
കേരളത്തിന്റെ 20-ാമത് മുഖ്യമന്ത്രിയെന്നതിനേക്കാള്‍ ജനകീയ സമരങ്ങളുടെ നായകനായിരുന്ന കമ്യൂണിസ്റ്റ് എന്നതാണ് വിഎസിന്റെ ഐഡന്റിറ്റി. പാര്‍ലമെന്ററി രാഷ്ട്രീയത്തേക്കാളേറെ സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ച നേതാവ്.
സമരഭൂമിയായ പുന്നപ്രയില്‍ ജനനം, സമരം ജീവിതമാക്കിയ നേതാവ്, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്, സിപിഐഎം സ്ഥാപിച്ച നേതാക്കളിലെ അവസാന കണ്ണി. വിഎസ് എന്ന രണ്ടക്ഷരങ്ങളില്‍ അറിയപ്പെട്ട വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന്. കേരളത്തിന്റെ 20-ാമത് മുഖ്യമന്ത്രിയെന്നതിനേക്കാള്‍ ജനകീയ സമരങ്ങളുടെ നായകനായിരുന്ന കമ്യൂണിസ്റ്റ് എന്നതാണ് വിഎസിന്റെ ഐഡന്റിറ്റി. പാര്‍ലമെന്ററി രാഷ്ട്രീയത്തേക്കാളേറെ സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ച നേതാവ്. പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷനേതാവ്. നീട്ടിയും കുറുക്കിയുമുള്ള സംസാരത്തിലൂടെ സാധാരണക്കാര്‍ക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന ജനകീയന്‍.
1923 ഒക്ടോബര്‍ 20നാണ് വിഎസ് ജനിച്ചത്. നാലാം വയസില്‍ അമ്മയെ നഷ്ടമായി. പതിനൊന്നാം വയസില്‍ അച്ഛനും മരിച്ചു. പിന്നീട് സഹോദരന്റെ തണലിലായിരുന്നു അച്യുതാനന്ദന്റെ ജീവിതം. കടുത്ത പട്ടിണിയില്‍ ഏഴാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം. ചേട്ടന് ഗംഗാധരനില്‍ നിന്ന് തയ്യല്‍ ജോലി പഠിച്ചെടുത്തു. 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്വാതന്ത്ര്യ സമരം ശക്തമായിക്കൊണ്ടിരുന്ന കാലത്തായിരുന്നു രാഷ്ട്രീയ പ്രവേശം. രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടപെട്ട് സംസാരിക്കാന്‍ താല്പര്യം കാണിച്ചിരുന്ന വിഎസിനെ സഹോദരന് മുന്‍കയ്യെടുത്താണ് ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയില്‍ ജോലിക്ക് കയറ്റുന്നത്. അവിടെ തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ വിഎസ് ഇടപെട്ടു. കൂലിത്തര്‍ക്കവുമായി ബന്ധപ്പെട്ട് നടന്ന സമരത്തില്‍ വിഎസ് പങ്കെടുത്തു. അയ്യായിരത്തോളം തോഴിലാളികള്‍ പങ്കെടുത്ത സമരത്തിലൂടെ ഒരണ കൂലിയെന്ന അവകാശം നേടിയെടുത്തു.
