വിഴിഞ്ഞത്തേത് കലാപശ്രമമെന്ന് സിപിഎം, അക്രമത്തിന് പിന്നില്‍ ബാഹ്യശക്തികളെന്ന് സമരസമിതി; കനത്ത പൊലീസ് കാവല്‍

വിഴിഞ്ഞത്തേത് കലാപശ്രമമെന്ന് സിപിഎം, അക്രമത്തിന് പിന്നില്‍ ബാഹ്യശക്തികളെന്ന് സമരസമിതി; കനത്ത പൊലീസ് കാവല്‍

വിഴിഞ്ഞത്ത് പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തവര്‍ പൊലീസുകാരെ സ്റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയതായി എഫ് ഐ ആറിലുണ്ട്. ഞായറാഴ്ച രാത്രിയാണ് കസ്റ്റഡിയിലുള്ള സമരസമിതി പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ വളഞ്ഞത്. ഒരു കൂട്ടം ആളുകള്‍ സ്റ്റേഷനിലേക്ക് ഇരച്ചെത്തി മരത്തടി പൊലീസ് സ്റ്റേഷന്റെ മുന്‍ഭാഗം അടിച്ചുതകര്‍ത്തും. 36 പൊലീസുകാര്‍ക്കാണ് സംഭവത്തില്‍ പരുക്കേറ്റത്.

വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നില്‍ സംഘടിച്ചെത്തിയവര്‍ക്ക് നേരെ മൂന്നുതവണ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ല. തുടര്‍ന്ന് ദ്രുതകര്‍മസേന ഉള്‍പ്പെടെ കൂടുതല്‍ പോലീസ് സേനയെത്തി ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ഞായറാഴ്ച രാത്രി നാല് മണിക്കൂറിലേറെ നീണ്ട സംഘർഷത്തിന് ശേഷം വിഴിഞ്ഞം സാധാരണ നിലയിലാണ്. പ്രദേശത്ത് കനത്ത പൊലീസ് കാവൽ തുടുരുന്നുണ്ട്.

അക്രമണം അഴിച്ചുവിട്ടത് ബാഹ്യശക്തികളെന്ന് സമരസമിതി

വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടായെന്ന് വിഴിഞ്ഞം സമരസമിതി ചെയര്‍മാന്‍ ഫാ. യൂജിന്‍ പെരേര ഇന്ന് പ്രതികരിച്ചത്. അദാനിയുടെ ഏജന്റുമാര്‍ ആക്രമമ സംഭവങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് സമര സമിതിയുടെ ആരോപണം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ മനസിലാകുമെന്നും സമരം പൊളിക്കാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ തിരക്കഥയാണ് ഞായറാഴ്ച രാത്രിയുണ്ടായ സംഘര്‍ഷമെന്നും യൂജിന്‍ പെരേര.

ആര്‍ച്ച് ബിഷപ്പും സഹായ മെത്രാനും 26ന് നടന്ന സമരത്തില്‍ സമരപ്പന്തലില്‍ വന്നിട്ടില്ല. എന്റെ പേരില്‍ കേസെടുത്താല്‍ എനിക്ക് കുഴപ്പമില്ല. പോലീസ് പിടികൂടിയ സെല്‍ട്ടണ്‍ ഈ സംഭവങ്ങളിലൊന്നും പങ്കാളിയല്ല. എന്നാല്‍ അദ്ദേഹത്തെ ഇന്നലെ ഉച്ചയോടെ അദ്ദേഹത്തെ പോലീസ് തട്ടിക്കൊണ്ടുപോവുകയായിരുന്നു. അദ്ദേഹത്തെ വിടണമെന്നുള്ള ഞങ്ങളുടെ അപേക്ഷ പോലീസ് കേട്ടില്ലെന്നും ഫാദര്‍ യൂജിന്‍ പെരേര. സെല്‍ട്ടന്റെ അകാരണമായി അറസ്റ്റ് ചെയ്തത് അന്വേഷിക്കാന്‍ വിഴിഞ്ഞം ഇടവകയില്‍ പൊലീസ് സ്റ്റേഷനിലെത്തിയവരെയും പൊലീസ് പിടിച്ചുവച്ചതായി ഫാദര്‍ പെരേര. ആദ്യം സ്ത്രീകളാണ് സ്റ്റേഷനിലേക്ക് വന്നത്. അവര്‍ സമാധാനത്തോടെയാണ് സമരം ചെയ്തത്. പിന്നീട് ബാഹ്യശക്തികള്‍ തൊട്ടടുത്ത കെട്ടിടത്തില്‍ നിന്ന് കല്ലെറിയുകയായിരുന്നു.

