നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യണമെങ്കില്‍ നടപടികള്‍ എങ്ങനെ? രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കേണ്ടി വരുമോ, അതോ അയോഗ്യനാകുമോ?

നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യണമെങ്കില്‍ നടപടികള്‍ എങ്ങനെ? രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കേണ്ടി വരുമോ, അതോ അയോഗ്യനാകുമോ?
Published on

രജിസ്റ്റര്‍ ചെയ്യപ്പെട്ട മൂന്നാമത്തെ ബലാല്‍സംഗ കേസിലാണ് വളരെ പെട്ടെന്ന് സ്വീകരിച്ച നടപടികളിലൂടെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പാലക്കാട് കെപിഎം റീജന്‍സി ഹോട്ടലില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുത്ത് രാവിലെ പത്തനംതിട്ട എആര്‍ ക്യാമ്പില്‍ എത്തിച്ച് ചോദ്യം ചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മൂന്ന് ലൈംഗിക പീഡന പരാതികളില്‍ പ്രതിയാണെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു ജനപ്രതിനിധിയാണ്. നിയമസഭാംഗമായ രാഹുലിനെ അറസ്റ്റ് ചെയ്യുന്നതില്‍ എന്തെങ്കിലും പ്രത്യേക നടപടികള്‍ പൊലീസിന് സ്വീകരിക്കേണ്ടതായി വരുമോ? അറസ്റ്റിലായാല്‍ രാഹുലിന് അയോഗ്യതയുണ്ടാകാന്‍ സാധ്യതയുണ്ടോ? അതോ രാജി വെക്കേണ്ടി വരുമോ?

നിയമസഭാംഗം പ്രതിയായാല്‍

ഒരു നിയമസഭാഗം അഥവാ ജനപ്രതിനിധിക്ക് നിയമലംഘനം നടത്തിയാല്‍ അല്ലെങ്കില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ പ്രത്യേക പരിഗണനകളൊന്നും നിയമപരമായി ലഭിക്കില്ല. ജനപ്രതിനിധിയെ അറസ്റ്റ് ചെയ്യുന്നതിനും വിലക്കുകളില്ല. അതേസമയം മുന്‍കൂര്‍ ജാമ്യം തേടാനുള്ള സ്വാതന്ത്ര്യം ഏതൊരു സാധാരണ പൗരനും എന്നത് പോലെ ജനപ്രതിനിധിക്കും ലഭ്യമാണ്. അതു തന്നെയാണ് ആദ്യ രണ്ട് കേസുകളിലും രാഹുല്‍ സ്വീകരിച്ച മാര്‍ഗ്ഗം. ആദ്യ കേസില്‍ വിചാരണക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് തടയുകയും ചെയ്തിരിക്കുകയാണ്. രണ്ടാമത്തെ കേസില്‍ വിചാരണക്കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യം നല്‍കി. ഇതിന്റെ ആനുകൂല്യത്തിലാണ് ഒളിവിലായിരുന്ന രാഹുല്‍ പുറത്തു വന്നതും തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് വോട്ട് ചെയ്തതും. മൂന്നാമത്തെ കേസില്‍ പരാതിക്കാരിയുടെ മൊഴി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ രേഖപ്പെടുത്തിക്കൊണ്ട് വളരെ വേഗത്തില്‍ നടപടിയെടുക്കുകയാണ് പൊലീസ് ചെയ്തത്.

നിയമസഭാംഗത്തിന്റെ അറസ്റ്റിന് സ്പീക്കറുടെ അനുമതി വേണോ?

നിയമസഭയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ നിയമസഭാ സ്പീക്കറുടെ അനുമതി സഭാംഗത്തിന്റെ അറസ്റ്റിന് ആവശ്യമുണ്ടോ എന്നതാണ് ഉയരുന്ന ഒരു പ്രധാന ചോദ്യം. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന ഒരു പ്രതിനിധിയെയോ നിയമസഭക്കുള്ളിലോ കോമ്പൗണ്ടിലോ നില്‍ക്കുന്ന അംഗത്തെയോ പൊലീസിന് കടന്നു കയറി അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. അതിന് സ്പീക്കറുടെ അനുമതി ആവശ്യമാണ്. ഇപ്പോള്‍ രാഹുല്‍ അറസ്റ്റിലായിരിക്കുന്നത് മറ്റൊരു സ്ഥലത്തു വെച്ചായതുകൊണ്ട് അക്കാര്യം നിയമസഭയെ അറിയിക്കേണ്ടതുണ്ട്. നടപടിക്രമം അനുസരിച്ച് അറസ്റ്റ് ചെയ്തതായി പൊലീസ് സ്പീക്കറെ അറിയിക്കണം. അതിന് ശേഷം നിയമസഭാ സെക്രട്ടറിയേറ്റ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ഒരു ബുള്ളറ്റിന്‍ പുറത്തിറക്കും.