കൃഷ്ണപിള്ളയുടെ നിര്‍ദേശ പ്രകാരമാണ് 1940ല്‍ വിഎസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്. അപ്പോള്‍ അച്യുതാനന്ദന് പ്രായം വെറും 17 വയസ്. വളരെ സജീവമായി സംഘടനാ പ്രവര്‍ത്തനത്തിലും തൊഴിലാളി പ്രശ്നങ്ങളിലും ഇടപെട്ടിരുന്ന വിഎസിനെ കൃഷ്ണപിള്ള കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളിലേക്ക് ഇറക്കി വിട്ടു
കമ്പനിയിലെ സമരത്തില്‍ വിഎസ് ആവേശപൂര്‍വ്വം പങ്കെടുക്കുന്നത് അവിടെയെത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് സാക്ഷാല്‍ പി.കൃഷ്ണപിള്ളയുടെ ശ്രദ്ധയില്‍ പതിഞ്ഞു. പിന്നീട് കൃഷ്ണപിള്ളയുടെ നിര്‍ദേശ പ്രകാരമാണ് 1940ല്‍ വിഎസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്. അപ്പോള്‍ അച്യുതാനന്ദന് പ്രായം വെറും 17 വയസ്. വളരെ സജീവമായി സംഘടനാ പ്രവര്‍ത്തനത്തിലും തൊഴിലാളി പ്രശ്നങ്ങളിലും ഇടപെട്ടിരുന്ന വിഎസിനെ കൃഷ്ണപിള്ള കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളിലേക്ക് ഇറക്കി വിട്ടു. പാര്‍ട്ടി നിര്‍ദേശ പ്രകാരം ജോലി ഉപേക്ഷിച്ച് വിഎസ് അങ്ങനെ കര്‍ഷകത്തൊഴിലാളി സമരങ്ങളുടെ ഭാഗമാകുന്നു. തൊഴിലാളികളെ അടിമകളെപ്പോലെ കണക്കാക്കിയിരുന്ന കാലഘട്ടം. ജോലി സമയം നിശ്ചയിച്ചിട്ടില്ല, പണിക്കൂലിയും തൊഴിലാളികള്‍ക്ക് നല്കുന്ന നെല്ലിന്റെ അളവും വളരെ കുറവ്. ജന്മിമാര് തീരുമാനിക്കുന്നത് അനുസരിച്ചുള്ള കൂലി മാത്രം. എതിര്‍ത്താല്‍ ക്രൂര മര്‍ദ്ദനങ്ങള്‍. കുട്ടനാട്ടിലെ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ വിഎസ് മുന്നിട്ടിറങ്ങി. സ്ത്രീ തൊഴിലാളികളുടെ സമരത്തിലേക്ക് കാര്യങ്ങളെത്തി.
1946ല്‍ ദിവാന് ഭരണത്തിനും രാജവാഴ്ചക്കും എതിരെ സ്വന്തം നാടായ പുന്നപ്രയിലും വയലാറിലും പ്രക്ഷോഭം നടക്കുമ്പോള്‍ വിഎസിനെ പൊലീസ് തെരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പാര്‍ട്ടി നിര്‍ദേശ പ്രകാരം വിഎസ് പൂഞ്ഞാറില്‍ ഒളിവില്‍ കഴിയുകയായിരുന്നു. എന്നാര് സമരത്തിനിടെ രഹസ്യമായി രാത്രികളില്‍ പുന്നപ്രയില്‍ അദ്ദേഹം എത്തിയിരുന്നു. ഒക്ടോബര്‍ 23ന് പുന്നപ്രയില്‍ വെടിവെപ്പുണ്ടാകുന്നു. അവിടേക്ക് എത്താന്‍ വിഎസിന് സാധിച്ചില്ല. പിന്നീട് പൂഞ്ഞാറിലേക്ക് പോയ വിഎസിനെ അവിടെ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 27ന് വയലാറില്‍ വെടിവെപ്പ് നടക്കുമ്പോള്‍ വിഎസ് ലോക്കപ്പില്‍ ക്രൂര മര്‍ദ്ദനത്തിന് വിധേയനാവുകയായിരുന്നു.
1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഐഎം രൂപീകരിക്കുമ്പോള്‍ സിപിഐ ദേശീയ കൗണ്‍സില്‍ വിട്ട് ഇറങ്ങിയ 32 നേതാക്കളില്‍ ഒരാളായിരുന്നു വിഎസ്. സിപിഎം രൂപീകരണത്തിന് ശേഷം ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന സ്ഥാപക നേതാവും
വിഎസിന്റെ സംഘടനാ പാടവം പടിപടിയായി പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വിഎസിനെ എത്തിച്ചു. 1952ല്‍ സിപിഐ ആലപ്പുഴ ഡിവിഷന് സെക്രട്ടറിയായി. തുടര്‍ന്ന് 54ല്‍ സംസ്ഥാന സമിതിയിലേക്ക്. 1956ല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ആലപ്പുഴ ജില്ലാ സെക്രട്ടറി എന്നീ പദവികളില്‍ 59ല്‍ ദേശീയ കൗണ്‍സിലിലേക്ക്. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഐഎം രൂപീകരിക്കുമ്പോള്‍ സിപിഐ ദേശീയ കൗണ്‍സില്‍ വിട്ട് ഇറങ്ങിയ 32 നേതാക്കളില്‍ ഒരാളായിരുന്നു വിഎസ്. സിപിഎം രൂപീകരണത്തിന് ശേഷം ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന സ്ഥാപക നേതാവും.