പരിക്കേറ്റ പോലീസുകാരെ പുറത്തുകൊണ്ടുപോവാന്‍ പറ്റാത്ത സാഹചര്യമുണ്ടായെന്ന് കമ്മീഷണര്‍

അക്രമ സംഭവങ്ങളില്‍ 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് എഫ് ഐ ആറിലുള്ളത്. വിഴിഞ്ഞം ആക്രമണത്തില്‍ കണ്ടാലറിയാവുന്ന 3,000 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കല്‍, ലഹളയുണ്ടാക്കല്‍, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അതേ സമയം പരിക്കേറ്റ പോലീസുകാരെ പുറത്തുകൊണ്ടുപോവാന്‍ പറ്റാത്ത സാഹചര്യമാണ് സംഭവ സ്ഥലത്ത് ഉണ്ടായതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഐപിഎസ് മാധ്യമങ്ങളോട് പറഞ്ഞു. പോലീസുകാര്‍ സ്റ്റേഷനില്‍നിന്ന് പുറത്തുവന്ന സമയത്ത് കല്ലേറുണ്ടായി. അതിനുശേഷമാണ് ആവശ്യമായ നടപടികളിലേക്ക് പോയതെന്നും കമ്മീഷണര്‍. വിഴിഞ്ഞം സമരത്തില്‍ നവംബര്‍ 26ന് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളുള്‍പ്പെടെ രണ്ടായിരത്തോളം മത്സ്യത്തൊഴിലാളികള്‍ ഞായറാഴ്ച രാത്രി പോലീസ് സ്റ്റേഷന്‍ വളയുകയായിരുന്നു.

ആര്‍ച്ച് ബിഷപ്പിനെ പ്രതിയാക്കിയത് നിയമപരമായെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍. പൊലീസ് നടപടികളില്‍ വീഴ്ചയുണ്ടായിട്ടില്ല. സ്ഥിതി നിയന്ത്രണവിധേയമാണ്. കസ്റ്റഡിയിലെടുത്തവരെ വിട്ടത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയതിനാലാണെന്നും കമ്മിഷണര്‍ പറഞ്ഞു. സമരക്കാര്‍ക്കുനേരെ പൊലീസ് കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്ന സമരക്കാരുടെയും ലത്തീന്‍ സഭയുടെയും ആരോപണം നിഷേധിച്ച് പൊലീസ്. മൂന്നുമണിക്കൂറോളം സംയമനം പാലിച്ചശേഷമാണ് പൊലീസ് നടപടി തുടങ്ങിയത്. സമരക്കാര്‍ തുടക്കം മുതല്‍ പ്രകോപനപരമായാണ് പെരുമാറിയത്. നാല്‍പ്പതിലേറെ പൊലീസുകാരെ ആക്രമിച്ചു.

