
നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.വി പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലർച്ചെയായിരുന്നു മരണം. മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഡി.സി.സി. പ്രസിഡന്റ് കൂടിയായിരുന്നു.
രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് എടക്കരയിലെ വീട്ടില്‍നിന്ന് എടക്കരയില്‍ തന്നെയുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് അന്ത്യം. നിലമ്പൂരിൽ വി.വി പ്രകാശ് വിജയിക്കുമെന്ന കണക്കൂകൂട്ടലിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ.
ഹൈസ്‌കൂള്‍ പഠനകാലത്തു തന്നെ കെ എസ്.യു പ്രവര്‍ത്തകനായിരുന്നു. ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തിൽ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖർ അനുശോചനം അറിയിച്ചു.
നിലമ്പൂർ എം.എൽ.എയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ പി.വി അൻവറും വി.വി പ്രകാശിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. അവിശ്വസനീയം…പ്രിയ സുഹൃത്ത് ശ്രീ വി.വി പ്രകാശിന് കണ്ണീരോടെ വിട…ആദരാഞ്ജലികള്‍’ എന്നാണ് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എടക്കര പരേതനായ കുന്നുമ്മല്‍ കൃഷ്ണന്‍ നായരുടെയും സരോജിനിയമ്മയുടെയും മകനാണ് പ്രകാശ്.