ബൽറാം പുറത്തല്ല, അകത്ത്; സതീശൻ അറിയാത്ത ഡിജിറ്റൽ മീഡിയ സെല്ലിൽ തുടരും; കോൺ​ഗ്രസ് സൈബർ പോരാളികളുടെ ഓവർടൈം വർക്ക്

ബൽറാം പുറത്തല്ല, അകത്ത്;  സതീശൻ അറിയാത്ത ഡിജിറ്റൽ മീഡിയ സെല്ലിൽ തുടരും; കോൺ​ഗ്രസ് സൈബർ പോരാളികളുടെ ഓവർടൈം വർക്ക്
Published on
Summary

ബീഡി-ബിഹാര്‍ പോസ്റ്റ് വിവാദത്തില്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ തലവന്‍ വി.ടി.ബല്‍റാം രാജിവെച്ചെന്നും ഇല്ലെന്നും വാര്‍ത്തകള്‍. ഒന്നും സംഭവിച്ചില്ലെന്ന് കെപിസിസി പ്രസിഡന്റും ബല്‍റാമും. ഡിജിറ്റല്‍ മീഡിയ സെല്ലിനെക്കുറിച്ച് അറിയില്ലെന്ന് പ്രതിപക്ഷനേതാവ്.

ദേശീയ തലത്തില്‍ വിവാദമായ ബീഡി-ബിഹാര്‍ എക്‌സ് പോസ്റ്റിലൂടെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ എന്ന സംവിധാനം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. നിലവില്‍ സെല്ലിന്റെ ചുമതല കൈകാര്യം ചെയ്യുന്ന വി.ടി.ബല്‍റാമിന്റെ പേരും വിവാദത്തിലേക്ക് വരുന്നു. മുന്‍പും ഡിജിറ്റല്‍ മീഡിയ സെല്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. പെട്ടെന്നൊരു ദിവസം അനില്‍ ആന്റണിയെ ഡിജിറ്റല്‍ മീഡിയ സെല്‍ തലവനാക്കിയപ്പോളും പിന്നീട് അനില്‍ ആന്റണി ബിജെപിയില്‍ ചേക്കേറിയപ്പോളും അതിന് ശേഷം തലവനായ ഡോ.പി.സരിന്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിന് മുന്‍പായി കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തിനൊപ്പം പോയപ്പോളും ഡിജിറ്റല്‍ മീഡിയ സെല്‍ ചര്‍ച്ചയായി. അതിന് ശേഷം ചുമതലയേല്‍പ്പിച്ചത് സോഷ്യല്‍ മീഡിയ സാന്നിധ്യത്തിലൂടെ ശ്രദ്ധേയനായ കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാമിനെയായിരുന്നു. ഇപ്പോള്‍ ബല്‍റാമിന്റെ ഊഴമാണ്.

ബല്‍റാം രാജിവെക്കും, വെച്ചു, വെച്ചില്ല

ദേശീയ തലത്തില്‍ വിവാദമായി ബീഡി-ബിഹാര്‍ പോസ്റ്റ് മാറിയപ്പോള്‍ അതിന്റെ അലയൊലികള്‍ കേരളത്തിലേക്കും എത്തി. കോണ്‍ഗ്രസ് കേരള എക്‌സ് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്, വോട്ടര്‍ അധികാര്‍ യാത്ര നടത്തി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇളക്കി മറിച്ചിട്ടിരുന്ന ബിഹാറിലെ രാഷ്ട്രീയ ഭൂമിയില്‍ ചെറിയ തിരിച്ചടിയല്ല സൃഷ്ടിച്ചത്. ബിജെപി അതിനെ ആയുധമാക്കി പ്രചാരണം ആരംഭിച്ചു. രാഹുല്‍ ഗാന്ധിക്കൊപ്പം വോട്ടര്‍ അധികാര്‍ യാത്രയില്‍ ഉടനീളമുണ്ടായിരുന്ന തേജസ്വി യാദവ് കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലില്‍ നടപടി ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണമാണ് ആദ്യം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ബിഹാര്‍ പോസ്റ്റില്‍ ജാഗ്രതക്കുറവും അപാകതയും ഉണ്ടായതായി സണ്ണി ജോസഫ് പറഞ്ഞു. ഇതിനൊപ്പം വി.ടി.ബല്‍റാം സ്ഥാനമൊഴിയാന്‍ സന്നദ്ധനാണെന്ന് അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ വിഭാഗം പുനഃസംഘടിപ്പിക്കുമെന്നും കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചു.

