യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോക്കായി വിവരാവകാശ പോരാട്ടം; സംഭവിച്ചതെന്ത്?

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോക്കായി വിവരാവകാശ പോരാട്ടം; സംഭവിച്ചതെന്ത്?
Published on

തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുറത്തു വന്നത്. 2023 ഏപ്രില്‍ 5ന് നടന്ന സംഭവത്തില്‍ പൊലീസ് ഒളിപ്പിച്ച ദൃശ്യങ്ങളാണ് വിവരാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് പുറത്തു വന്നത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിന്റെയും നാല് പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഇവ. മര്‍ദ്ദനത്തില്‍ സുജിത്തിന്റെ കേള്‍വിശക്തിക്ക് തകരാര്‍ സംഭവിച്ചിരുന്നു. സംഭവത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസെടുത്തു.

സംഭവിച്ചതെന്ത്?

2023 ഏപ്രില്‍ 5നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വഴിയരികില്‍ നിന്ന യുവാക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്ത സുജിത്ത് ഇക്കാര്യം ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ പൊലീസ് സംഘം സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എസ്‌ഐ നുഹ്‌മാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സ്‌റ്റേഷനില്‍ എത്തിച്ച സുജിത്തിനെ എസ്‌ഐ, സിപിഒമാരായ സജീവന്‍, ശശീന്ദ്രന്‍, സന്ദീപ് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സ്റ്റേഷനുള്ളിലും കെട്ടിടത്തില്‍ സിസിടിവി ഇല്ലാത്ത മുകള്‍ നിലയിലും കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന് സുജിത്ത് പറയുന്നു.

മദ്യപിച്ച് പൊലീസിനെ മര്‍ദ്ദിച്ചു, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത് റിമാന്‍ഡ് ചെയ്യാനായിരുന്നു പൊലീസ് ശ്രമിച്ചതെങ്കിലും മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സുജിത്തിന് കോടതി ജാമ്യം നല്‍കി. പിന്നീട് സുജിത്ത് പരാതിയുമായി മുന്നോട്ടു പോയെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. പിന്നീട് കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സുജിത്ത് നല്‍കിയ ഹര്‍ജിയില്‍ പൊലീസുകാര്‍ക്കെതിരെ കോടതി നേരിട്ട് കേസെടുക്കുകയായിരുന്നു.

തെളിവിനായി സിസിടിവി വിഡിയോ ലഭിക്കുന്നതിന് സുജിത്ത് അപേക്ഷ നല്‍കിയെങ്കിലും അത് നല്‍കാന്‍ പൊലീസ് തയ്യാറായില്ല. വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയിട്ടും ദൃശ്യങ്ങള്‍ കിട്ടാത്തതിനെ തുടര്‍ന്ന് സുജിത്ത് നല്‍കിയ അപ്പീലില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചാണ് ഇപ്പോള്‍ ദൃശ്യങ്ങള്‍ ലഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in