്തരാക്കണം. അതിനെ വഴി തിരിച്ചുവിടുന്നതിലൂടെ കോണ്‍ഗ്രസ് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. ബിജെപിയോടും ആര്‍എസ്എസിനോടും പോരാടുന്ന കാര്യത്തില്‍ ഇവിടുത്തെ കോണ്‍ഗ്രസില്‍ നിന്ന് ഞങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in