ഇതോടെ ബല്‍റാം സ്ഥാനമൊഴിയുമെന്നും പിന്നീട് രാജി വെച്ചുവെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. പക്ഷേ സെപ്റ്റംബര്‍ 8 തിങ്കളാഴ്ച സണ്ണി ജോസഫ് പറയുന്നു, വിവാദമായ എക്‌സ് പോസ്റ്റിന്റെ പേരില്‍ ബല്‍റാം രാജിവെക്കുകയോ പാര്‍ട്ടി അദ്ദേഹത്തിന് എതിരെ നടപടിയെടുക്കുകയും ചെയ്തിട്ടില്ലെന്ന്. രണ്ടു ദിവസം പ്രതികരിക്കാതിരുന്ന ബല്‍റാം തന്നെ നേരിട്ട് ഫേസ്ബുക്കില്‍ കുറിക്കുന്നു, ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് താന്‍ മാറിയിട്ടോ മാറ്റപ്പെട്ടിട്ടോ ഇല്ലയെന്ന്. എക്‌സ് പ്ലാറ്റ്‌ഫോം കൈകാര്യം ചെയ്ത ടീമിന് പിഴവുണ്ടായപ്പോള്‍ തിരുത്തിക്കുക എന്ന സംഘടനാപരമായ നിലപാടാണ് സ്വീകരിച്ചതെന്ന്. ചുമതല ഒഴിയാന്‍ നേരത്തേ തന്നെ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് രണ്ടുപേരും ഒരേ സ്വരത്തില്‍ പറയുന്നു. ചുരുക്കത്തില്‍ രാഷ്ട്രീയ വിവാദത്തിന് കാരണമായ ബീഡി-ബിഹാര്‍ പോസ്റ്റിന് തല്‍ക്കാലം ഉത്തരവാദികളാരുമില്ല.

ഡിജിറ്റല്‍ സെല്ലിനെക്കുറിച്ച് അറിയാത്ത പ്രതിപക്ഷനേതാവ്

ഒരു ദിവസം മുന്‍പ്, അതായത് സെപ്റ്റംബര്‍ 7 ഞായറാഴ്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞതു കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. അങ്ങനെയൊരു ഡിജിറ്റല്‍ മീഡിയ പ്രവര്‍ത്തിക്കുന്നതായി അറിയില്ല, തനിക്ക് ഡിജിറ്റല്‍ മീഡിയയുമായി യാതൊരു ബന്ധവുമില്ല എന്നാണ് ഞായറാഴ്ച പ്രതികരണം തേടിയ മാധ്യമങ്ങളോട് സതീശന്‍ പറഞ്ഞത്. കേരളത്തിലെ കോണ്‍ഗ്രസിന് ഔദ്യോഗികമായി ഒരു സോഷ്യല്‍ മീഡിയ സംവിധാനം ഉള്ളതായി തനിക്ക് അറിയില്ലെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുകയാണ് സതീശന്‍. കെപിസിസി വൈസ് പ്രസിഡന്റായ ബല്‍റാമിനെ ഒരു സ്ഥാനത്തു നിന്നും പുറത്താക്കിയിട്ടില്ലെന്നും സതീശന്‍ പറയുന്നു. ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ആശയക്കുഴപ്പം നിലനില്‍ക്കുകയാണെന്ന സൂചനയാണോ നേതാക്കളുടെ വിപരീത ദിശയിലുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്? അതോ വിവാദ പോസ്റ്റിന് ഉത്തരവാദികളായവര്‍ പാര്‍ട്ടി നിയോഗിച്ചവരല്ലെന്ന് സ്ഥാപിക്കാനുള്ള നീക്കമോ?

മന്ത്രിയും തൃത്താല എംഎല്‍എയുമായ എം.ബി.രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ബല്‍റാമിനെ സംരക്ഷിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് അടക്കം രംഗത്തെത്തിയതെന്നതും കാണണം. ദേശീയ തലത്തില്‍ തിരിച്ചടിയായ വിവാദത്തില്‍ ഡിജിറ്റല്‍ മീഡിയ സെല്‍ തലവന് എതിരെ നടപടിയെടുക്കുമെന്ന തോന്നല്‍ ഉളവാക്കുകയാണ് ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ചെയ്തത്. എന്നാല്‍ കേരളത്തിലെ പാര്‍ട്ടിക്കുള്ളിലും അണികള്‍ക്കിടയിലും അത് തിരിച്ചടിയായേക്കാമെന്ന ഘട്ടത്തില്‍ നേതൃത്വം അങ്ങനെയൊരു നിലപാടില്ലെന്ന് തിരുത്തുകയും ചെയ്യുന്നു. വാസ്തവത്തില്‍ എന്തുതരം ആശയക്കുഴപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നതെന്ന് മാത്രമാണ് വ്യക്തമാകാത്തത്.

Related Stories

No stories found.
logo
The Cue
www.thecue.in