1964മുതല്‍ 1970വരെ ആലപ്പുഴ ജില്ലാ സെക്രട്ടറി. 1980 മുതല്‍ 91 വരെ സംസ്ഥാന സെക്രട്ടറി, 86 മുതല്‍ 2009 വരെ പോളിറ്റ് ബ്യൂറോ അംഗം എന്നീ ചുമതലകള്‍ വഹിച്ചു. 1992-96, 2001-2006, 2011-2016 കാലയളവുകളില്‍ പ്രതിപക്ഷനേതാവായി. 2006 മുതല്‍ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായി. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ 83 വയസുണ്ടായിരുന്ന അദ്ദേഹം കേരളത്തിലെ പ്രായമേറിയ മുഖ്യമന്ത്രിയെന്ന റെക്കോഡിനും ഉടമയായി. 2016ല്‍ ഇടതുപക്ഷം വിജയിച്ച് പിണറായി വിജയന് മുഖ്യമന്ത്രിയായപ്പോള്‍ ഭരണ പരിഷ്കാര കമ്മീഷന് ചെയര്‍മാനായി നിയമിതനായി.
പ്രതിപക്ഷ നേതാവായിരിക്കെ വിഎസ് പങ്കെടുത്ത ജനകീയ സമരങ്ങള്‍ അദ്ദേഹത്തിന്റെ ജനപ്രീതി ഉയര്‍ത്തി. മതികെട്ടാനിലും പ്ലാച്ചിമടയിലും ഇടമലയാറിലും വ്യക്തമായ നിലപാടെടുത്തു. മതികെട്ടാനിലെ ആളുകേറാ വനത്തില്‍ കയ്യേറ്റങ്ങള്‍ നേരിട്ട് കാണാന്‍ വിഎസ് പ്രായാധിക്യം വകവെക്കാതെ നടന്നെത്തി. അതിനും മുന്‍പ് കുട്ടനാട്ടിലെ നിലംനികത്തലിന് എതിരെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തെ വെട്ടിനിരത്തല്‍ സമരം എന്ന പേരില്‍ മാധ്യമങ്ങള്‍ ചിത്രീകരിച്ചെങ്കിലും സമരം നടന്ന ഭൂമിയില്‍ അടക്കം നെല്‍കൃഷി പുനസ്ഥാപിക്കാന്‍ കഴിഞ്ഞെന്നത് ആ പ്രദേശത്തിന്റെ ചരിത്രമാണ്. ഇന്ത്യയില്‍ തന്നെ ഒരു അഴിമതിക്കേസില്‍ ഒരു മുന്‍ മന്ത്രി ആദ്യമായി ശിക്ഷിക്കപ്പെടുന്നത് ഇടമലയാര്‍ കേസിലാണ്. ആര്.ബാലകൃഷ്ണപിള്ള കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ആ കേസില്‍ പരാതിക്കാരന് വിഎസ് ആയിരുന്നു. മുഖ്യമന്ത്രിയായിരിക്കെ മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെടുത്ത ശക്തമായ നടപടികള്‍ പാര്‍ട്ടിക്കുള്ളിലും അദ്ദേഹത്തിന് ശത്രുക്കളെ സൃഷ്ടിച്ചു.
സൂര്യനെല്ലി, ഐസ്ക്രീം പാര്‍ലര്‍, കിളിരൂര്‍ സ്ത്രീപീഡനക്കേസുകളില്‍ വിഎസ് ഇടപെട്ടു. പാര്‍ട്ടി ആരോപണം നേരിട്ട ടി.പി.ചന്ദ്രശേഖരന് വധത്തിന് ശേഷം കെ.കെ.രമയെ കാണാന്‍ നേരിട്ടെത്തി. പോളിറ്റ് ബ്യുറോയില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും പലഘട്ടത്തിലും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചപ്പോഴുമൊക്കെ വിഎസ് അനുകൂല പ്രകടനങ്ങള്‍ നടത്താന്‍ അണികള്‍ തയ്യാറായതിന് കാരണം ഈ ജനപ്രീതിയായിരുന്നു. കമ്യൂണിസ്റ്റ് ആയിരിക്കുക, ജീവിതത്തെ സമരമായി കാണുക ഇതൊക്കെയായിരുന്നു വി.എസ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ജനലക്ഷങ്ങളുടെ കണ്ണും കരളുമായി മാറിയത്.