വി ഫോര്‍ പിപ്പിള്‍ തൃക്കാക്കരയിലും എറണാകുളത്തും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, നിപുണ്‍ ചെറിയാന്‍ കൊച്ചി മണ്ഡലത്തില്‍

വി ഫോര്‍ പിപ്പിള്‍ തൃക്കാക്കരയിലും എറണാകുളത്തും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, നിപുണ്‍ ചെറിയാന്‍ കൊച്ചി മണ്ഡലത്തില്‍
Published on

വി ഫോര്‍ കൊച്ചിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വി ഫോര്‍ പിപ്പിള്‍ കൊച്ചിക്ക് പുറമേ എറണാകുളത്തും തൃക്കാക്കരയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സംഘടനയുടെ നേതാവ് നിപുണ്‍ ചെറിയാനാണ് കൊച്ചി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. എറണാകുളത്ത് സുജിത് സുകുമാരനും തൃക്കാക്കരയില്‍ റിയാസ് യൂസഫും മത്സരിക്കുമെന്ന് വി ഫോര്‍ പിപ്പിള്‍ നേതാക്കള്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനിലേക്ക് വി ഫോര്‍ കൊച്ചിയുടെ ബാനറില്‍ ഈ കൂട്ടായ്മ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു.

യുവതലമുറ നിശ്ബദമായിരുന്നാല്‍ നാട് കുട്ടിച്ചോറാകുമെന്നും ഈ സാഹചര്യത്തിലാണ് മത്സരരംഗത്തെത്തുന്നതെന്നും സ്ഥാനാര്‍ത്ഥികള്‍. നിപുണ്‍ ചെറിയാനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. യുവാക്കളുടെ രാഷ്ട്രീയ മുന്നേറ്റമാണ് സംഘടനയുടെ ലക്ഷ്യമെന്നും വി ഫോര്‍ പിപ്പിള്‍.

ജനുവരി 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാനിരുന്ന വൈറ്റില-കൊച്ചി മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്നുകൊടുത്തെന്ന കേസില്‍ വി.ഫോര്‍ കേരളാ കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍ ഉള്‍പ്പെടെ അറസ്റ്റിലായിരുന്നു. ഡിസംബര്‍ 31 പാലം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ സമരം നടത്തിയെങ്കിലും ചൊവ്വാഴ്ച പാലം തുറന്നത് വി ഫോര്‍ കൊച്ചി(വി ഫോര്‍ കേരള) പ്രവര്‍ത്തകരല്ലെന്ന് പിന്നീട് സംഘടനാ ഭാരവാഹികള്‍ വിശദീകരിച്ചു.

വൈപ്പിന്‍,തൃപ്പുണിത്തുറ, കളമശേരി മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് വി ഫോര്‍ പിപ്പിള്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in