സമരം ചെയ്തത് കൊണ്ട് അദാനിക്കുണ്ടായ 200 കോടി രൂപയുടെ നഷ്ടം ലത്തീന്‍ സഭയില്‍ നിന്നും ഈടാക്കണമെന്ന സര്‍ക്കാര്‍ തീരുമാനം നീതീകരിക്കാനാകില്ല. അങ്ങനെയെങ്കില്‍ സമരം ചെയ്തതിലൂടെ 50 കൊല്ലത്തിനിടെ കേരളത്തിനുണ്ടായ നഷ്ടം സി.പി.എമ്മില്‍ നിന്നും ഈടാക്കേണ്ടി വരും. അക്രമസമരങ്ങളിലൂടെ സി.പി.എം സംസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം നികത്താന്‍ എ.കെ.ജി സെന്ററും സെക്രട്ടേറിയറ്റും വിറ്റാല്‍ പോലും തികയില്ല. എന്തിനാണ് മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ ഇങ്ങനെ പ്രകോപിപ്പിക്കുന്നത്. അവര്‍ ജീവിക്കാന്‍ നിവൃത്തിയില്ലാത്ത പാവങ്ങളല്ലേ. എത്രയും വേഗം അവരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കാന്‍ തയാറാകണം.

വി.ഡി.സതീശന്‍

അക്രമത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിന്: വി.ഡി.സതീശന്‍

വിഴിഞ്ഞത്തുണ്ടായ അക്രമസംഭവങ്ങളെ പ്രതിപക്ഷം ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. ഇന്നലെയുണ്ടായ അക്രമങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് വി.ഡി.സതീശന്‍ സമരം ചെയ്തതിന് ആര്‍ച്ച് ബിഷപ്പിനും സഹായമെത്രാനും എതിരെ ഗൂഡാലോചനക്കുറ്റം ചുമത്തി ഒന്നും രണ്ടും പ്രതികളാക്കിയത് സമരക്കാരെ മനപൂര്‍വം പ്രകോപിപ്പിച്ച് അക്രമമുണ്ടാക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ്. സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ച് ചേര്‍ന്ന് വിഴിഞ്ഞം സമരം പൊളിക്കാന്‍ നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സമരങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സാമാന്യബുദ്ധി കാട്ടണം. തീരദേശവാസികള്‍ വൈകാരികമായി പ്രതികരിക്കുന്നവരാണ്. അവരെ പ്രകോപിപ്പിക്കാതെ ചര്‍ച്ച് ചെയ്ത് പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഈഗോ കാട്ടുന്നത്. ഇത് രാജഭരണമോ മുഖ്യമന്ത്രി മഹാരാജാവോ അല്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധിയാണ് മുഖ്യമന്ത്രി. അങ്ങനെയുള്ള മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നാല് വര്‍ഷമായി സിമന്റ് ഗോഡൗണില്‍ കഴിയുന്ന പാവങ്ങളെ പുനരധിവസിപ്പിക്കാനുള്ള ബാധ്യതയുണ്ട്. തീരദേശവാസികള്‍ വികസനത്തിന്റെ ഇരകളാണ്. അവരെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുകയാണ്.

കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം: സിപിഎം

അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സമരത്തിന്റെ പേരില്‍ നടക്കുന്നതെന്നാണ് സിപിഎം പ്രതികരിച്ചത്.. ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികള്‍ കലാപം ലക്ഷ്യംവെച്ച് അക്രമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ്. പൊലീസ് സ്റ്റേഷന്‍ തന്നെ തകര്‍ക്കുന്ന സ്ഥിതിയുണ്ടായി. നിയമവാഴ്ചയെ കൈയ്യിലെടുക്കാനും, കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങളാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറിയറ്റ്. ഇവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകണം. ഒപ്പം ചില സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കിവിടുന്നവരെ തുറന്നുകാണിക്കാനും കഴിയേണ്ടതുണ്ടെന്നും സിപിഎം.

കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സമരത്തിന്റെ പേരില്‍ നടക്കുന്നത്. ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികള്‍ കലാപം ലക്ഷ്യംവെച്ച് അക്രമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ്. പൊലീസ് സ്റ്റേഷന്‍ തന്നെ തകര്‍ക്കുന്ന സ്ഥിതിയുണ്ടായി. നിയമവാഴ്ചയെ കൈയ്യിലെടുക്കാനും, കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങളാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

സിപിഐഎം

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന

വിഴിഞ്ഞം മേഖലയില്‍ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങള്‍ അവസാനിപ്പിക്കണം. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഭവങ്ങള്‍ അത്യന്തം ഗൗരവതരവും, അപലപനീയവുമാണ്. സമരം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സമരത്തിന്റെ പേരില്‍ നടക്കുന്നത്. ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികള്‍ കലാപം ലക്ഷ്യംവെച്ച് അക്രമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ്. പൊലീസ് സ്റ്റേഷന്‍ തന്നെ തകര്‍ക്കുന്ന സ്ഥിതിയുണ്ടായി. നിയമവാഴ്ചയെ കൈയ്യിലെടുക്കാനും, കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങളാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകണം. ഒപ്പം ചില സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കിവിടുന്നവരെ തുറന്നുകാണിക്കാനും കഴിയേണ്ടതുണ്ട്. കേരളത്തിന്റെ വികസനത്തിന് പ്രധാനമായ പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുമ്പോള്‍ അവയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി നടക്കുകയാണ്. കൂടംകുളം പദ്ധതി, നാഷണല്‍ ഹൈവേയുടെ വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങിയവയിലെല്ലാം ഇത്തരം എതിര്‍പ്പുകള്‍ ഉയര്‍ന്നുവരികയും, ശക്തമായ നടപടികളിലൂടെ അത് നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റേയും, വിശിഷ്യാ തിരുവനന്തപുരത്തിന്റേയും വികസനത്തിന് ഏറെ പ്രാധാന്യമുള്ളതാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കുക എന്നത്. ഇതിന്റെ തുടര്‍ച്ചയായി വ്യവസായ ഇടനാഴി വികസിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. മത്സ്യത്തൊഴിലാളി മേഖലയില്‍ ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്നുവന്ന ആശങ്കകളെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കുകയും, സാധ്യമായ ഇടപെടലുകളെല്ലാം സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ളതുമാണ്. ഇപ്പോള്‍ സമരരംഗത്തുള്ള ചെറുവിഭാഗവുമായും ചര്‍ച്ച നടത്താനും, പ്രശ്നം പരിഹരിക്കാനുമുള്ള നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതുമാണ്. ചില സ്ഥാപിത താല്‍പര്യങ്ങളാണ് ഇതിന് തടസ്സമായി നിന്നത്. വിഴിഞ്ഞം പദ്ധതിയെ നാടിന്റെ വികസനത്തിന് പ്രധാനമാണെന്ന് കണ്ടറിഞ്ഞ് എക്കാലവും പാര്‍ടി പിന്തുണച്ചിട്ടുള്ളതാണ്. അതേ സമയം പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതിയുടെ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ അതിനെതിരെ നിലപാട് സ്വീകരിച്ചിട്ടുമുണ്ട്. കരാറുകള്‍ യാഥാര്‍ത്ഥ്യമായ സാഹചര്യത്തില്‍ പദ്ധതി പ്രായോഗികമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ വികസനത്തില്‍ കേരളത്തിലെ മുഴുവന്‍ ജനതയും യോജിച്ച് നില്‍ക്കുകയെന്നത് പ്രധാനമാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ യോജിപ്പിച്ച് നിര്‍ത്തുകയെന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മത്സ്യമേഖലയില്‍ അവയെ സംരക്ഷിക്കുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങളുടെ പരമ്പര തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലുള്ള പിന്തുണ ആ മേഖലയില്‍ ആര്‍ജ്ജിക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കടലോര മേഖലയിലെ വികസന പ്രവര്‍ത്തനത്തിന്റെ ഫലമായി സര്‍ക്കാര്‍ നേടിയ അംഗീകാരം തകര്‍ക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ ഇടപെടലുകളും ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യം ജനങ്ങളില്‍ എത്തിക്കുന്നതിനും, വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാനും ശക്തമായ ക്യാമ്പയിന്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in