അറസ്റ്റിലായാല്‍ രാജി വെക്കേണ്ടി വരുമോ?

ജനപ്രതിനിധി അറസ്റ്റിലായാല്‍, അത് ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളിലാണെങ്കില്‍ രാജിവെക്കണോ എന്നത് ഒരു ധാര്‍മിക വിഷയമാണ്. ജനപ്രതിനിധിയോട് രാജിവെക്കാന്‍ അയാള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ആവശ്യപ്പെടാം. അല്ലെങ്കില്‍ ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ എംഎല്‍എക്ക് സ്വയം രാജിവെച്ച് അന്വേഷണത്തെ നേരിടാം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ ആദ്യ കേസുകളില്‍ പ്രതിയായപ്പോള്‍ കോണ്‍ഗ്രസ് രാജി ആവശ്യപ്പെട്ടിരുന്നില്ല. പകരം സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു. ഇപ്പോള്‍ രാഹുല്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസിന് ആവശ്യപ്പെടാമെങ്കിലും നിയമപരമായി രാഹുലിനെക്കൊണ്ട് രാജി വെപ്പിക്കാന്‍ സാധിക്കില്ല. അത് തന്നെയാണ് രാജി ആവശ്യപ്പെടാന്‍ അധികാരമില്ലെന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ പ്രതികരണം.

അറസ്റ്റിലായാല്‍ അയോഗ്യനാകുമോ?

എത്ര വലിയ കുറ്റകൃത്യമാണെങ്കിലും ജനപ്രതിനിധി അറസ്റ്റിലായാല്‍ അയാള്‍ക്ക് അയോഗ്യതയുണ്ടാവില്ല. കാരണം ഏത് കുറ്റമാണെങ്കിലും അയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത് വരെ നിരപരാധിയായാണ് നമ്മുടെ നിയമ വ്യവസ്ഥ കണക്കാക്കുന്നതെന്ന് മുന്‍ നിയമസഭാ സെക്രട്ടറിയായിരുന്ന ഡോ.എന്‍.കെ.ജയകുമാര്‍ പറയുന്നു. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ മുതലുള്ള ശിക്ഷകള്‍ ലഭിച്ചാല്‍ സ്വാഭാവികമായും ജനപ്രതിനിധി അയോഗ്യനാക്കപ്പെടും. ശിക്ഷാ വിധിയുടെ അടിസ്ഥാനത്തില്‍ നിയമസഭാ സെക്രട്ടറിയേറ്റ് ജനപ്രതിനിധി അയോഗ്യനാണെന്ന വിവരം ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കും. തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ആന്റണി രാജു എംഎല്‍എ ഇപ്രകാരമാണ് അയോഗ്യനാക്കപ്പെട്ടത്.

നിയമസഭക്ക് നടപടിയെടുക്കാനാകുമോ?

ക്രിമിനല്‍ കേസുകളില്‍ പ്രതിയാക്കപ്പെട്ടാല്‍ അംഗത്തിനെതിരെ നിയമയസഭക്ക് നടപടിയെടുക്കാന്‍ കഴിയുമോ എന്ന ചോദ്യവും ഉയരാരുണ്ട്. എന്നാല്‍ സഭക്ക് അതിന് അധികാരമില്ല എന്നതാണ് ഉത്തരം. ഒരാള്‍ക്കെതിരെ ഒരു കേസ് ചാര്‍ജ് ചെയ്തു എന്നതുകൊണ്ട് മാത്രം നടപടിയെടുക്കാന്‍ സഭക്കാവില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ വരുന്നതിനാല്‍ നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയെ സമീപിക്കുമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ കമ്മിറ്റിക്ക് ശിക്ഷാ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരമില്ലെന്നും ഡോ.എന്‍.കെ.ജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ചര്‍ച്ചയുണ്ടാകുമെങ്കിലും പ്രതിപക്ഷത്തു നിന്ന് കൂടി അംഗങ്ങളുള്ള സമിതി ഏറ്റവും ഉറപ്പുള്ള വിഷയങ്ങളില്‍ മാത്രമേ ഏകകണ്ഠമായ തീരുമാനങ്ങള്‍ എടുക്കാറുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in